നിതിൻ രാജിന്റെ മരണം: അധ്യാപകരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി മറ്റന്നാൾ; തലശ്ശേരി കോടതിയിൽ വാദം പൂർത്തിയായി
Kerala, 23 ഏപ്രില് (H.S.) തലശ്ശേരി: അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതിപ്പട്ടികയിലുള്ള അധ്യാപകർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ തലശ്ശേരി സെഷൻസ് കോടതി മറ്റന്നാൾ വിധി പറയും. കേസിൽ പ്രതികളായ ഡോ. എം.
നിതിൻ രാജിന്റെ മരണം: അധ്യാപകരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി മറ്റന്നാൾ; തലശ്ശേരി കോടതിയിൽ വാദം പൂർത്തിയായി


Kerala, 23 ഏപ്രില് (H.S.)

തലശ്ശേരി: അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതിപ്പട്ടികയിലുള്ള അധ്യാപകർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ തലശ്ശേരി സെഷൻസ് കോടതി മറ്റന്നാൾ വിധി പറയും. കേസിൽ പ്രതികളായ ഡോ. എം.കെ. റാം, ഡോ. കെ.ടി. സംഗീത നമ്പ്യാർ എന്നിവരുടെ ഹർജിയിലാണ് വാദം പൂർത്തിയായത്. നിതിൻ രാജിന്റെ മരണം കോളേജ് അധികൃതരുടെ പീഡനം മൂലമാണെന്ന ആരോപണം ശക്തമായി നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് കോടതിയുടെ ഈ നിർണ്ണായക നീക്കം.

പ്രതിഭാഗത്തിന്റെ വാദങ്ങൾ

അധ്യാപകർക്ക് മരണത്തിൽ നേരിട്ട് പങ്കില്ലെന്നാണ് പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ പ്രധാനമായും വാദിച്ചത്. സംഭവദിവസം ഉച്ചയ്ക്ക് ഒരു മണി മുതൽ 1.10 വരെ നിതിൻ പ്രിൻസിപ്പലിന്റെ ക്യാബിനിൽ ഉണ്ടായിരുന്നുവെന്നും, ആ സമയത്ത് ഡോ. റാം അവിടെ ഉണ്ടായിരുന്നില്ലെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു. നിതിൻ നേരിട്ടിരുന്ന സാമ്പത്തിക ബാധ്യതകളും 'ലോൺ ആപ്പുമായി' ബന്ധപ്പെട്ട പ്രശ്നങ്ങളുമാണ് പ്രിൻസിപ്പലുമായി സംസാരിച്ചതെന്നും, അവസാന നിമിഷങ്ങളിൽ അധ്യാപകരുമായി നിതിൻ ആശയവിനിമയം നടത്തിയിട്ടില്ലെന്നും അഭിഭാഷകൻ വാദിച്ചു. ജാതി അധിക്ഷേപം നടന്നിട്ടില്ലെന്ന് മറ്റ് വിദ്യാർത്ഥികൾ മൊഴി നൽകിയിട്ടുണ്ടെന്നും പ്രതിഭാഗം അവകാശപ്പെട്ടു.

പ്രോസിക്യൂഷന്റെ ഗുരുതര ആരോപണങ്ങൾ

എന്നാൽ അധ്യാപകരുടെ വാദങ്ങളെ പ്രോസിക്യൂഷൻ ശക്തമായി പ്രതിരോധിച്ചു. ഡോ. റാമുമായി നിതിനുണ്ടായിരുന്ന തർക്കങ്ങളെക്കുറിച്ച് നിതിൻ മരണത്തിന് മുൻപ് പ്രിൻസിപ്പലിനോട് സംസാരിച്ചിരുന്നു. നിതിൻ സഹതാപം കിട്ടാൻ വേണ്ടി ചാടിയതാണ് എന്ന് ഡോ. റാം പരിഹസിച്ചതായി സഹപാഠിയുടെ മൊഴിയുണ്ടെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. കൂടാതെ, നിതിനെ മാനസികമായി തളർത്താൻ മറ്റൊരു വ്യക്തിയെക്കൊണ്ട് പരാതി നൽകാൻ പ്രേരിപ്പിച്ചത് ഡോ. റാം ആണെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.

നീതിക്കായുള്ള പോരാട്ടം

അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ അവസാന വർഷ ബി.ഡി.എസ് വിദ്യാർത്ഥിയായിരുന്ന നിതിൻ രാജിന്റെ മരണം വലിയ കേരളക്കരയിൽ വലിയ പ്രതിഷേധങ്ങൾക്കാണ് വഴിതുറന്നത്. അധ്യാപകരുടെ പീഡനമാണ് തന്റെ മകനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് നിതിന്റെ പിതാവ് ആരോപിക്കുന്നു. രോഹിത് വെമുലയ്ക്കും സിദ്ധാർത്ഥനും നേരിടേണ്ടി വന്നതിന് സമാനമായ അവസ്ഥയാണ് നിതിനും ഉണ്ടായതെന്നും കുടുംബം വിശ്വസിക്കുന്നു.

ഇനിയൊരു നിതിൻ രാജോ രോഹിത് വെമുലയോ ഉണ്ടാകാൻ പാടില്ല; നീതി ലഭിക്കുന്നതുവരെ ഈ പോരാട്ടം തുടരും - നിതിൻ രാജിന്റെ പിതാവ്.

കേസിൽ അധ്യാപകർക്ക് ജാമ്യം ലഭിക്കുമോ അതോ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകേണ്ടി വരുമോ എന്നത് മറ്റന്നാളത്തെ കോടതി വിധിയിൽ വ്യക്തമാകും. നിതിൻ രാജ് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പ്രദേശത്ത് പ്രതിഷേധ പരിപാടികൾ തുടരുകയാണ്.

---------------

Hindusthan Samachar / Roshith K


Latest News