തൃശൂർ പൂരത്തില് ആനകളെ എഴുന്നള്ളിക്കുന്നത് സംബന്ധിച്ച പൊതുതാത്പ്പര്യ ഹർജിയില് സംസ്ഥാന സർക്കാരിന്റെയും പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെയും പ്രതികരണം തേടി ഹൈക്കോടതി
Ernakulam, 24 ഏപ്രില് (H.S.) ഏപ്രിൽ 26 ന് നടക്കാനിരിക്കുന്ന തൃശൂർ പൂരത്തില് ആനകളെ എഴുന്നള്ളിക്കുന്നത് സംബന്ധിച്ച പൊതുതാത്പ്പര്യ ഹർജിയില് സംസ്ഥാന സർക്കാരിന്റെയും പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെയും പ്രതികരണം തേടി ഹൈക്കോടതി. തൃശൂർ പൂരം ഉൾപ്പെ
High Court of Kerala


Ernakulam, 24 ഏപ്രില് (H.S.)

ഏപ്രിൽ 26 ന് നടക്കാനിരിക്കുന്ന തൃശൂർ പൂരത്തില് ആനകളെ എഴുന്നള്ളിക്കുന്നത് സംബന്ധിച്ച പൊതുതാത്പ്പര്യ ഹർജിയില് സംസ്ഥാന സർക്കാരിന്റെയും പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെയും പ്രതികരണം തേടി ഹൈക്കോടതി. തൃശൂർ പൂരം ഉൾപ്പെടെയുള്ള ക്ഷേത്രോത്സവങ്ങളിൽ ആനകളെ എഴുന്നള്ളിക്കുന്നത് സംബന്ധിച്ച് നിർദേശങ്ങൾ പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാത്പര്യ ഹജിയിലാണ് ഹൈക്കോടതി ഇടപെടല്. പൊതുതാൽപ്പര്യ ഹർജി പരിഗണിച്ച ജസ്റ്റിസ് സിയാദ് റഹ്മാൻ, കെ വി ജയകുമാർ എന്നിവരടങ്ങിയ ബെഞ്ച് സംസ്ഥാന സർക്കാരിനും പൂരം സംഘടിപ്പിക്കുന്ന രണ്ട് ദേവസ്വങ്ങൾക്കും നോട്ടിസ് അയച്ചു.

സമാനമായ ഒരു വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും അതിനാൽ ഹൈക്കോടതിക്ക് തൽക്കാലം ഒരു നിർദേശവും പുറപ്പെടുവിക്കാൻ കഴിയില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. സമ്മർദം, ഭയം അല്ലെങ്കിൽ പരിക്ക് എന്നിവ ഉണ്ടാക്കുന്ന സാഹചര്യങ്ങൾക്ക് ആനകളെ വിധേയമാക്കരുതെന്നും, വെടിക്കെട്ടുകളിൽ നിന്ന് മതിയായ സുരക്ഷാ അകലം പാലിക്കണമെന്നും, കൊടും ചൂടിൽ അവയെ എഴുന്നള്ളിക്കരുതെന്നും 2013 ലെ സംസ്ഥാന സർക്കാർ സർക്കുലർ ഉണ്ടെന്നും അവകാശപ്പെട്ടായിരന്നു പൊതുതാത്പര്യ ഹർജി. തൃശൂർ നിവാസിയായ വി കെ വെങ്കിടാചലം ആണ് പൊതുതാൽപ്പര്യ ഹർജി (പിഐഎൽ) സമർപ്പിച്ചത്.

നിയമപരവും ഭരണപരവുമായ ചട്ടക്കൂടുകൾ ഉണ്ടെങ്കിലും, സംസ്ഥാനത്തുടനീളമുള്ള ക്ഷേത്രോത്സവങ്ങളിൽ, പ്രത്യേകിച്ച് തൃശൂർ പൂരവുമായി ബന്ധപ്പെട്ട് വ്യാപകമായ ലംഘനങ്ങൾ ആവർത്തിച്ച് നടക്കുന്നുണ്ട്. ഉഗ്ര ശബ്ദമുണ്ടാക്കുന്ന വെടിക്കെട്ടുകള്ക്ക് സമീപം ആനയെ എത്തിക്കുക, നിശ്ചിത സുരക്ഷാ അകലം പാലിക്കാതെ ജനക്കൂട്ടത്തിനിടയിൽ നിർത്തുക, നിയന്ത്രിത സമയങ്ങളിൽ എഴുന്നള്ളത്ത് നടത്തുക, മതിയായ വിശ്രമമോ ഭക്ഷണമോ വെള്ളമോ ഇല്ലാതെ ദീർഘനേരം എഴുന്നളളിക്കുക എന്നിവയ്ക്ക് വിധേയമാക്കുന്നു -ഹർജിയില് പറയുന്നു.

2012 ലെ കേരള ക്യാപ്റ്റീവ് എലിഫന്റ്സ് (മാനേജ്മെന്റ് ആൻഡ് മെയിന്റനൻസ്) നിയമങ്ങളും 2013 ലെ സർക്കാർ സർക്കുലറും ഉത്സവങ്ങളുമായി ബന്ധപ്പെട്ട് കർശനമായി നടപ്പിലാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഹർജിയില് മെയ് 25 ന് കോടതി കൂടുതൽ വാദം കേൾക്കും.

അതേസമയം, തിരുമ്പാടിയുടെ വെടിക്കെട്ടുപുരയില് ഉണ്ടായ അപകടത്തില് ഇന്നും ശരീര ഭാഗങ്ങള് കണ്ടെത്തി. പൊലീസ് ഉദ്യോഗസ്ഥർ വിവിധ ടീമുകളായി തിരിഞ്ഞ് നടത്തിയ പരിശോധനയിലാണ് കൈ, തല എന്നീ ഭാഗങ്ങൾ കണ്ടെടുത്തത്. അപകടം നടന്ന വെടിക്കെട്ട് പുരയോട് ചേർന്നുള്ള പ്രദേശത്ത് രാവിലെ മുതൽ പരിശോധന നടത്തിയെങ്കിലും കാര്യമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്നാണ് പൊലീസ് ഉദ്യോഗസ്ഥർ വിവിധ ടീമുകൾ ആയി തിരിഞ്ഞ് നാട്ടുകാരുടെ കൂടി സഹായത്തോടെ പരിസരപ്രദേശങ്ങളിൽ ഉള്ള വീടുകളിലും പറമ്പുകളിലും പരിശോധന ആരംഭിച്ചത്. ഈ തെരച്ചിലില് കൂടുതല് ശരീര ഭാഗങ്ങള് കണ്ടെത്തുകയായിരുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News