Enter your Email Address to subscribe to our newsletters

Kasaragod , 23 ഏപ്രില് (H.S.)
വേനൽചൂട് കടുക്കുന്നതിനിടെ സംസ്ഥാനത്ത് ആദ്യമായി ഉഷ്ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് 'ഓറഞ്ച് അലെർട്' പ്രഖ്യാപിച്ചിരിക്കുന്നത്. സാധാരണ താപനിലയേക്കാൾ 4.5 ഡിഗ്രി സെൽഷ്യസിനും മുകളിൽ ചൂട് ഉയരുന്ന പശ്ചാത്തലത്തിലാണ് ഈ അതീവ ജാഗ്രതാനിർദേശം.
പാലക്കാട് താപനില 41 ഡിഗ്രി സെൽഷ്യസ് കൊല്ലവും തൃശൂരും 40 ഡിഗ്രി സെൽഷ്യസ് ആണ് ഉയർന്ന താപനില പ്രതീക്ഷിക്കുന്നത്. കടുത്ത ചൂടിനുള്ള സാധ്യയാണ് ഈ ജില്ലകളിൽ പ്രവചിക്കുന്നത്. സാധാരണയായി സമതലങ്ങളിൽ പരമാവധി താപനില 40° സെൽഷ്യസും, തീരപ്രദേശങ്ങളിൽ കുറഞ്ഞത് 30 °സെൽഷ്യസും, മലയോര പ്രദേശങ്ങളിൽ 37°സെൽഷ്യസും എത്തുമ്പോഴാണ് ഉഷ്ണ തരംഗം സ്ഥിരീകരിക്കുന്നത്. പരമാവധി താപനില സാധാരണയിൽ നിന്ന് 6.4 ഡിഗ്രി സെൽഷ്യസിന് മുകളിലാകുമ്പോൾ അത് കടുത്ത ഉഷ്ണതരംഗമായി കണക്കാക്കുന്നു.
എന്താണ് ഉഷ്ണതരംഗം?
അന്തരീക്ഷതാപനില ക്രമാതീതമായി ഉയരുകയും അത് മനുഷ്യശരീരത്തിൻ്റെ സാധാരണ പ്രവർത്തനങ്ങളെ ബാധിക്കുകയും ചെയ്യുന്ന അവസ്ഥയാണിത്. വായുവിൽ ഈർപ്പം (Humidity) കൂടുമ്പോൾ അനുഭവപ്പെടുന്ന ചൂട് ഔദ്യോഗികമായി രേഖപ്പെടുത്തിയതിനേക്കാൾ കൂടുതലായിരിക്കും. ഇത് ആരോഗ്യപ്രശ്നങ്ങൾക്കും നിർജലീകരണത്തിനും കാരണമാകുകയും ശരീരത്തിൻ്റെ പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിക്കുകയും ചെയ്യാം. ഒരു ദിവസം മുതൽ ദിവസങ്ങളും ആഴ്ചകളും ഉഷ്ണ തരംഗം നീണ്ടു നിന്നേക്കാം.
വെല്ലുവിളികൾ
കടുത്ത ചൂട് ജനജീവിതത്തെ മാത്രമല്ല, താഴെ പറയുന്ന മേഖലകളെയും സാരമായി ബാധിച്ചേക്കാം:
ജലസ്രോതസ്സുകൾ: നദികളും കിണറുകളും വേഗത്തിൽ വറ്റുന്നത് കുടിവെള്ള ക്ഷാമത്തിന് ഇടയാക്കും.
വൈദ്യുതി: എസി, ഫാൻ എന്നിവയുടെ ഉപയോഗം കൂടുന്നതിനാൽ വൈദ്യുതി ഉപഭോഗം കുതിച്ചുയരുകയും ഗ്രിഡുകൾക്ക് വെല്ലുവിളിയാവുകയും ചെയ്യും.
കൃഷി: കടുത്ത വെയിൽ കാർഷിക വിളകളുടെ നാശത്തിന് കാരണമാകും.
നിർദേശങ്ങളും മുൻകരുതലുകളും
ഉഷ്ണ തരംഗവുമായി ബന്ധപ്പെട്ട് നേരത്തെ കേന്ദ്ര കാലാവസ്ഥ വകുപ്പ് ചില നിർദേശങ്ങൾ പുറപ്പെടുവിപ്പിച്ചിരുന്നു.
തണുപ്പേകുന്ന ഷെൽട്ടറുകൾ സജ്ജമാക്കുക, ആവശ്യത്തിന് കുടിവെള്ളം ലഭ്യമാക്കുക, ആരോഗ്യ നിരീക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുക എന്നിവ കാര്യക്ഷമമായി നടപ്പിലാക്കേണ്ടതുണ്ടെന്ന് കാലാവസ്ഥാ വകുപ്പിൻ്റെ റിപ്പോർട്ടിൽ നിർദേശിച്ചിരുന്നു.
ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ, പശ്ചിമ ബംഗാൾ, ബിഹാർ, ഒഡീഷ, ആന്ധ്രാപ്രദേശ്, ഉത്തർപ്രദേശിൻ്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ സാധാരണയേക്കാൾ കൂടുതൽ ഉഷ്ണതരംഗങ്ങൾ ഉണ്ടായിരിക്കും എന്നായിരുന്നു കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ നിഗമനം. എന്നാൽ കേരളത്തിലെ ജില്ലകൾ കൂടി ഉഷ്ണ തരംഗത്തിൻ്റെ പരിധിയിലേക്ക് വരുന്നു.
എല്ലാ ജില്ലകളിലും മുൻകരുതലുകൾ
പൊതുവെ സംസ്ഥാനമാകെ ചൂട് വർധിച്ചിരിക്കുന്ന സാഹചര്യത്തിൽ മുഴുവൻ ജില്ലകളിലും കർശനമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിക്കുന്നു. തീരദേശ സംസ്ഥാനമായതിനാൽ തന്നെ അന്തരീക്ഷത്തിലെ ഈർപ്പം കൂടുതലായിരിക്കുകയും അത് മൂലം നമുക്ക് അനുഭവഭേദ്യമാകുന്ന ചൂട് അഥവാ താപസൂചിക റിപ്പോർട്ട് ചെയ്യപ്പെടുന്ന താപനിലയെക്കാൾ വളരെ ഉയർന്നതായിരിക്കുകയും ചെയ്യും. മേൽസൂചിപ്പിച്ച സാഹചര്യം രണ്ട് ദിവസം തുടരുന്ന ഘട്ടത്തിലാണ് ഔദ്യോഗികമായി കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗം സ്ഥിരീകരിക്കുക.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR