Enter your Email Address to subscribe to our newsletters

Thiruvananthapuram , 24 ഏപ്രില് (H.S.)
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. ഇന്ന് ഒരു പവൻ സ്വർണത്തിന് 130 രൂപ കുറഞ്ഞു. ഇന്നലെ രാവിലെയുള്ള നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ സ്വർണത്തിൻ്റെ വിലയിൽ ഇന്ന് 440 രൂപയുടെ കുറവാണുണ്ടായത്. ഇന്നലെ രാവിലെ പവന് 1,12,600 രൂപയും ഗ്രാമിന് 14,075 രൂപയുമായിരുന്നു നിരക്ക്. രാത്രി ഇത് യഥാക്രമം 1,13,200 രൂപയായും 14,150 രൂപയായും വർധിച്ചിരുന്നു.
തുടർച്ചയായ ദിവസങ്ങളിൽ സ്വർണവില വലിയ റെക്കോഡുകൾ ഭേദിച്ച ശേഷമാണ് വിപണിയിൽ ഇപ്പോൾ നേരിയ ആശ്വാസം ലഭിക്കുന്നത്. വില കുറഞ്ഞെങ്കിലും പവന് ഒരു ലക്ഷത്തിന് മുകളിലാണ് ഇപ്പോഴും സ്വർണവിലയുള്ളത്. ഇത് ഉപഭോക്താക്കളെ വലിയ രീതിയിൽ ബാധിച്ചു.
നിലവിലെ നിരക്ക് പ്രകാരം 22 കാരറ്റ് സ്വർണം ഗ്രാമിന് 14,020 രൂപയിലും പവന് 1,12,160 രൂപയിലുമാണ് വിൽപന നടക്കുന്നത്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 11,520 രൂപയും പവന് 92,160 രൂപയുമാണ് ഇന്നത്തെ വിപണിവില. അതേസമയം വെള്ളിവില മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 260 രൂപയാണ് വെള്ളിയുടെ ഇപ്പോഴത്തെ വിപണിവില. 10 ഗ്രാം വെള്ളിക്ക് 2,600 രൂപയാകും.
ഒന്നരലക്ഷം കടന്ന് ആഭരണവില
സ്വർണവില എക്കാലത്തെയും വലിയ നിരക്കിലാണ് ഇപ്പോൾ തുടരുന്നത്. വിവാഹ ആവശ്യങ്ങൾക്കായി സ്വർണാഭരണങ്ങൾ വാങ്ങാനിരിക്കുന്നവരെ ഈ വർധന സാരമായി ബാധിച്ചു. വിപണിയിൽ വില കുറഞ്ഞെങ്കിലും ആഭരണങ്ങൾ വാങ്ങാൻ വലിയ തുക ഉപഭോക്താക്കൾ ചെലവാക്കേണ്ടിവരും. കുറഞ്ഞ പണിക്കൂലിയായ അഞ്ച് ശതമാനവും മൂന്ന് ശതമാനം ജിഎസ്ടിയും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒന്നരലക്ഷത്തിന് മുകളിൽ നൽകണം.
ആഭരണങ്ങളുടെ ഡിസൈനുകൾ മാറുന്നതിന് അനുസരിച്ച് പണിക്കൂലി 20 ശതമാനം വരെയാകാനും സാധ്യതയുണ്ട്. കല്ലുകൾ പതിപ്പിച്ചതും പ്രത്യേക ഡിസൈനുകളുള്ളതുമായ ആഭരണങ്ങൾക്ക് പണിക്കൂലി ഇതിലും കൂടും. ഗ്രാമിൻ്റെ വിലയോടൊപ്പം പണിക്കൂലിയും നികുതിയും ചേരുമ്പോഴാണ് ആഭരണവില സാധാരണക്കാർക്ക് അപ്രാപ്യമാകുന്നത്. സ്വർണ വിലയിലെ അസ്ഥിരത സാധാരണക്കാരായ കുടുംബങ്ങളുടെ സാമ്പത്തിക പദ്ധതിയേയും വിവാഹ ബജറ്റിനെയുമാണ് പ്രധാനമായും അവതാളത്തിലാക്കുന്നത്.
ആഗോള വിപണിയിലെ സ്വാധീനം
ആഗോള വിപണിയിലുണ്ടാകുന്ന മാറ്റങ്ങൾ രാജ്യത്തെ സ്വർണവിലയിൽ വേഗത്തിൽ പ്രതിഫലിക്കാറുണ്ട്. പശ്ചിമേഷ്യ ഉൾപ്പെടെ വിവിധ രാജ്യങ്ങൾ തമ്മിലുള്ള യുദ്ധസാഹചര്യങ്ങളും രാഷ്ട്രീയ അനിശ്ചിതത്വങ്ങളുമാണ് പ്രധാനമായും വിപണിയിൽ പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ആഗോള നിക്ഷേപകർ സ്വർണത്തെയും വെള്ളിയെയും കൂടുതലായി ആശ്രയിക്കുന്നു. ഇതോടെ വിപണിയിൽ മികച്ച ഡിമാൻഡ് ലഭിക്കുകയും വില കുതിച്ചുയരുകയും ചെയ്തു.
ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നതും സ്വർണം ഇറക്കുമതി ചെയ്യുന്നതിന് സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നു. ഈ ഘടകങ്ങളാണ് പ്രാദേശിക വില ഉയർന്ന നിരക്കിലെത്താൻ കാരണമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. വിദേശവിനിമയ കരുതൽശേഖരം വർധിപ്പിക്കുക ലക്ഷ്യമിട്ട് കേന്ദ്രബാങ്കുകൾ വലിയ തോതിൽ സ്വർണം വാങ്ങുന്നതും ആഗോളതലത്തിൽ വിലവർധനയ്ക്ക് കാരണമായി. വിപണിയിലെ വിതരണത്തിലുള്ള കുറവും വിലയെ നേരിട്ട് സ്വാധീനിക്കുന്നു. യുഎസ് കേന്ദ്രബാങ്ക് പലിശ നിരക്കുകളിൽ വരുത്തുന്ന മാറ്റങ്ങളും രാജ്യാന്തര സ്വർണവിപണിയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ്. സാമ്പത്തിക മാന്ദ്യത്തിൻ്റെ സൂചനകൾ ഉണ്ടാകുമ്പോഴെല്ലാം നിക്ഷേപകർ സ്വർണത്തിലേക്ക് തിരിയുന്നത് ആഗോളവിപണിയിൽ പതിവാണ്.
കുതിച്ചുയർന്ന് വെള്ളിവില
സ്വർണത്തോടൊപ്പം സമാനമായ വിലവർധനയാണ് വെള്ളിയിലും കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയത്. വ്യാവസായിക ആവശ്യങ്ങൾക്കായി വെള്ളിയുടെ ഉപയോഗം നിലവിൽ വർധിച്ചതാണ് ഇതിന് പ്രധാന കാരണം. സോളാർ പാനലുകൾ, വൈദ്യുത വാഹനങ്ങൾ, മൊബൈൽ ഫോണുകൾ, മറ്റ് സാങ്കേതിക ഉപകരണങ്ങൾ എന്നിവയുടെ നിർമാണത്തിൽ വെള്ളി വ്യാപകമായി ഉപയോഗിക്കുന്നു. വാണിജ്യ കേന്ദ്രമായ ചൈന വലിയ തോതിൽ വെള്ളി വാങ്ങി സൂക്ഷിക്കുന്നതും വിപണിയിലുണ്ടാക്കുന്ന പ്രതിസന്ധി ചെറുതല്ല.
ഭാവിയിലെ ഉത്പന്ന നിർമാണ ആവശ്യകത മുൻകൂട്ടിക്കണ്ടാണ് ചൈനീസ് കമ്പനികൾ കൂടുതൽ ലോഹങ്ങൾ സംഭരിക്കുന്നത്. വ്യാവസായിക ആവശ്യകത ലോകമെമ്പാടും വർധിച്ചതും ഖനനമേഖലകളിൽ നിന്നുള്ള വിതരണത്തിൽ വലിയ കുറവുണ്ടായതുമാണ് വെള്ളിയുടെ വില പുതിയ റെക്കോഡിലെത്താൻ കാരണമായത്. വരും ദിവസങ്ങളിലും പ്രാദേശിക വിപണിയിൽ ഈ ഏറ്റക്കുറച്ചിലുകൾ തുടരാനാണ് സാധ്യതയുണ്ടെന്നാണ് സാമ്പത്തിക നിരീക്ഷകർ വ്യക്തമാക്കുന്നത്. സ്വർണം പോലെ തന്നെ വെള്ളി ആഭരണങ്ങൾക്കും വലിയ ഡിമാൻഡ് ഉള്ളതിനാൽ സാധാരണക്കാരെ ഈ വിലക്കയറ്റവും പ്രതികൂലമായി ബാധിക്കുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR