തൃശൂർ പാമ്പുകടി: അനോഷിന്റെ ആരോഗ്യനിലയിൽ പുരോഗതി; വീട്ടിനുള്ളിൽ വീണ്ടും പാമ്പുകളെ കണ്ടെത്തിയതോടെ നാട് പരിഭ്രാന്തിയിൽ
Thrishur, 23 ഏപ്രില് (H.S.) തൃശൂർ: കൊടകര മറ്റത്തൂർ കടമ്പോട് വീട്ടിൽ ഉറങ്ങിക്കിടക്കുന്നതിനിടെ പാമ്പുകടിയേറ്റ് എട്ടു വയസ്സുകാരൻ ആൽജോ മരിക്കാനിടയായ സംഭവത്തിൽ ചികിത്സയിലുള്ള മൂത്ത സഹോദരൻ അനോഷിന്റെ (10) ആരോഗ്യനിലയിൽ ശ്രദ്ധേയമായ പുരോഗതി. അങ്കമാലിയിലെ സ്
തൃശൂർ പാമ്പുകടി: അനോഷിന്റെ ആരോഗ്യനിലയിൽ പുരോഗതി; വീട്ടിനുള്ളിൽ വീണ്ടും പാമ്പുകളെ കണ്ടെത്തിയതോടെ നാട് പരിഭ്രാന്തിയിൽ


Thrishur, 23 ഏപ്രില് (H.S.)

തൃശൂർ: കൊടകര മറ്റത്തൂർ കടമ്പോട് വീട്ടിൽ ഉറങ്ങിക്കിടക്കുന്നതിനിടെ പാമ്പുകടിയേറ്റ് എട്ടു വയസ്സുകാരൻ ആൽജോ മരിക്കാനിടയായ സംഭവത്തിൽ ചികിത്സയിലുള്ള മൂത്ത സഹോദരൻ അനോഷിന്റെ (10) ആരോഗ്യനിലയിൽ ശ്രദ്ധേയമായ പുരോഗതി. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്റർ സഹായത്തോടെ കഴിഞ്ഞിരുന്ന അനോഷിനെ കഴിഞ്ഞ ദിവസം വെന്റിലേറ്ററിൽ നിന്ന് മാറ്റി. കുട്ടി മാതാപിതാക്കളോടും ബന്ധുക്കളോടും സംസാരിച്ചതായി ഡോക്ടർമാർ അറിയിച്ചു.

കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയാണ് കേരളത്തെ നടുക്കിയ ദുരന്തം സംഭവിച്ചത്. കൊടകര കുന്നത്തുപറമ്പിൽ സിൽജോ-ജോൺസി ദമ്പതികളുടെ മക്കളായ ആൽജോയും അനോഷുമാണ് പാമ്പുകടിയേറ്റത്. കടുത്ത ചൂടിനെത്തുടർന്ന് വീടിന്റെ ഹാളിൽ താഴെ കിടന്നുറങ്ങുകയായിരുന്നു കുട്ടികൾ. പുലർച്ചെ രണ്ട് മണിയോടെ അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടികൾക്ക് ഭക്ഷ്യവിഷബാധയാണെന്നാണ് വീട്ടുകാർ ആദ്യം കരുതിയത്. എന്നാൽ അഞ്ചു മണിയോടെ കുട്ടികളുടെ നില വഷളായതിനെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ആൽജോയെ രക്ഷിക്കാനായില്ല.

ഭീതി വിതച്ച് വീട്ടിനുള്ളിലെ പാമ്പുകൾ

ആൽജോയുടെ മരണശേഷം നടത്തിയ പരിശോധനയിലാണ് കുട്ടികൾ കിടന്നിരുന്ന തലയിണയ്ക്കടിയിൽ നിന്ന് 'വെള്ളിക്കെട്ടൻ' (Common Krait) വിഭാഗത്തിൽപ്പെട്ട പാമ്പിനെ കണ്ടെത്തിയത്. എന്നാൽ സംഭവത്തിന് ശേഷവും ഈ വീട്ടിൽ നിന്ന് വീണ്ടും പാമ്പുകളെ കണ്ടെത്തുന്നത് വലിയ ഭീതിയാണ് സൃഷ്ടിക്കുന്നത്. ബുധനാഴ്ച വീണ്ടും വീടിനുള്ളിൽ പാമ്പിനെ കണ്ടെത്തി. തുടർന്ന് നാട്ടുകാർ ചേർന്ന് ഇതിനെ തല്ലിക്കൊന്നു. ഇതോടെ ഈ വീട്ടിലും പരിസരത്തും കൂടുതൽ പാമ്പുകൾ ഉണ്ടോ എന്ന ഭയത്തിലാണ് നാട്ടുകാർ.

അതിജീവനത്തിന്റെ വഴിയിൽ അനോഷ്

ആൽജോയുടെ വേർപാടിന്റെ തീരാദുഃഖത്തിനിടയിലും അനോഷിന്റെ തിരിച്ചുവരവ് കുടുംബത്തിനും നാടിനും ചെറിയൊരാശ്വാസം നൽകുന്നുണ്ട്. ശ്വാസകോശത്തിന് അണുബാധയുണ്ടായിരുന്നതിനാൽ അതീവ ഗുരുതരാവസ്ഥയിലായിരുന്ന അനോഷിന് കൃത്യസമയത്ത് ആന്റിവെനം നൽകാൻ കഴിഞ്ഞതാണ് ജീവൻ രക്ഷിക്കാൻ സഹായിച്ചത്. കുട്ടി ഇപ്പോൾ അപകടനില തരണം ചെയ്തതായും നിരീക്ഷണത്തിൽ തുടരുകയാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.

കടുത്ത വേനൽ ചൂടിൽ നിന്ന് രക്ഷപ്പെടാൻ പാമ്പുകൾ വീടിനുള്ളിലേക്ക് കയറാൻ സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വനംവകുപ്പും ആരോഗ്യവിദഗ്ധരും മുന്നറിയിപ്പ് നൽകുന്നു. തറയിൽ കിടന്നുറങ്ങുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും വീടിന് ചുറ്റും കാടും പടപ്പും ഇല്ലാതെ വൃത്തിയായി സൂക്ഷിക്കണമെന്നും നിർദ്ദേശമുണ്ട്.

---------------

Hindusthan Samachar / Roshith K


Latest News