Enter your Email Address to subscribe to our newsletters

Thiruvananthapuram , 23 ഏപ്രില് (H.S.)
പതിനെട്ട് വയസ്സുവരെയുള്ള കുട്ടികളിലെ സ്ക്രീൻ ഉപയോഗം നിയന്ത്രിക്കാൻ നിയമം കൊണ്ടുവരണമെന്ന് സംസ്ഥാന ബാലാവകാശ കമ്മിഷൻ ഉത്തരവ്. നിയമ നിർമാണത്തിന് സർക്കാർ ഉന്നതതല സമിതി രൂപീകരിക്കണമെന്നും രണ്ടുവയസു വരെയുള്ള കുട്ടികളുടെ സ്ക്രീൻ ഉപയോഗം കർശനമായി നിരോധിക്കണമെന്നും കമ്മീഷൻ നിർദേശിച്ചു. സ്കൂളുകളിൽ കുട്ടികൾ മൊബൈൽ ഫോൺ, ടാബ് എന്നിവ കൊണ്ടുവരാൻ പാടില്ലെന്നും ബാലാവകാശ കമ്മീഷൻ ഉത്തരവിട്ടു. പുതിയ അധ്യയനവർഷം മുതൽ നിർദേശങ്ങൾ നടപ്പിലാക്കണം. കുട്ടികളുടെ ഇൻ്റർനെറ്റ്, മൊബൈൽ, സാമൂഹ്യ മാധ്യമ ഉപയോഗം അതിരു വിടുന്നതായും കമ്മിഷൻ ഉത്തരവിൽ വിലയിരുത്തി.
നിയമ നിർമാണത്തിന് ഉന്നതതല സമിതി
സ്ക്രീൻ ഉപയോഗം നിയന്ത്രിക്കാൻ നിയമം നിർമിക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നതതല സമിതി രൂപീകരിച്ച് തുടർനടപടി സ്വീകരിക്കണമെന്ന് ബാലാവകാശ കമ്മിഷൻ ചെയർപേഴ്സൺ കെ വി മനോജ് കുമാർ, അംഗം ഷാജേഷ് ഭാസ്കർ എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വനിതാ-ശിശു വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും ആരോഗ്യം, നിയമം, ഇലക്ട്രോണിക്സ് ഇൻഫർമേഷൻ ടെക്നോളജി എന്നീ വകുപ്പ് സെക്രട്ടറിമാരും സംസ്ഥാന പൊലീസ് മേധാവിയും ഉൾപ്പെടുന്നതാകണം ഉന്നതതല സമിതി.
കമ്മിഷൻ ഉത്തരവിലെ ശുപാർശകൾ 2026-27 അധ്യയന വർഷം മുതൽ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നടപ്പിലാക്കണം. കമ്മിഷൻ ശുപാർശകളിൻമേൽ സ്വീകരിച്ച നടപടി റിപ്പോർട്ട് ബന്ധപ്പെട്ട വകുപ്പ് മേധാവികൾ കമ്മിഷൻ ചട്ടങ്ങളിലെ ചട്ടം 45 പ്രകാരം 30 ദിവസത്തിനകം ലഭ്യമാക്കാനും ഉത്തരവിൽ നിർദേശിച്ചു.
കർശന നിയന്ത്രണങ്ങൾ നടപ്പാക്കണം
കൊവിഡിനുശേഷം സ്ക്രീൻ അഡിക്ഷൻ കുട്ടികളിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായും ഇൻ്റർനെറ്റ്, മൊബൈൽ ഗെയിമുകൾ, സോഷ്യൽ മീഡിയ എന്നിവയുടെ അമിത ഉപയോഗം കുട്ടികളുടെ മാനസിക, ശാരീരിക, വൈകാരിക, വിദ്യാഭ്യാസ ജീവിതത്തെ ദോഷകരമായി ബാധിക്കുന്നതായും കമ്മിഷൻ വിലയിരുത്തി. ഇതുസംബന്ധിച്ച മാനസികാരോഗ്യ വിദഗ്ധരുടെയും ആരോഗ്യ പ്രവർത്തകരുടെയും കണ്ടെത്തലുകൾ കമ്മിഷൻ അംഗീകരിച്ചു. മൊബൈൽ ഫോണിൻ്റെ നിരോധനം അപ്രായോഗികമായതിനാൽ ഡിജിറ്റൽ അവബോധത്തിന് പ്രാധാന്യം നൽകണം.
രണ്ടുവയസ്സു വരെയുള്ള കുട്ടികൾക്ക് വീഡിയോകോൾ ഒഴികെ സ്ക്രീൻ ഉപയോഗം പൂർണമായും ഒഴിവാക്കണം. അഞ്ചുവയസ്സു വരെയുള്ള കുട്ടികൾക്ക് മാതാപിതാക്കളുടെ അറിവോടെ ഒരു മണിക്കൂറായി നിജപ്പെടുത്തണം. 12 വയസ്സുവരെ സ്ക്രീൻ സമയം പരമാവധി രണ്ടു മണിക്കൂറായി നിയന്ത്രിക്കണം. 18 വയസ്സുവരെ പഠനത്തിനുപുറമെ സ്ക്രീൻ സമയം രണ്ടു മണിക്കൂറായി പരിമിതപ്പെടുത്തണം. ഉറങ്ങുന്നതിന് ഒരുമണിക്കൂർ മുൻപ് മൊബൈൽ ഫോൺ ഉപയോഗം പാടില്ല.
കുട്ടികൾ സ്കൂളുകളിൽ മൊബൈൽ ഫോണോ, ടാബോ കൊണ്ടുവരാനോ ഉപയോഗിക്കാനോ പാടില്ല. ഒഴിവാക്കാനാവാത്ത സാഹചര്യത്തിൽ കുട്ടി മൊബൈൽ ഫോൺ കൊണ്ടുവരുകയാണെങ്കിൽ രക്ഷിതാവിൻ്റെ അപേക്ഷ സഹിതം ക്ലാസ്സ് ടീച്ചർക്ക് കൈമാറണം, നിയന്ത്രിതമായി ഉപയോഗിക്കാം. നിർദേശങ്ങൾക്ക് വിരുദ്ധമായി കുട്ടികൾ ഫോണോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ കൊണ്ടുവന്നാൽ കുട്ടിക്ക് താക്കീത് നൽകണം. കുറ്റം ആവർത്തിച്ചാൽ ഉപകരണം പിടിച്ചെടുത്ത് ഏഴുദിവസത്തിനു ശേഷം രക്ഷിതാവിനെ വിളിച്ചുവരുത്തി തിരികെ നൽകണം.
നിയന്ത്രണങ്ങൾ നടപ്പാക്കുമ്പോൾ ശ്രദ്ധിക്കണം
മൊബൈൽ ഫോണുകൾ കണ്ടെത്തുന്നതിന് ബാഗ് പരിശോധനയും ദേഹ പരിശോധനയും നടത്തുന്നത് കുട്ടികളുടെ അന്തസ്സിനും അഭിമാനത്തിനും ഭംഗം വരുന്ന തരത്തിലാവരുത്. ഇത്തരം സന്ദർഭങ്ങളിൽ അധ്യാപകർ കുട്ടികളോട് സൗഹാർദത്തോടെ പെരുമാറണം. സ്കൂളിലെ ഫോൺ ഉപയോഗം സംബന്ധിച്ച് അധ്യയനവർഷാരംഭം പിടിഎ മുഖാന്തിരം അച്ചടിച്ച നിർദേശങ്ങൾ രക്ഷിതാക്കൾക്ക് നൽകണം. ഡിജിറ്റൽ അവബോധം സംബന്ധിച്ച് ഒരു അധ്യയനവർഷം വിദഗ്ധരുടെ രണ്ടുമണിക്കൂർ ക്ലാസ്സ് നാലുതവണ സ്കൂളിൻ്റെ നേതൃത്വത്തിൽ ലഭ്യമാക്കണം. കായിക വിനോദങ്ങൾ, യോഗ, എയ്റോബിക്സ്, വിവിധ ഭാഷാ ക്ലാസുകൾ, സാഹിത്യ ശാസ്ത്ര ക്ലബുകൾ, വായന, ക്രാഫ്റ്റ്, കൈത്തൊഴിൽ എന്നിവയിലേക്ക് കുട്ടികളെ ആകർഷിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ സ്കൂൾ തലത്തിൽ നടപ്പിലാക്കണം.
പാലക്കാട് കുമരനല്ലൂർ സ്കൂൾ വിദ്യാർഥി ഫോൺ ഉപയോഗിക്കുകയും ഫോൺ തിരികെ നൽകാത്തതിൽ ക്ഷുഭിതനാകുകയും പ്രിൻസിപ്പലിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതു വിവാദവും വാർത്തയുമായതോടെ ബാലാവകാശ കമ്മിഷൻ സ്വമേധയാ നടപടി സ്വീകരിക്കുകയുമായിരുന്നു. സംസ്ഥാനത്ത് ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നും കമ്മിഷൻ വിലയിരുത്തി. കുട്ടികളിലെ അമിതമായ മൊബൈൽ ഫോൺ ഉപയോഗം ശാരീരിക, മാനസിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി വിവിധ പഠനങ്ങൾ വ്യക്തമാക്കിയിരുന്നു. വിഷാദം, ഉത്കണ്ഠ. ശ്രദ്ധക്കുറവ്, പെരുമാറ്റ പ്രശ്നങ്ങൾ എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ വർധിക്കുന്നതായാണ് ഭൂരിഭാഗം പഠനങ്ങളിലും കണ്ടെത്തിയിരുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR