ഷവർമ കഴിച്ച് വിദ്യാർഥിനി മരിച്ചിട്ട് 4 വർഷം;നീതിതേടി കുടുംബം ഹൈക്കോടതിയിൽ
Kasaragod, 24 ഏപ്രില് (H.S.) ചെറുവത്തൂരിൽ ഷവർമ കഴിച്ചതിനെത്തുടർന്ന് ഭക്ഷ്യവിഷബാധയേറ്റ് പ്ലസ് വൺ വിദ്യാർഥിനി മരിച്ചിട്ട് നാല് വർഷം പിന്നിടുമ്പോഴും കുടുംബത്തിന് നീതി ലഭിച്ചില്ല. ചെറുവത്തൂർ സ്വദേശിനി ദേവനന്ദയാണ് 2022 മെയ് ഒന്നിന് മരിച്ചത്. സംഭവത്തിൽ
DEVANANDA SHAWARMA POISON DEATH


Kasaragod, 24 ഏപ്രില് (H.S.)

ചെറുവത്തൂരിൽ ഷവർമ കഴിച്ചതിനെത്തുടർന്ന് ഭക്ഷ്യവിഷബാധയേറ്റ് പ്ലസ് വൺ വിദ്യാർഥിനി മരിച്ചിട്ട് നാല് വർഷം പിന്നിടുമ്പോഴും കുടുംബത്തിന് നീതി ലഭിച്ചില്ല. ചെറുവത്തൂർ സ്വദേശിനി ദേവനന്ദയാണ് 2022 മെയ് ഒന്നിന് മരിച്ചത്.

സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ച് മൂന്നര വർഷം കഴിഞ്ഞിട്ടും കേസിൻ്റെ വിചാരണ നടപടികൾ ഇതുവരെ ആരംഭിക്കാത്തത് വലിയ പ്രതിഷേധത്തിന് കാരണമാകുന്നു. നിയമപ്രകാരം ലഭിക്കേണ്ട അഞ്ച് ലക്ഷം രൂപയുടെ നഷ്ടപരിഹാരം പോലും ലഭ്യമായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ദേവനന്ദയുടെ കുടുംബം.

ചുവരിലില്ലാത്ത ഫോട്ടോകൾമകൾ ജീവൻ വെടിഞ്ഞ് നാല് വർഷം പിന്നിട്ടിട്ടും ആ വലിയ ആഘാതത്തിൽനിന്നും ദേവനന്ദയുടെ അമ്മ പ്രസന്ന ഇപ്പോഴും മുക്തയായിട്ടില്ല. വീടിൻ്റെ ചുവരുകളിൽ എവിടെയും ആ പെൺകുട്ടിയുടെ ഫോട്ടോകൾ വച്ചിട്ടില്ല. മകളുടെ ഫോട്ടോ കാണുമ്പോൾ പ്രസന്നയ്ക്ക് സഹിക്കാൻ കഴിയാത്തതുകൊണ്ടാണ് ചിത്രങ്ങൾ മാറ്റിയതെന്ന് അമ്മയുടെ സഹോദരി സൗദാമിനി പ്രതികരിച്ചു.

ദേവനന്ദയുടെ അച്ഛൻ നാരായണൻ മരിച്ച് കൃത്യം മൂന്ന് മാസം തികയും മുൻപാണ് കുടുംബത്തിൻ്റെ ഏക ആശ്രയമായിരുന്ന മകളും മരണത്തിന് കീഴടങ്ങിയത്. പെട്ടെന്നുണ്ടായ ഈ ഇരട്ടപ്രഹരങ്ങളുടെ നടുക്കത്തിലാണ് പ്രസന്ന ഇന്ന് ജീവിക്കുന്നത്.

ഷവർമയിലെ വില്ലൻ

ഏപ്രിൽ 29ന് ഉച്ചയ്ക്കാണ് കൂട്ടുകാർക്കൊപ്പം ട്യൂഷൻ ക്ലാസിന് പോയി മടങ്ങുന്നതിനിടെ ദേവനന്ദ ഷവർമ കഴിച്ചത്. ഭക്ഷണം കഴിച്ചതിന് ശേഷം കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഒന്നും പ്രകടിപ്പിക്കാതിരുന്ന കുട്ടിക്ക് മെയ് ഒന്നിന് രാവിലെ മാത്രമാണ് ചെറിയ പെരുമാറ്റവ്യത്യാസങ്ങളും അസ്വസ്ഥതകളും അനുഭവപ്പെട്ടത്. ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ആ പാവം പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാർക്ക് കഴിഞ്ഞില്ല. ദേവനന്ദയെ കൂടാതെ ഷവർമ കഴിച്ച 14 വിദ്യാർഥികൾ അന്ന് ഭക്ഷ്യവിഷബാധയെത്തുടർന്ന് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു.

വിവാദമായ സംഭവത്തിന് പിന്നാലെ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ കർശന പരിശോധനയിൽ ഷവർമയിൽ ഷിഗെല്ല ബാക്ടീരിയയുടെയും കുടിവെള്ളത്തിൽ ഇ കോളി ബാക്ടീരിയയുടെയും സാന്നിധ്യം സ്ഥിരീകരിച്ചു. തുടർന്ന് ആരോഗ്യവകുപ്പ് നേരിട്ട് ഇടപെട്ട് ചെറുവത്തൂരിലെ ഈ കൂൾബാർ ശാശ്വതമായി അടപ്പിച്ചു. കേസിൽ രണ്ട് പേരെയാണ് അന്ന് പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

സ്ഥാപനത്തിൻ്റെ മാനേജിങ് പാർട്ണറായ മംഗളൂരു സ്വദേശി അനക്സ്, ഷവർമ ഉണ്ടാക്കുന്ന നേപ്പാൾ സ്വദേശി സന്ദേഷ് റായ് എന്നിവരാണ് പിടിയിലായത്. എന്നാൽ സ്ഥാപനത്തിൻ്റെ യഥാർഥ ഉടമ വിദേശത്തായതിനാൽ ഇയാളെ നാട്ടിലെത്തിക്കാനോ നിയമത്തിന് മുന്നിൽ കൊണ്ടുവരാനോ പൊലീസിന് ഇന്നുവരെ സാധിച്ചിട്ടില്ല.

നഷ്ടപരിഹാരത്തിലെ അവഗണനഈ അപ്രതീക്ഷിത ദുരന്തത്തിൽ സർക്കാരിൽനിന്നും ലഭിച്ച ചെറിയ അടിയന്തര ധനസഹായം മാത്രമാണ് ആശ്വാസമായി കുടുംബത്തിന് ലഭിച്ചത്. 2006ലെ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഇത്തരം സാഹചര്യങ്ങളിൽ ഭക്ഷ്യവിഷബാധയേറ്റ് മരിക്കുന്നവരുടെ കുടുംബത്തിന് സ്ഥാപന ഉടമ കുറഞ്ഞത് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം. ആക്ട് പ്രകാരം കഷ്ടനഷ്ടങ്ങൾ സംഭവിച്ച് പരമാവധി ആറ് മാസത്തിനുള്ളിൽത്തന്നെ നടപടിക്രമങ്ങൾ പൂർത്തിയാക്കി തുക കൈമാറണമെന്നാണ് നിർദേശം. എന്നാൽ നാല് വർഷം പിന്നിട്ടിട്ടും ഇങ്ങനെയൊരു തുക നിയമപരമായി കൊടുത്തുതീർക്കാൻ കടയുടമ തയാറായില്ല.

ബന്ധപ്പെട്ട സർക്കാർ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും അനുകൂലമായ നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് കുടുംബം അർഹമായ നഷ്ടപരിഹാരത്തിനായി അവസാന ആശ്രയമെന്നോണം ഹൈക്കോടതിയെ സമീപിച്ചത്. ഒളിവിലുള്ള സ്ഥാപന ഉടമയെ നാട്ടിലെത്തിച്ച് കുറ്റക്കാർക്കെതിരെ മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്ന് ബന്ധുക്കൾ പറയുന്നു.

വിചാരണ വൈകുന്നതിലൂടെ നീതി നിഷേധിക്കപ്പെടുകയാണെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തുന്നവർക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് പൊതുസമൂഹത്തിൻ്റെയും ആവശ്യം.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News