Enter your Email Address to subscribe to our newsletters

Malappuram, 23 ഏപ്രില് (H.S.)
സംസ്ഥാനത്തെ ആദ്യ മാതൃകാ ട്രൈബൽ വില്ലേജ് എന്ന പേരിൽ പദ്ധതികൾ നടപ്പാക്കിയിട്ടും ചാലിയാർ പഞ്ചായത്തിലെ കണ്ണംകുണ്ട് ആദിവാസി നഗരത്തിൽ വർഷങ്ങളായി കുടിവെള്ള ദുരിതം തുടരുന്നു. 2018ലെ പ്രളയത്തിൽ സർവസ്വവും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിച്ച ഇവിടെ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ കടുത്ത ദുരിതത്തിലാണ് 34 കുടുംബങ്ങൾ കഴിയുന്നത്. വേനൽ കടുത്തതോടെ കിലോമീറ്ററുകൾ താണ്ടി ദാഹജലം ചുമക്കേണ്ട ഗതികേടിലാണ് ഇവരിപ്പോൾ.
പ്രളയത്തെ അതിജീവിച്ച് ദുരിതത്തിലേക്ക്
2018ലുണ്ടായ മഹാപ്രളയത്തിലാണ് മതിൽമൂല, വൈലാശ്ശേരി പ്രദേശങ്ങളിൽ കഴിഞ്ഞിരുന്ന ഈ കുടുംബങ്ങളുടെ വീടുകളും കൃഷിയിടങ്ങളും മറ്റ് ഉപജീവന മാർഗങ്ങളും പൂർണമായി നശിച്ചത്. തുടർന്ന് സർക്കാരിൻ്റെ പ്രത്യേക ഇടപെടലിൻ്റെ ഭാഗമായി ഇവരുടെ പുനരധിവാസത്തിനായി വനംവകുപ്പ് റവന്യൂവകുപ്പിന് കൈമാറിയ 25 ഏക്കർ സ്ഥലത്താണ് കണ്ണംകുണ്ട് മാതൃകാ ട്രൈബൽ വില്ലേജ് പദ്ധതി സ്ഥാപിച്ചത്. സംസ്ഥാനത്ത് ആദ്യമായായിരുന്നു വനംവകുപ്പിൻ്റെ ഉടമസ്ഥതയിലുള്ള സ്ഥലം ട്രൈബൽ വില്ലേജ് നിർമാണത്തിനായി വിട്ടുനൽകിക്കൊണ്ട് ഇത്തരമൊരു ഗ്രാമം നടപ്പിലാക്കിയത്.
പദ്ധതിയുടെ ഭാഗമായി ഓരോ കുടുംബത്തിനും 50 സെൻ്റ് വീതം ഭൂമിയും ഏഴ് ലക്ഷം രൂപ ചെലവിൽ 34 വീടുകളും സർക്കാർ അതിവേഗം നിർമിച്ചു നൽകി. ഒരു മാസത്തിനുള്ളിൽ സമഗ്രമായ കുടിവെള്ള പദ്ധതി നടപ്പിലാക്കുമെന്ന് അധികൃതർ ഉറപ്പ് നൽകിയതിനെ തുടർന്നാണ് ഇരുപത് കുടുംബങ്ങൾ ഇവിടെ താമസവും തുടങ്ങിയത്. എന്നാൽ പദ്ധതി ആരംഭിച്ച് ഏഴ് വർഷം പിന്നിട്ടിട്ടും ഇവർക്ക് കുടിവെള്ളം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ പൂർണമായി ലഭ്യമാക്കിയിട്ടില്ല. കുടിവെള്ളമില്ലാതെ ജീവിക്കാൻ കഴിയില്ലെന്ന സാഹചര്യത്തിൽ ബാക്കിയുള്ള 14 കുടുംബങ്ങൾ ഇപ്പോഴും പ്രളയത്തിൽ തകർന്ന പഴയ വീടുകളിൽ തന്നെയാണ് അപകടഭയം വകവയ്ക്കാതെ താമസം തുടരുന്നത്.
തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ മാത്രം
തെരഞ്ഞെടുപ്പ് കാലത്ത് വോട്ട് ലക്ഷ്യമിട്ട് ഒരു ദിവസം മാത്രം ഇവിടെ ടാങ്കറുകളിൽ കുടിവെള്ളം എത്തിക്കുകയും പിന്നീട് സ്ഥിരമായി ജലവിതരണം നടത്തുമെന്ന് അധികൃതർ ഉറപ്പ് നൽകുകയും ചെയ്തിരുന്നു. എന്നാൽ വൻ വാഗ്ദാനങ്ങൾ നൽകിയിട്ടും പോളിങ് കഴിഞ്ഞതോടെ പൂർണമായും ജലവിതരണം നിലച്ചു. നിലവിൽ സമീപ പ്രദേശങ്ങളിലെ രണ്ട് കുടുംബങ്ങൾ വെള്ളം നൽകി സഹായിക്കുന്നതിനാലാണ് ഇവർക്ക് ഒരു പരിധി വരെ ദാഹമകറ്റാൻ കഴിയുന്നത്. നൂറ് മുതൽ 200 മീറ്റർ വരെ ദൂരത്തിൽ നിന്ന് വലിയ പാത്രങ്ങളിലാക്കി തലച്ചുമടായാണ് ഇവിടെയുള്ളവർ വീടുകളിലേക്ക് നിത്യവും വെള്ളം എത്തിക്കുന്നത്.
കുടിവെള്ളത്തിനായി ഇതര പ്രദേശങ്ങളെ ആശ്രയിക്കേണ്ടി വരുന്നത് ഇവരുടെ ദിനചര്യകളെ സാരമായി ബാധിച്ചിട്ടുണ്ട്. ദൂരസ്ഥലങ്ങളിൽ പോയി വെള്ളം കൊണ്ടുവരേണ്ട സാഹചര്യത്തിൽ കൊച്ചുകുട്ടികളുമായി സ്ത്രീകളടക്കമുള്ളവരാണ് ഏറെ കഷ്ടപ്പെടുന്നത്. ഓരോ വീടുകളുടെയും മുന്നിൽ ലക്ഷങ്ങൾ ചെലവഴിച്ച് കുടിവെള്ള ടാപ്പുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതെല്ലാം കണക്ഷൻ പോലുമില്ലാതെ ഉപയോഗശൂന്യമായി കിടക്കുകയാണ്.
വിഷു കഴിഞ്ഞാൽ വെള്ളം വരുമെന്നാണ് പഞ്ചായത്ത് ഭരണസമിതി ഉൾപ്പെടെയുള്ളവർ ഏറ്റവും ഒടുവിലായി അറിയിച്ചിരുന്നതെന്നും എന്നാൽ ദിവസങ്ങൾ പലത് കഴിഞ്ഞിട്ടും യാതൊരുവിധ നടപടിയും ഉണ്ടായില്ലെന്നും പ്രദേശവാസിയായ ബിന്ദു പറയുന്നു. കോളനിയിൽ വേറെ കിണറില്ലാത്തതിനാൽ വളരെ ദൂരെയുള്ള വീടുകളിൽ നിന്നാണ് വെള്ളം കൊണ്ടുവരുന്നതെന്ന് ആനക്കാട് ചിരിതയും വ്യക്തമാക്കി.
സർക്കാർ വാഗ്ദാനം പാഴായികോളനിയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി പ്രദേശവാസിയായ ബാലൻ എന്ന വ്യക്തിക്ക് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ കിണർ നിർമിക്കാൻ അധികൃതർ മുൻകൈയെടുത്ത് ധനസഹായം വാഗ്ദാനം ചെയ്തിരുന്നു. സർക്കാരിൻ്റെ ഈ ഉറപ്പിൻ്റെ അടിസ്ഥാനത്തിൽ കുടുംബാംഗങ്ങളുടെ കൂലിപ്പണിയിൽ നിന്ന് വളരെ കഷ്ടപ്പെട്ട് കണ്ടെത്തിയ 70,000 രൂപയോളം മുൻകൂർ ചെലവഴിച്ച് ബാലൻ സ്വന്തമായി കിണർ നിർമിച്ചു. ഇപ്പോൾ ഇവിടെയുള്ള അഞ്ച് കുടുംബങ്ങൾ ഈ കിണറിനെയാണ് തങ്ങളുടെ എല്ലാ ആവശ്യങ്ങൾക്കുമായി പൂർണമായും ആശ്രയിക്കുന്നത്.
എന്നാൽ വാഗ്ദാനം ചെയ്ത സർക്കാർ സഹായം നടപടിക്രമങ്ങളിൽ കുരുങ്ങി ഇതുവരെയും ബാലന് ലഭിച്ചിട്ടില്ല. സാമ്പത്തികമായി വളരെ പിന്നാക്കം നിൽക്കുന്ന ഒരു കുടുംബത്തിന് ഇത് താങ്ങാവുന്നതിലും അപ്പുറമാണ്. കുടിവെള്ളമില്ലാത്തതിനാൽ ദുരിതം സഹിക്കാനാവാതെ പലരും ഇവിടെ നിന്ന് മറ്റ് വാടക വീടുകളിലേക്കും താമസം മാറിപ്പോകുകയാണെന്നും ബാലൻ സാക്ഷ്യപ്പെടുത്തുന്നു.
കുടിവെള്ളം കിട്ടാത്ത അവസ്ഥ മാത്രമല്ല, ബിൽ അടയ്ക്കാൻ സാധിക്കാത്തത് കാരണം പല വീടുകളിലെയും വൈദ്യുത കണക്ഷനുകളും വകുപ്പ് വിച്ഛേദിച്ച അവസ്ഥയിലാണ്. ആദിവാസി പുനരധിവാസത്തിൻ്റെ പേരിൽ കോടികൾ ചെലവഴിച്ചിട്ടും മനുഷ്യൻ്റെ ഏറ്റവും അടിസ്ഥാന ആവശ്യമായ കുടിവെള്ളം പോലും ഉറപ്പാക്കാൻ കഴിയാത്തത് അധികൃതരുടെ ഗുരുതരമായ വീഴ്ചയാണെന്നാണ് നാട്ടുകാർ പറയുന്നത്. പ്രശ്നത്തിൽ ജില്ല കലക്ടർ ഉടൻ ഇടപെടണമെന്നും കോളനിക്കാർ ആവശ്യപ്പെട്ടു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR