Enter your Email Address to subscribe to our newsletters

Kollam, 23 ഏപ്രില് (H.S.)
കൊല്ലം: സംസ്ഥാനത്ത് ചൂട് കഠിനമാകുന്ന സാഹചര്യത്തിൽ കൊല്ലം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ഏപ്രിൽ 24, വെള്ളി) അവധി പ്രഖ്യാപിച്ചു. ജില്ലയിൽ അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെത്തുടർന്ന് ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചത്.
പ്രൊഫഷണല് കോളജുകള് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ അവധി ബാധകമായിരിക്കും. എന്നാൽ മുൻനിശ്ചയിച്ച പ്രകാരമുള്ള പൊതുപരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കില്ലെന്ന് കളക്ടർ അറിയിച്ചു. കൊല്ലത്തിന് പുറമെ പാലക്കാട്, തൃശൂർ ജില്ലകളിലും നാളെ ഉയർന്ന താപനില മുന്നറിയിപ്പ് നിലവിലുണ്ട്.
ആരോഗ്യ ജാഗ്രത നിർദ്ദേശങ്ങൾ
ചൂട് വർദ്ധിക്കുന്നത് നിർജ്ജലീകരണം, സൂര്യാഘാതം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും ചിലപ്പോൾ ജീവാപായത്തിനും വരെ കാരണമായേക്കാം. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി ദുരന്തനിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പും കർശന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു:
-
സെൽഫ് ലോക്ക്ഡൗൺ: പകൽ 11 മണി മുതൽ വൈകിട്ട് 3 മണി വരെയുള്ള സമയത്ത് നേരിട്ട് വെയിലേൽക്കുന്നത് ഒഴിവാക്കണം. അനാവശ്യ യാത്രകളും പുറംപണികളും ഈ സമയത്ത് നിയന്ത്രിക്കണം. വീടിനുള്ളിലും തൊഴിലിടങ്ങളിലും വായുസഞ്ചാരം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്.
-
ജലപാനം: ദാഹം തോന്നിയില്ലെങ്കിലും ധാരാളം ശുദ്ധജലം കുടിക്കുക. മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് പാനീയങ്ങൾ എന്നിവ ഒഴിവാക്കുന്നത് നിർജ്ജലീകരണം തടയാൻ സഹായിക്കും.
-
വസ്ത്രധാരണം: അയഞ്ഞതും ഇളം നിറത്തിലുള്ളതുമായ കോട്ടൺ വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കുക. പുറത്തിറങ്ങുമ്പോൾ കുട, പാദരക്ഷകൾ, സൺഗ്ലാസ് എന്നിവ ഉപയോഗിക്കുന്നത് പതിവാക്കുക.
-
പ്രത്യേക ശ്രദ്ധ: പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ, മാറാരോഗമുള്ളവർ എന്നിവർ ഉച്ചസമയത്ത് വെയിലത്തിറങ്ങുന്നത് പൂർണ്ണമായും ഒഴിവാക്കണം.
പൊതുപരിപാടികൾക്കും ജോലിക്കും നിയന്ത്രണം
ഉച്ചസമയത്ത് തുറസ്സായ സ്ഥലങ്ങളിലെ പൊതുയോഗങ്ങൾ, കായിക മത്സരങ്ങൾ എന്നിവ പാടില്ല. ഉത്സവങ്ങളുമായി ബന്ധപ്പെട്ട പകൽപ്പൂരങ്ങൾ, ആന എഴുന്നള്ളിപ്പ് എന്നിവയ്ക്ക് സമയക്രമീകരണം ഏർപ്പെടുത്തണം. തൊഴിൽ വകുപ്പിന്റെ നിർദ്ദേശപ്രകാരം ഉച്ചസമയത്തെ പുറംപണികൾക്കും തൊഴിലുറപ്പ് ജോലികൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ട്രാഫിക് പോലീസുകാർക്ക് കുടിവെള്ളവും തണലും ഉറപ്പാക്കാൻ പ്രത്യേക ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്.
മൃഗങ്ങളുടെ സംരക്ഷണം
കടുത്ത ചൂട് വളർത്തുമൃഗങ്ങളെയും ബാധിക്കാൻ സാധ്യതയുണ്ട്. പകൽ സമയത്ത് കന്നുകാലികളെ മേയാൻ വിടരുത്. അവയ്ക്ക് ആവശ്യത്തിന് കുടിവെള്ളവും തണലും ഉറപ്പാക്കണം. ചൂട് കൂടുമ്പോൾ വന്യജീവികളും തെരുവുനായ്ക്കളും അക്രമാസക്തരാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം.
ആശുപത്രികളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും സൂര്യാഘാതമേറ്റവർക്ക് ചികിത്സ നൽകാനുള്ള സജ്ജീകരണങ്ങൾ പൂർത്തിയായതായി സർക്കാർ അറിയിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പൊതുജനങ്ങൾക്കായി തണ്ണീർപന്തലുകൾ ഒരുക്കാനും നിർദ്ദേശമുണ്ട്.
---------------
Hindusthan Samachar / Roshith K