വെടിക്കെട്ട് ദുരന്തമുണ്ടായ മുണ്ടത്തിക്കോട്ട് മൃതദേഹ ഭാഗങ്ങൾ കണ്ടെത്താനുള്ള പരിശോധന ഇന്നും തുടരുന്നു.
Thrissur , 24 ഏപ്രില് (H.S.) വെടിക്കെട്ട് ദുരന്തമുണ്ടായ മുണ്ടത്തിക്കോട്ട് മൃതദേഹ ഭാഗങ്ങൾ കണ്ടെത്താനുള്ള പരിശോധന ഇന്നും തുടരുന്നു. പൊലീസിൻ്റെ കെ-9 സ്ക്വാഡിലെ അത്യാധുനിക പരിശീലനം ലഭിച്ച കെഡാവർ നായകളായ മായ, മർഫി, ഏയ്ഞ്ചൽ എന്നിവരുടെ സഹായത്തോടെയാണ് ദുര
Fire accident


Thrissur , 24 ഏപ്രില് (H.S.)

വെടിക്കെട്ട് ദുരന്തമുണ്ടായ മുണ്ടത്തിക്കോട്ട് മൃതദേഹ ഭാഗങ്ങൾ കണ്ടെത്താനുള്ള പരിശോധന ഇന്നും തുടരുന്നു. പൊലീസിൻ്റെ കെ-9 സ്ക്വാഡിലെ അത്യാധുനിക പരിശീലനം ലഭിച്ച കെഡാവർ നായകളായ മായ, മർഫി, ഏയ്ഞ്ചൽ എന്നിവരുടെ സഹായത്തോടെയാണ് ദുരന്തഭൂമിയിൽ തെരച്ചിൽ പുരോഗമിക്കുന്നത്. മണിക്കൂറുകളോളം വിശ്രമമില്ലാതെയാണ് ഇവർ ദുരന്ത ഭൂമിയിൽ തെരച്ചിൽ നടത്തുന്നത്. മൃതദേഹങ്ങളുടെ അവശിഷ്ടങ്ങൾ പൂർണമായും കണ്ടെത്തിയെന്ന് ഉറപ്പാക്കുന്നത് വരെ പരിശോധനകൾ തുടരുമെന്നാണ് അന്വേഷണ സംഘവും മറ്റ് ഉദ്യോഗസ്ഥരും വ്യക്തമാക്കുന്നത്.

ആദ്യമായി കെഡാവർ നായകൾ

സംസ്ഥാനത്തെ ഒരു വെടിക്കെട്ട് ദുരന്ത മേഖലയിൽ ആദ്യമായാണ് അവശിഷ്ടങ്ങൾ കണ്ടെത്താൻ കെഡാവർ നായകളുടെ സേവനം അധികൃതർ ഉപയോഗപ്പെടുത്തുന്നത്. അതിശക്തമായ സ്ഫോടനത്തിൽ ചിതറിയ മനുഷ്യ ശരീരഭാഗങ്ങൾ ചാരത്തിനിടയിൽ നിന്ന് മണം പിടിച്ച് കണ്ടെത്താനാണ് നായകളെ പ്രധാനമായും ഉപയോഗിക്കുന്നത്. നാടിനെയാകെ ആശങ്കയിലാക്കിയ ദുരന്തമാണ് മുണ്ടത്തിക്കോട്ടെ വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിച്ച സ്ഥലത്തുണ്ടായത്.

അതിതീവ്രമായ സ്ഫോടനത്തിൽ മനുഷ്യ ശരീരങ്ങൾ തിരിച്ചറിയാനാകാത്ത വിധം അഗ്നിക്കിരയായ അവസ്ഥയിലാണ് തെരച്ചിൽ വലിയൊരു വെല്ലുവിളിയായി മാറിയത്. ഈ സാഹചര്യത്തിലാണ് ഫോറൻസിക് ഉദ്യോഗസ്ഥർക്കും ദേശീയ ദുരന്ത നിവാരണ സേനയ്ക്കുമൊപ്പം കേരള പൊലീസ് തങ്ങളുടെ ഏറ്റവും മികച്ച കെഡാവർ നായകളെത്തന്നെ സംഭവസ്ഥലത്ത് രംഗത്തിറക്കിയത്. കേവലം പൊലീസ് പരിശോധനകൾക്കപ്പുറം, ദുരന്തമുഖങ്ങളിൽ ജീവൻ രക്ഷാ പ്രവർത്തനങ്ങൾക്കും മൃതദേഹങ്ങൾ കണ്ടെത്തുന്നതിനും വേഗത്തിലുള്ള ഇടപെടലുകൾ നടത്താൻ ഈ വിഭാഗത്തിന് എളുപ്പത്തിൽ സാധിക്കും.

മായയും മർഫിയും ഏയ്ഞ്ചലും

പൊലീസിൻ്റെ ശ്വാനസേനയിലെ ശ്രദ്ധേയരായ കുറ്റാന്വേഷണ നായകളാണ് ബെൽജിയൻ മെലിനോയിസ് ഇനത്തിൽപ്പെട്ട മായയും മർഫിയും ഏയ്ഞ്ചലും. പഞ്ചാബിലെ ഭാനുവിലുള്ള ഐ.ടി.ബി.പി.യുടെ നാഷണൽ ട്രെയിനിങ് സെൻ്റർ ഫോർ ഡോഗ്സിൽ നിന്നാണ് ഇവയ്ക്ക് പ്രത്യേക പരിശീലനം നൽകിയത്. മണ്ണിൽ ആഴത്തിൽ പുതഞ്ഞുകിടക്കുന്നതോ, കത്തിക്കരിഞ്ഞ നിലയിലുള്ളതോ ആയ മനുഷ്യ ശരീര ഭാഗങ്ങൾ വിദഗ്ധമായി മണം പിടിച്ചു കണ്ടെത്താൻ വൈദഗ്ധ്യം ലഭിച്ചവരാണ് ഈ മൂന്ന് സേനാനായകളും.

ഫോറൻസിക് സയൻസുമായി ബന്ധപ്പെട്ട കുറ്റാന്വേഷണങ്ങളിൽ ശാസ്ത്രീയമായ തെളിവുകൾ ശേഖരിക്കുന്നതിലും കെഡാവർ നായകളുടെ പങ്ക് വളരെ വലുതാണ്. മനുഷ്യ ശരീരത്തിൽ നിന്ന് വമിക്കുന്ന പ്രത്യേക രാസവസ്തുക്കളുടെയും വാതകങ്ങളുടെയും ഗന്ധം കൃത്യമായി വേർതിരിച്ചറിയാനുള്ള സ്വാഭാവികമായ കഴിവ് ഈ നായകൾക്കുണ്ട്. അതുകൊണ്ടുതന്നെ അതിസൂക്ഷ്മമായ ശരീരഭാഗങ്ങൾ പോലും ഇവയുടെ ശ്രദ്ധയിൽപ്പെടാതെ പോകില്ല. വളരെ ദുഷ്കരമായ സാഹചര്യങ്ങളിലും ഉദ്യോഗസ്ഥർക്ക് നൽകുന്ന സൂചനകൾ അന്വേഷണത്തിൽ നിർണായകമാകും. ആധുനിക സാങ്കേതികവിദ്യയ്ക്ക് പോലും കണ്ടെത്താൻ കഴിയാത്ത തെളിവുകൾ ഇത്തരം നായകളിലൂടെ പലപ്പോഴും പെട്ടെന്ന് കണ്ടെത്താൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടുണ്ട്.

നിർണായക സേവനങ്ങൾസംസ്ഥാനത്ത് മുൻകാലങ്ങളിലുണ്ടായ സമാനമായ പ്രകൃതി ദുരന്തങ്ങളിലും ഇവയുടെ സേവനം നിർണായകമായിരുന്നു. വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലുണ്ടായ വൻ ഉരുൾപൊട്ടലിൽ സർവവും തകർന്നടിഞ്ഞപ്പോൾ മണ്ണിൽ പുതഞ്ഞുകിടന്ന നിരവധി മൃതദേഹങ്ങൾ വളരെ വേഗത്തിൽ കണ്ടെത്താൻ മായയും മർഫിയും വലിയ പങ്ക് വഹിച്ചിരുന്നു. ഇതിന് പുറമെ ഇടുക്കി ജില്ലയിലെ കുടയത്തൂരിലുണ്ടായ ഉരുൾപൊട്ടലിലും ഏയ്ഞ്ചൽ എന്ന നായയുടെ സേവനം പൊലീസും അഗ്നിരക്ഷാ സേനയും മികച്ച രീതിയിൽ പ്രയോജനപ്പെടുത്തിയിട്ടുണ്ട്.ദിവസങ്ങൾ പഴക്കമുള്ളതും വളരെ അഴുകിയതുമായ ശരീരഭാഗങ്ങൾ പോലും കുറഞ്ഞ സമയത്തിനുള്ളിൽ കണ്ടെത്താനുള്ള അസാധാരണമായ ഘ്രാണശേഷി ഈ നായകൾക്കുമുണ്ട്. കെട്ടിട അവശിഷ്ടങ്ങളും ചാരവും ചിതറിയ മറ്റ് വസ്തുക്കളും നിറഞ്ഞ പ്രദേശത്ത് സാധാരണ രീതിയിലുള്ള പരിശോധനകൾ ഉദ്യോഗസ്ഥർക്ക് വളരെയധികം ശ്രമകരമാണ്. എന്നാൽ പ്രത്യേക പരിശീലനം ലഭിച്ച ഈ നായകൾക്ക് വളരെ കുറഞ്ഞ സമയം കൊണ്ട് വലിയ ദൂരപരിധിയിലുള്ള പരിശോധന പൂർത്തിയാക്കാൻ സാധിക്കും.

അപകടസ്ഥലത്തെ മിക്ക ഭാഗങ്ങളിലും നായകളെ ഉപയോഗിച്ചുള്ള പരിശോധന ഇതിനോടകം പൂർത്തിയാക്കിയിട്ടുണ്ട്. ഇനിയും ശരീരഭാഗങ്ങൾ എവിടെയെങ്കിലും അവശേഷിക്കുന്നുണ്ടോയെന്ന സംശയം പൂർണമായും ദൂരീകരിക്കുന്നതിൻ്റെ ഭാഗമായാണ് ദുരന്തഭൂമിയിൽ ഇന്നും തെരച്ചിൽ തുടരുന്നതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. വരും ദിവസങ്ങളിലും കൂടുതൽ സുരക്ഷാ മുൻകരുതലുകളോടെ തന്നെ ദുരന്തമേഖലയിലെ പരിശോധനകൾ കർശനമായി മുന്നോട്ട് കൊണ്ടുപോകാനാണ് അധികൃതരുടെ തീരുമാനം.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News