Enter your Email Address to subscribe to our newsletters

Krisnanagar, 23 ഏപ്രില് (H.S.)
കൃഷ്ണനഗർ: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കവേ, തൃണമൂൽ കോൺഗ്രസിനും മുഖ്യമന്ത്രി മമത ബാനർജിക്കുമെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കൃഷ്ണനഗറിൽ നടന്ന കൂറ്റൻ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇത്തവണ ബംഗാളിലെ പല ജില്ലകളിലും അക്കൗണ്ട് തുറക്കാൻ പോലും തൃണമൂൽ കോൺഗ്രസിന് സാധിക്കില്ലെന്നും സംസ്ഥാനത്ത് ബിജെപിയുടെ താമര വിരിയുമെന്നും മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
അക്രമരഹിത വോട്ടെടുപ്പിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി
കഴിഞ്ഞ 50 വർഷത്തിനിടയിൽ ബംഗാൾ കണ്ട ഏറ്റവും സമാധാനപരമായ വോട്ടെടുപ്പാണ് ഇപ്പോൾ നടക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. വോട്ടെടുപ്പ് വേളയിൽ അക്രമങ്ങൾ കുറഞ്ഞതിനെ അദ്ദേഹം പ്രശംസിച്ചു. കഴിഞ്ഞ അരനൂറ്റാണ്ടിനിടെ അക്രമങ്ങൾ ഏറ്റവും കുറഞ്ഞ രീതിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യ തിരഞ്ഞെടുപ്പാണിത്. മുൻകാലങ്ങളിൽ ആരെങ്കിലും കൊല്ലപ്പെട്ടാൽ അത് ആത്മഹത്യയാണെന്ന് പറഞ്ഞ് തള്ളിക്കളയുന്ന രീതിയായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. അരാജകത്വവും ഗുണ്ടായിസവും നിറഞ്ഞ ഒരു ഭരണകൂടമായിരുന്നു ബംഗാളിൽ. എന്നാൽ ഇത്തവണ ബംഗാളിന്റെ മണ്ണിൽ ജനാധിപത്യത്തിന്റെ അന്തസ്സ് വീണ്ടെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് സാധിച്ചു, പ്രധാനമന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷനെയും സുരക്ഷാ ചുമതലയിലുള്ള ഉദ്യോഗസ്ഥരെയും അദ്ദേഹം അഭിനന്ദിച്ചു.
'ത്സൽമുരി' പരാമർശവും തൃണമൂലിന് പരിഹാസവും
തന്റെ പ്രസംഗത്തിനിടെ ബംഗാളിലെ പ്രശസ്തമായ ലഘുഭക്ഷണം 'ത്സൽമുരി'യെക്കുറിച്ച് പരാമർശിച്ച പ്രധാനമന്ത്രി മമത ബാനർജിയെ പരിഹസിക്കാനും മറന്നില്ല. പ്രചാരണത്തിനിടെ താൻ ത്സൽമുരി കഴിച്ചത് വലിയ ചർച്ചയായിരുന്നു. ഇതിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ഇതിന് മറുപടിയായി, ഞാൻ ത്സൽമുരി കഴിച്ചു, പക്ഷേ അതിന്റെ എരിവ് (ത്സൽ) തൃണമൂലിനാണ് കൊണ്ടത് എന്ന് മോദി പരിഹസിച്ചു.
മെയ് 4-ന് തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ ബംഗാളിൽ ബിജെപിയുടെ വിജയാഘോഷം നടക്കുമെന്നും അന്ന് ത്സൽമുരിയും മധുരപലഹാരങ്ങളും വിതരണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനങ്ങൾ മാറ്റത്തിനായി ആഗ്രഹിക്കുകയാണെന്നും ഉയർന്ന പോളിംഗ് ശതമാനം ബിജെപിയുടെ വലിയ വിജയത്തെയാണ് സൂചിപ്പിക്കുന്നതെന്നും മോദി വ്യക്തമാക്കി.
തൃണമൂലിന്റെ പതനം ഉറപ്പ്
സംസ്ഥാനത്തെ ക്രമസമാധാന നില തകർത്ത തൃണമൂൽ സർക്കാരിനെ ജനങ്ങൾ പാഠം പഠിപ്പിക്കുമെന്ന് മോദി പറഞ്ഞു. വികസന മുരടിപ്പും അഴിമതിയും കാരണം ബംഗാൾ പിന്നോട്ട് പോയിരിക്കുകയാണ്. പല ജില്ലകളിലും തൃണമൂൽ കോൺഗ്രസിന് ഇത്തവണ സീറ്റുകൾ ലഭിക്കില്ലെന്നും ബിജെപി വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഒന്നാം ഘട്ട വോട്ടെടുപ്പിൽ ജനങ്ങൾ ആവേശത്തോടെ പങ്കെടുക്കുന്നത് മാറ്റത്തിന്റെ സൂചനയാണെന്നും മോദി പറഞ്ഞു.
ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മുർഷിദാബാദിൽ ചിലയിടങ്ങളിൽ കല്ലേറ് റിപ്പോർട്ട് ചെയ്തെങ്കിലും പൊതുവെ വോട്ടെടുപ്പ് സമാധാനപരമാണ്. തമിഴ്നാട്ടിലും ബംഗാളിലും വൻ പോളിംഗ് ശതമാനമാണ് രേഖപ്പെടുത്തുന്നത്.
---------------
Hindusthan Samachar / Roshith K