Enter your Email Address to subscribe to our newsletters

Thrissur , 24 ഏപ്രില് (H.S.)
തൃശൂർ : മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില് തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് കരാറുകാരനും മരിച്ചു. മുണ്ടത്തിക്കോട് സതീഷ് ആണ് മരണത്തിന് കീഴടങ്ങിയതി. വെടിക്കെട്ട് അപകടത്തില് 90 ശതമാനം പൊള്ളലേറ്റ് തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു സതീഷ്.
ഇതോടെ ദുരന്തത്തില് മരിച്ചവരുടെ എണ്ണം 15 ആയതായി ഔദ്യോഗിക വൃത്തങ്ങള് അറിയിച്ചു. സതീഷിനെ കൂടാതെ മറ്റ് മൂന്ന് പേരും അതീവ ഗുരുതര നിലയില് ചികിത്സയില് ഉണ്ടായിരുന്നു. ഇവർ ഇപ്പോഴും ചികിത്സയില് തുടരുകയാണ്.
അതേസമയം, വെടിക്കെട്ട് അപകടം നടന്ന പ്രദേശത്ത് നിന്നും ഇന്ന് കൂടുതല് ശരീര ഭാഗങ്ങള് കണ്ടെത്തിരുന്നു. പൊലീസ് ഉദ്യോഗസ്ഥർ വിവിധ ടീമുകളായി തിരിഞ്ഞ് നടത്തിയ പരിശോധനയിലാണ് ശരീര ഭാഗങ്ങള് കണ്ടെത്തിയത്. കൈ, തല എന്നീ ഭാഗങ്ങളാണ് മുണ്ടത്തിക്കോട് നിന്ന് കണ്ടെടുത്തത്.
അപകടം നടന്ന വെടിക്കെട്ട് പുരയോട് ചേർന്നുള്ള പ്രദേശത്ത് രാവിലെ മുതൽ പരിശോധന നടത്തിയെങ്കിലും കാര്യമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്നാണ് പൊലീസ് ഉദ്യോഗസ്ഥർ വിവിധ ടീമുകൾ ആയി തിരിഞ്ഞ് നാട്ടുകാരുടെ കൂടി സഹായത്തോടെ പരിസരപ്രദേശങ്ങളിൽ ഉള്ള വീടുകളിലും പറമ്പുകളിലും പരിശോധന ആരംഭിച്ചത്.
കണ്ടെത്തിയ ശരീര അവശിഷ്ടങ്ങൾ ഫോറൻസിക് പരിശോധനയ്ക്കുശേഷം ആശുപത്രിയിലേക്ക് മാറ്റി. പൊലീസിൻ്റെ കെ-9 സ്ക്വാഡിലെ അത്യാധുനിക പരിശീലനം ലഭിച്ച മായ, മർഫി, ഏയ്ഞ്ചൽ എന്നീ കെഡാവർ നായകളുടെ സഹായത്തോടെയാണ് കഴിഞ്ഞ ദിവസം മുതൽ ദുരന്തഭൂമിയിൽ തെരച്ചിൽ ആരംഭിച്ചത്. മണിക്കൂറുകളോളം വിശ്രമമില്ലാതെയാണ് ഇവർ അപകടം നടന്ന പ്രദേശത്ത് തെരച്ചിൽ നടത്തുന്നത്. മൃതദേഹങ്ങളുടെ അവശിഷ്ടങ്ങൾ പൂർണമായും കണ്ടെത്തിയെന്ന് ഉറപ്പാക്കുന്നത് വരെ പരിശോധനകൾ തുടരുമെന്നാണ് അന്വേഷണ സംഘവും മറ്റ് ഉദ്യോഗസ്ഥരും വ്യക്തമാക്കുന്നത്.
സംസ്ഥാനത്തെ ഒരു വെടിക്കെട്ട് ദുരന്ത മേഖലയിൽ ആദ്യമായാണ് അവശിഷ്ടങ്ങൾ കണ്ടെത്താൻ കെഡാവർ നായകളുടെ സേവനം അധികൃതർ ഉപയോഗപ്പെടുത്തുന്നത്. അതിശക്തമായ സ്ഫോടനത്തിൽ ചിതറിയ മനുഷ്യ ശരീരഭാഗങ്ങൾ ചാരത്തിനിടയിൽ നിന്ന് മണം പിടിച്ച് കണ്ടെത്താനാണ് നായകളെ പ്രധാനമായും ഉപയോഗിക്കുന്നത്. നാടിനെയാകെ ആശങ്കയിലാക്കിയ ദുരന്തമാണ് മുണ്ടത്തിക്കോട്ടെ വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിച്ച സ്ഥലത്തുണ്ടായത്.
ഏപ്രില് 21നാണ് നാടിനെ നടുക്കി തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില് അപകടമുണ്ടായത്. തൃശൂർ പൂരത്തിനുള്ള തിരുവമ്പാടി വിഭാഗത്തിൻ്റെ വെടിക്കോപ്പ് നിർമാണ യൂണിറ്റുകളായിരുന്നു ഇത്. സ്ത്രീകളടക്കമുള്ള തൊഴിലാളികള് ജോലി ചെയ്തിരുന്ന വെടിപ്പുരയിലാണ് ഉഗ്ര സ്ഫോടനം നടന്നത്. വൈകിട്ട് മൂന്നരയോടെയാണ് ആദ്യ സ്ഫോടനം ഉണ്ടായത്. അഞ്ച് താത്ക്കാലിക പുരകളിലായാണ് പടക്ക നിർമാണം നടന്നത്. അഞ്ചിടത്തും തീ പടർന്നു. സ്ഫോടനത്തിന്റെ ആഘാതത്തില് പ്രദേശത്തെ വീടുകള്ക്ക് പോലും കേടുപാടുകള് സംഭവിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR