സൈബർ സുരക്ഷാ പരിശീലന സ്ഥാപനമായ റെഡ് ടീം ഹാക്കർ അക്കാദമി യുടെ സെർവർ ഹാക്ക് ചെയ്യപ്പെട്ടു.
Kozhikode , 24 ഏപ്രില് (H.S.) നഗരത്തിലെ സൈബർ സുരക്ഷാ പരിശീലന സ്ഥാപനമായ റെഡ് ടീം ഹാക്കർ അക്കാദമി യുടെ സെർവർ ഹാക്ക് ചെയ്യപ്പെട്ടു. വിദ്യാർഥികളുടെ വിവരങ്ങൾ ചോർത്തിയ ഹാക്കർമാർ അതിൻ്റെ മറവിൽ പണവും തട്ടിയെടുത്തെന്ന് കണ്ടെത്തൽ. വിദ്യാർഥികളുടെ ഡാറ്റ പര
Red Team Hacker Academy


Kozhikode , 24 ഏപ്രില് (H.S.)

നഗരത്തിലെ സൈബർ സുരക്ഷാ പരിശീലന സ്ഥാപനമായ റെഡ് ടീം ഹാക്കർ അക്കാദമി യുടെ സെർവർ ഹാക്ക് ചെയ്യപ്പെട്ടു. വിദ്യാർഥികളുടെ വിവരങ്ങൾ ചോർത്തിയ ഹാക്കർമാർ അതിൻ്റെ മറവിൽ പണവും തട്ടിയെടുത്തെന്ന് കണ്ടെത്തൽ.

വിദ്യാർഥികളുടെ ഡാറ്റ പരസ്യപ്പെടുത്തുമെന്നു ഭീഷണി മുഴക്കിയാണ് 1000 യുഎസ് ഡോളർ തട്ടിയത്. അത്രയും മൂല്യം വരുന്ന ഇന്ത്യൻ മണി ക്രിപ്റ്റോകറൻസിയായാണ് കൈമാറിയത്. സംഭവത്തിൽ കോഴിക്കോട് സിറ്റി സൈബർ ക്രൈം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

കഴിഞ്ഞ മാസം 12 ന് രാത്രിയാണ് സംഭവം നടന്നത്. അതീവ സുപ്രധാനമായ വിവരങ്ങളും വിദ്യാർഥികളുടെ വ്യക്തിഗത വിവരങ്ങളും മോഷ്ടിച്ച സംഘം സൈബർ സ്ട്രൈക്ക് ടീം എന്ന ടെലിഗ്രാം ഐഡി വഴി പരാതിക്കാരനെ ബന്ധപ്പെട്ട് പണം ആവശ്യപ്പെടുകയായിരുന്നു. പണം ലഭിച്ചതോടെ തട്ടിയെടുത്ത രേഖകൾ വിദ്യാർഥികൾ കൈമാറി.

വീണ്ടും ബന്ധപ്പെട്ട സംഘം എങ്ങനെയാണ് ഹാക്കിങ് നടത്തിയതെന്ന് അറിയേണ്ടേ എന്ന് ചോദിച്ചു. താത്പര്യമില്ല എന്ന് പരാതിക്കാർ അറിയിച്ചതോടെ ഹാക്കർമാർ ഭീഷണി ആരംഭിച്ചു. മോഷ്ടിച്ച വിവരങ്ങൾ യൂ ട്യൂബ്, വാട്സ് ആപ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങൾ വഴി പരസ്യപ്പെടുത്തുമെന്നായിരുന്നു ഭീഷണി. ഇതോടെയാണ് റെഡ് ടീം ഹാക്കർ അക്കാദമി പൊലീസിൽ പരാതി നൽകിയത്.

ഭാരതീയ ന്യായ സംഹിത 308, 351 വകുപ്പുകളും, ഐടി ആക്ട് 43, 65, 66, 66(സി) പ്രകാരവുമാണു കേസെടുത്തത്. സൈബർ ക്രൈം പൊലീസ് ഇൻസ്പെക്ടർ എംവി ശ്രീദാസൻ്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പ്രതികൾ രക്ഷപ്പെടാതിരിക്കാൻ അതീവ രഹസ്യം ആയാണ് പരാതിയിൽ അന്വേഷണം നടന്നത്. പ്രതിയെ കുറിച്ച് ഏകദേശ സൂചന ലഭിച്ചതായാണ് വിവരം.

കേരളത്തിലെ പ്രമുഖമായ സൈബർ സെക്യൂരിറ്റി പരിശീലന കേന്ദ്രമാണ് റെഡ് ടീം ഹാക്കർ അക്കാദമി. എത്തിക്കൽ ഹാക്കിങ്, ഇൻഫർമേഷൻ സെക്യൂരിറ്റി തുടങ്ങിയ മേഖലകളിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള കോഴ്സുകളാണ് ഇവിടെ പഠിപ്പിക്കുന്നത്.

ഹാക്കിങ് രീതികളെക്കുറിച്ച് പഠിക്കാനും പ്രതിരോധിക്കാനും സഹായിക്കുന്ന കോഴ്സുകൾ, ഡിജിറ്റൽ ലോകത്തെ സുരക്ഷാ വെല്ലുവിളികളെ നേരിടാനുള്ള പരിശീലനം, ക്ലൗഡ് പ്ലാറ്റ്ഫോമുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള സാങ്കേതിക വിദ്യകൾ, സോഫ്റ്റ്വെയറുകളിലെയും വെബ്സൈറ്റുകളിലെയും സുരക്ഷാ പിഴവുകൾ കണ്ടെത്താനുള്ള പരിശീലനം എന്നിവയാണ് ഇവിടെ നിന്നും പകർന്ന് നൽകുന്നത്.

തിയറിയേക്കാൾ ഉപരിയായി ലാബ് സൗകര്യങ്ങളോട് കൂടിയ പ്രായോഗിക പരിശീലനത്തിനാണ് ഈ കമ്പനി മുൻഗണന നൽകുന്നത്. അന്താരാഷ്ട്ര നിലവാരമുള്ള റെഡ് ടീം ഹാക്കർ അക്കാദമിയെ ആണ് ഒരു സംഘം ഹാക്ക് ചെയ്തിരിക്കുന്നത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News