Enter your Email Address to subscribe to our newsletters

Kasaragod , 24 ഏപ്രില് (H.S.)
കേരളത്തിൽ താപനില ഉയരുന്ന സാഹചര്യത്തിൽ മൂന്ന് ദിവസം അതീവ ജാഗ്രതാ നിർദേശം നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 24 മുതൽ 27 വരെയാണ് ജാഗ്രത നിർദേശം നൽകിയിട്ടുള്ളത്. സുരക്ഷ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
കേരളത്തിൽ വിവിധ സ്ഥലങ്ങളിൽ നിന്നും സൂര്യാതപം ഏൽക്കുന്ന കേസുകൾ കൂടുന്ന സാഹചര്യത്തിൽ ആണ് ജാഗ്രതാ നിർദേശം. സെൽഫ് ലോക്ക്ഡൗൺ പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. വ്യാഴാഴ്ച മൂന്ന് ജില്ലകളിൽ ഉഷ്ണ തരംഗ സാധ്യത മുന്നറിയിപ്പ് നൽയിരുന്നുവെങ്കിലും ഇന്ന് രണ്ടു ജില്ലകളിലാണ് മുന്നറിയിപ്പ് ഉള്ളത്.
പാലക്കാട്, തൃശൂർ ജില്ലകളിലാണ് ഉഷ്ണ തരംഗ സാധ്യത മുന്നറിയിപ്പ് നിലനിൽക്കുന്നത്. പാലക്കാട് 41 ഉം തൃശൂരിൽ 40 വരെയും താപനില ഉയർന്നേക്കാം. ഇടുക്കി, വയനാട് ഒഴികെ ബാക്കി ജില്ലകളിൽ മഞ്ഞ അലെർട് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. അതേസമയം 28 മുതൽ കേരളത്തിൽ എല്ലാ ജില്ലകളിലും വേനൽ മഴയ്ക്കു സാധ്യത ഉണ്ടെന്നും ഇതോടെ താപനില കുറയാൻ സാധ്യത ഉണ്ടെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മേധാവി നീത കെ ഗോപാൽ പറഞ്ഞു.
മഴ കുറച്ചു ദിവസം നീണ്ടു നിൽക്കുമെന്നും അവർ പറഞ്ഞു. അന്തരീക്ഷത്തിലെ പ്രതിഭാസമായ എതിർചുഴലി (ആൻ്റി സൈക്ലോൺ) ദുർബലമായി തുടങ്ങി. എതിർചുഴലിയുടെ സ്വാധീനം കുറയുന്നതിനാലാണ് അടുത്തദിവസങ്ങളിൽ മഴ പ്രതീക്ഷിക്കുന്നത്.
ഉഷ്ണ തരംഗം 2016 ലും 2024 ലും
താപനില ഉയർന്നതോടെ 2016 ലും 2024 ലും കേരളത്തിൽ ഉഷ്ണ തരംഗം റിപ്പോർട്ട് ചെയ്യിരുന്നു .2016 ൽ പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ആണ് ഉഷ്ണ തരംഗം റിപ്പോർട്ട് ചെയ്തത്. ഏപ്രിൽ 30 ന് പാലക്കാട് 41.5 ഉം കോഴിക്കോട് 38.5 ഡിഗ്രി സെൽഷ്യസും റിപ്പോർട്ട് ചെയ്തു. അതേവർഷം തന്നെ മെയ് 1, 2, 3 തീയതികളിലും റിപ്പോർട്ട് ചെയ്തിരുന്നു. 2024 ൽ പാലക്കാട് ഉഷ്ണ തരംഗം റിപ്പോർട്ട് ചെയ്തിരുന്നു. ഏപ്രിൽ 26, 27, 28 തീയതികളിൽ ആണ് റിപ്പോർട്ട് ചെയ്തത്. അതിന് ശേഷമാണ് 2026 ൽ വീണ്ടും മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.
ആശങ്കയോടെ കാലവർഷവും
ഈ വർഷത്തെ കാലവർഷത്തിൽ കേരളത്തിലും ഇത്തവണ മഴ കുറവായിരിക്കുമെന്ന പ്രഖ്യാപനവും ആശങ്കയിലാക്കുന്നു. നിലവിൽ വേനൽ മഴയിൽ 38 ശതമാനം കുറവാണു രേഖപ്പെടുത്തിയിട്ടുള്ളത്.രാജ്യത്താകെ ദീർഘകാല ശരാശരിയുടെ 92 ശതമാനമേ മഴ ലഭിക്കാൻ സാധ്യതയുള്ളൂവെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു. കാലവർഷത്തിൻ്റെ രണ്ടാം പകുതിയിൽ മഴ കുറവാകാനാണ് സാധ്യത.
മഴ കൂടിയും കുറഞ്ഞും
അഞ്ചവർഷങ്ങളിലെ കണക്ക് എടുക്കുമ്പോൾ 2023 ലാണ് വേനൽ മഴ ഏറ്റവും കുറവ് ലഭിച്ചത്. അന്ന് മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളുടെ കണക്കെടുത്തപ്പോൾ 34% കുറവുണ്ടായിരുന്നു. അതേസമയം കഴിഞ്ഞ വർഷം (2025) മാർച്ച് മാസം മുതൽ വേനൽ മഴ ലഭിച്ചിരുന്നു. ഇത് ഏപ്രിലും തുടർന്നു. മെയ് മാസം കാലാവർഷം എത്തിയതോടെ ചൂട് കഠിനമായി അനുഭവപ്പെട്ടില്ല. 39% അധിക വേനൽ മഴയാണ് 2025 ൽ ലഭിച്ചത്. 2018 ൽ 44% അധിക വേനൽ മഴ ലഭിച്ചു. 2021ലും 22 ലും അധിക വേനൽ മഴ ലഭിച്ചു. 2026 ൽ വേനൽ മഴ കുറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR