Enter your Email Address to subscribe to our newsletters

Kozhikode, 23 ഏപ്രില് (H.S.)
കോഴിക്കോട്: കോടമഞ്ഞും കുളിരും പച്ചപ്പും ഒത്തുചേരുന്ന കക്കയം ഡാം പ്രദേശം മലബാറിലെ വിനോദസഞ്ചാര ഭൂപടത്തിൽ എന്നും മുൻനിരയിലുണ്ട്. പുകയുന്ന മലനിരകൾക്കും ബാണാസുര മലകൾക്കും അഭിമുഖമായി നിൽക്കുന്ന ഈ മനോഹര തീരം ഹൈഡൽ ടൂറിസത്തിന്റെയും ഇക്കോ ടൂറിസത്തിന്റെയും സംഗമഭൂമിയാണ്. എന്നാൽ, പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഈ വിനോദസഞ്ചാര കേന്ദ്രം അധികൃതരുടെ കടുത്ത അവഗണന മൂലം നശിച്ചുകൊണ്ടിരിക്കുകയാണെന്ന പരാതി വ്യാപകമാകുന്നു. 2004-ൽ ഇക്കോ ടൂറിസം കേന്ദ്രമായും 2015-ൽ ഹൈഡൽ ടൂറിസം കേന്ദ്രമായും പ്രവർത്തനം ആരംഭിച്ചെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ പോലും ഇന്നും ഇവിടെ പാതിവഴിയിലാണ്.
ദുരിതയാത്രയും ഇരട്ട ടിക്കറ്റും
കക്കയം ടൗണിൽ നിന്നും 14 കിലോമീറ്റർ സഞ്ചരിച്ച് ഡാം സൈറ്റിലെത്തുക എന്നത് സഞ്ചാരികൾക്ക് ഇന്നും വെല്ലുവിളിയാണ്. 28-ാം മൈൽ മുതൽ ഡാം സൈറ്റ് വരെയുള്ള റോഡ് രണ്ടുവരിപ്പാതയാക്കണമെന്ന ആവശ്യം കാലങ്ങളായിട്ടും നടപ്പിലായിട്ടില്ല. വലിയ ടൂറിസ്റ്റ് ബസ്സുകൾക്ക് പ്രവേശനമില്ലാത്തതിനാൽ സഞ്ചാരികൾ കക്കയം ടൗണിൽ ഇറങ്ങി ടാക്സി വാഹനങ്ങളെ ആശ്രയിക്കേണ്ടി വരുന്നു.
മറ്റൊരിടത്തും കാണാത്ത വിചിത്രമായ രീതിയാണ് ഇവിടത്തെ ടിക്കറ്റ് സംവിധാനം. വനം വകുപ്പിന്റെ ഇക്കോ ടൂറിസം കൗണ്ടറിൽ 60 രൂപയും കെഎസ്ഇബിയുടെ ഹൈഡൽ ടൂറിസം കൗണ്ടറിൽ 40 രൂപയും എന്നിങ്ങനെ ഒരേ സ്ഥലത്ത് രണ്ട് ടിക്കറ്റുകൾ എടുക്കേണ്ട അവസ്ഥയിലാണ് സഞ്ചാരികൾ. ഈ ടിക്കറ്റ് സംവിധാനം ഏകീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
അവഗണിക്കപ്പെടുന്ന ഉരക്കുഴിയും കരിയാത്തുംപാറയും
ലോകപ്രശസ്തമായ ഉരക്കുഴി വെള്ളച്ചാട്ടം ഇന്ന് സന്ദർശകർക്ക് നിരാശയാണ് നൽകുന്നത്. 2018-ലെ പ്രളയത്തിൽ തകർന്ന തൂക്കുപാലത്തിന് പകരം ഗ്ലാസ് പാലം നിർമ്മിക്കുമെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും എസ്റ്റിമേറ്റിൽ ഒതുങ്ങി. കഴിഞ്ഞ നാല് മാസമായി ഇവിടത്തെ പ്രധാന ആകർഷണമായിരുന്ന ശങ്കരൻപുഴ തടാകത്തിൽ കുളിക്കുന്നതിന് വനംവകുപ്പ് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്.
കേരളത്തിന്റെ സ്വിറ്റ്സർലാൻഡ് എന്നറിയപ്പെടുന്ന കരിയാത്തുംപാറയുടെ അവസ്ഥയും വ്യത്യസ്തമല്ല. പുൽത്തകിടിയും റിസർവോയറും കാണാൻ എത്തുന്നവർക്ക് പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ പോലും സൗകര്യങ്ങളില്ല. ഹാർട്ട് ഐലൻഡ് പ്രവൃത്തിയും ബോട്ട് സർവീസും വർഷങ്ങളായി ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കുകയാണ്.
ടൂറിസം വികസന സെമിനാർ 30-ന്
ജില്ലയുടെ ടൂറിസം സാധ്യതകൾ ചർച്ച ചെയ്യുന്നതിനായി മലയാള മനോരമയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 30-ന് വികസന സെമിനാർ സംഘടിപ്പിക്കുന്നു. ബേപ്പൂർ എടത്തൊടി കൃഷ്ണൻ മെമ്മോറിയൽ ഹാളിൽ നടക്കുന്ന ചർച്ചയിൽ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുക്കും. ഉത്തരവാദിത്ത ടൂറിസം, സാഹസിക ടൂറിസം തുടങ്ങിയ മേഖലകളിലെ പ്രശ്നങ്ങളും പരിഹാരങ്ങളും സെമിനാറിൽ ചർച്ചയാകും.
ലക്ഷക്കണക്കിന് രൂപ വരുമാനം ലഭിക്കുന്ന ഈ കേന്ദ്രങ്ങളിൽ സന്ദർശകർക്കായി വിശ്രമമുറികളോ ശരിയായ ശുചിമുറി സംവിധാനങ്ങളോ ഒരുക്കാൻ പോലും അധികൃതർ തയ്യാറാകുന്നില്ല. മലബാറിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് വലിയ മുതൽക്കൂട്ടാകേണ്ട കക്കയം ഉൾപ്പെടെയുള്ള പ്രദേശങ്ങൾ അധികൃതരുടെ അടിയന്തര ശ്രദ്ധയ്ക്കായി കാത്തിരിക്കുകയാണ്.
---------------
Hindusthan Samachar / Roshith K