ലോൺ ആപ് കെണിയിൽ മലയാളികൾ വീണതിൻ്റെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്.
Kozhikode , 24 ഏപ്രില് (H.S.) ലോൺ ആപ് കെണിയിൽ മലയാളികൾ വീണതിൻ്റെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്. സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്ന ദേശീയ പോർട്ടലായ എൻസിആർപിയിൽ (NCRP) മൂന്ന് വർഷത്തിനിടെ കേരളത്തിൽ നിന്ന് മാത്രം 15,000ലേറെ പേരാണ് പരാതി നൽകിയത
Loan app scam


Kozhikode , 24 ഏപ്രില് (H.S.)

ലോൺ ആപ് കെണിയിൽ മലയാളികൾ വീണതിൻ്റെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്. സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്ന ദേശീയ പോർട്ടലായ എൻസിആർപിയിൽ (NCRP) മൂന്ന് വർഷത്തിനിടെ കേരളത്തിൽ നിന്ന് മാത്രം 15,000ലേറെ പേരാണ് പരാതി നൽകിയത്. എന്നാൽ തുടർനടപടി സ്വീകരിക്കാനും എഫ്ഐആർ രജിസ്റ്റർ ചെയ്യാനും 284 പേർ മാത്രമാണ് തയാറായത്. 70 കോടി രൂപയോളം നഷ്ടപ്പെട്ടതിൽ 28 കോടി രൂപ പൊലീസ് തിരിച്ചുപിടിച്ചു.

കൊവിഡ് മഹാമാരിക്ക് ശേഷം ഡിജിറ്റൽ ഇടപാടുകൾ വർധിച്ചതോടെയാണ് ഇത്തരം വ്യാജ ആപ്പുകൾ കേരളത്തിൽ പിടിമുറുക്കിയത്. 2021 മുതൽ ഇത് വ്യാപകമായി. പരാതികളിൽ ഉൾപ്പെട്ട 1836 ലോൺ ആപ്പുകൾ പൊലീസ് ഇടപെട്ട് നീക്കം ചെയ്തു. ഇതിനിടെ സംസ്ഥാനത്ത് നടന്ന ഏഴ് ആത്മഹത്യകൾക്ക് ഇത്തരം തട്ടിപ്പുകളുമായി ബന്ധമുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു.

കണ്ണൂരിലെ ദന്തൽ കോളജ് വിദ്യാർഥി നിതിൻ രാജിൻ്റെ മരണത്തോടെയാണ് ലോൺ ആപ് കെണിയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ കൂടുതൽ ചർച്ചയായത്. ആകെയുള്ള ഇരകളിൽ 20 ശതമാനവും വീട്ടമ്മമാരാണ്. ഇതിനുപുറമെ 32 ശതമാനം സ്വകാര്യ കമ്പനി ജീവനക്കാരും ഒമ്പത് ശതമാനത്തോളം വ്യാപാരികളും നാല് ശതമാനത്തിലധികം വിദ്യാർഥികളുമാണ് തട്ടിപ്പിനിരയായത്. ഡ്രൈവർമാർ, പെൻഷൻകാർ എന്നിവരും വലയിലായിട്ടുണ്ട്. മലപ്പുറം, എറണാകുളം റൂറൽ, പാലക്കാട്, ആലപ്പുഴ എന്നിവിടങ്ങളിൽ ആയിരത്തിലധികം കേസുകൾ ഇതിനോടകം റിപ്പോർട്ട് ചെയ്തു.

തട്ടിപ്പിന് പിന്നിൽ ഉത്തരേന്ത്യൻ സംഘം

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുള്ളവരാണ് തട്ടിപ്പിന് പിന്നിൽ പ്രവർത്തിക്കുന്നതെന്നാണ് കണ്ടെത്തൽ. ബിഹാർ, രാജസ്ഥാൻ, ഝാർഖണ്ഡ്, ഉത്തർപ്രദേശ്, ഡൽഹി, പശ്ചിമബംഗാൾ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് സംഘത്തിലുള്ളത്. ഇവർ തട്ടിയെടുക്കുന്ന പണം ക്രിപ്റ്റോ കറൻസിയാക്കി കംബോഡിയ, ചൈന, മലേഷ്യ, സൈപ്രസ് തുടങ്ങിയ വിദേശ രാജ്യങ്ങളിലേക്ക് മാറ്റുന്നതായി സൈബർ ക്രൈം വിഭാഗം കണ്ടെത്തി.

കോഴിക്കോട് സിറ്റി പൊലീസ് പരിധിയിൽ സമാനമായ മൂന്ന് കേസുകളാണ് രജിസ്റ്റർ ചെയ്തത്. 2022 ഏപ്രിൽ ആറിനാണ് ആദ്യ കേസ്. പരാതിക്കാരിയുടെ ഫോണിൽ അപേക്ഷിക്കാതെ തന്നെ 3300 രൂപ അക്കൗണ്ടിലെത്തി. പിന്നീട് പലിശയടക്കം 6000 രൂപ തിരിച്ച് ഈടാക്കി. കൂടുതൽ പണം ആവശ്യപ്പെട്ട് നിരന്തരം ശല്യപ്പെടുത്തൽ ആരംഭിച്ചു. രണ്ട് മാസത്തിന് ശേഷം ഇവരുടെ മോർഫ് ചെയ്ത ചിത്രങ്ങൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചതോടെയാണ് യുവതി പൊലീസിനെ സമീപിച്ചത്.

നിയമാനുസൃതമെന്ന് തെറ്റിദ്ധരിച്ച് ആപ് ഡൗൺലോഡ് ചെയ്ത മറ്റൊരു യുവതിക്ക് 39,000 രൂപ നഷ്ടമായി. ഇവരുടെ മോർഫ് ചെയ്ത ചിത്രങ്ങളും ഫോണിലെ കോൺടാക്റ്റ് ലിസ്റ്റിലുള്ള മുഴുവൻ പേർക്കും സംഘം അയച്ചു. അടുത്തിടെ പത്ത് മിനിറ്റിൽ 55,000 രൂപ വായ്പയെന്ന വാഗ്ദാനത്തിൽ ഫോണിൽ ആപ് ഇൻസ്റ്റാൾ ചെയ്ത കോഴിക്കോട് സ്വദേശിയായ യുവാവിന് 65,000 രൂപ നഷ്ടമായി. ലോൺ ഗ്യാരൻ്റിയെന്ന പേരിൽ പലതവണകളായി ഇയാളിൽ നിന്ന് പണം തട്ടിയെടുത്തു. ഇതിന് പുറമെ വടകരയിൽ ലോൺ ആപ്പിൽ നിന്ന് വായ്പയെടുത്ത വിഷ്ണു എന്ന യുവാവിനെ കാണാതായ സംഭവവുമുണ്ട്.

ആപ്പുകളെ കരുതിയിരിക്കണംഫോണിൽ ആപ് ഇൻസ്റ്റാൾ ചെയ്യുന്നതിന് പിന്നാലെ സ്വകാര്യ വിവരങ്ങളും ചിത്രങ്ങളും കൈക്കലാക്കിയ ശേഷമാണ് തട്ടിപ്പുകാർ ഭീഷണി ആരംഭിക്കുന്നതെന്ന് കേസുകൾ അന്വേഷിക്കുന്ന കോഴിക്കോട് സിറ്റി സൈബർ ക്രൈം എസ്ഐ വിനോദ് കുമാർ വ്യക്തമാക്കി. ഡാറ്റകൾ സൂക്ഷിക്കാൻ വിപുലമായ സർവർ സംവിധാനം ഇവർക്കുണ്ട്. ഗൂഗിൾ പ്ലേ സ്റ്റോറിലും മറ്റും കാണുന്ന എല്ലാ ആപ്പുകളും അംഗീകൃതമല്ല.

റിസർവ് ബാങ്ക് (RBI) അംഗീകാരമുള്ള ബാങ്കുകളോ എൻബിഎഫ്സികളോ (NBFC) നടത്തുന്നവ മാത്രമാണ് സുരക്ഷിതം. ഫോണിലെ കോൺടാക്റ്റുകളും ഗാലറിയും പരിശോധിക്കാൻ അനുവാദം ചോദിക്കുന്ന ആപ്പുകളെ ജാഗ്രതയോടെ കാണണം. നിബന്ധനകൾ വായിക്കാതെയുള്ള ആക്സസ് നൽകൽ ഭാവിയിൽ അപകടം ക്ഷണിച്ചുവരുത്തുമെന്നും അദ്ദേഹം നിർദേശിച്ചു.

നിരവധി വ്യാജ ആപ്പുകളാണ് നിലവിൽ വായ്പ വാഗ്ദാനം ചെയ്യുന്നത്. അയ്യായിരം രൂപ ആവശ്യപ്പെട്ടാൽ 3500 മുതൽ 3800 രൂപ വരെയാകും ലഭിക്കുക. ബാക്കി തുക സർവീസ് ചാർജായി ഈടാക്കുന്നു. ഒരാഴ്ച കഴിഞ്ഞാൽ അയ്യായിരം രൂപ തന്നെ തിരിച്ചടയ്ക്കണം. ചില ദിവസങ്ങൾക്ക് ശേഷം വീണ്ടും പണം നൽകാനുണ്ടെന്ന് കാണിച്ച് സന്ദേശം വരും. മാനഹാനി ഭയന്ന് പലരും വീണ്ടും പണമടയ്ക്കും.

പണം നൽകാത്തവരുടെ ഫോട്ടോകൾ മോർഫ് ചെയ്ത് ബന്ധുക്കൾക്കടക്കം അയക്കും. ഇത്തരം സമ്മർദങ്ങളെ തുടർന്നാണ് പലർക്കും ജീവൻ നഷ്ടപ്പെട്ടതും നാടുവിടേണ്ടി വന്നതും. കെണി മനസ്സിലായവരിൽ ചെറിയൊരു വിഭാഗം മാത്രമാണ് പൊലീസിനെ സമീപിക്കുന്നത്.

പരാതി നൽകേണ്ടതെങ്ങനെ?കെണിയിൽ പെട്ടാൽ ഔദ്യോഗിക എൻസിആർപി (NCRP) പോർട്ടലായ cybercrime.gov.in എന്ന വെബ്സൈറ്റിലാണ് ആദ്യം പരാതി നൽകേണ്ടത്. പുതിയ ഉപയോക്താക്കൾ സ്വന്തം പേരും ഇന്ത്യൻ മൊബൈൽ നമ്പറും നൽകി രജിസ്റ്റർ ചെയ്ത് ഒടിപി മുഖേന ലോഗിൻ ചെയ്യണം. തുടർന്ന് മറ്റ് സൈബർ കുറ്റകൃത്യങ്ങൾ എന്ന് രേഖപ്പെടുത്തിയ ലിങ്ക് വഴി പരാതി നൽകാം. കുറ്റകൃത്യത്തിൻ്റെ ഉപവിഭാഗമായി സാമ്പത്തിക തട്ടിപ്പുകൾ എന്ന് തെരഞ്ഞെടുത്ത് വിവരങ്ങൾ, തീയതി, സമയം എന്നിവയ്ക്ക് പുറമെ വ്യക്തമായ തെളിവുകളും അപ്ലോഡ് ചെയ്യണം. ഇതിന് ശേഷം ലഭിക്കുന്ന റഫറൻസ് നമ്പർ ഉപയോഗിച്ച് പരാതിയുടെ അന്വേഷണ പുരോഗതി അറിയാം.

സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ സൈബർ കുറ്റകൃത്യങ്ങൾ പോർട്ടലിൽ പേര് വെളിപ്പെടുത്താതെയും റിപ്പോർട്ട് ചെയ്യാം. സാമ്പത്തിക തട്ടിപ്പിനിരയായാൽ ഉടൻ 1930 എന്ന ഹെൽപ് ലൈൻ നമ്പറിലും വിവരമറിയിക്കാം. തട്ടിപ്പ് നടന്ന് ആദ്യത്തെ നാല് മണിക്കൂറിനുള്ളിൽ വിവരമറിയിക്കുന്നത് പണം തിരിച്ചുപിടിക്കാനുള്ള സാധ്യത വർധിപ്പിക്കും.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News