Enter your Email Address to subscribe to our newsletters

Thiruvananthapuram , 24 ഏപ്രില് (H.S.)
സ്റ്റുഡിയോയുടെ നാല് ചുവരുകൾക്കുള്ളിൽ തളച്ചിട്ടിരുന്ന ഇന്ത്യൻ സിനിമയെ പുറത്തേക്കു നയിച്ച് ലോകത്തിനു മുന്നിലെത്തിച്ച ചലച്ചിത്രകാരൻ സത്യജിത് റേ ഓർമയായിട്ട് 34 വർഷം തികയുന്നു. നാടകീയതയും അതിഭാവുകത്വവും നിറഞ്ഞാടിയിരുന്ന ഇന്ത്യൻ സിനിമയെ വർത്തമാനകാല യാഥാർഥ്യങ്ങളടങ്ങിയ കഥകളിലേക്കു കൈപിടിച്ചു നടത്തിയത് റേ ആയിരുന്നു.
'റേയുടെ സിനിമ കണ്ടിട്ടില്ലെങ്കിൽ സൂര്യനെയോ ചന്ദ്രനെയോ കാണാതെയാണ് നിങ്ങൾ ലോകത്ത് ജീവിക്കുന്നത്' എന്ന് പറഞ്ഞത് പ്രശസ്ത ജാപ്പനീസ് സിനിമാ സംവിധായകനായ അകിര കുറസോവയാണ്. ലൈഫ് ടൈം അച്ചീവ്മെൻ്റ് ഓസ്കാർ പുരസ്കാരം നേടിയ ഏക ഇന്ത്യക്കാരനാണ് സത്യജിത് റേ. ഏറ്റവും കൂടുതൽ ദേശീയ അവാർഡുകൾ നേടിയ ചലച്ചിത്രകാരനും അദ്ദേഹമാണ്.
ഗ്രാഫിക് ഡിസൈനറിൽനിന്ന് ചലച്ചിത്രകാരനിലേക്ക്
എഴുത്തുകാരനായ സുകുമാർ റേയുടെയും സുപ്രഭയുടെയും മകനായി 1921 മേയ് രണ്ടിന് കൊൽക്കത്തയിലാണ് സത്യജിത് റേ ജനിച്ചത്. കൊൽക്കത്ത നഗരത്തിൻ്റെ കിഴക്കുഭാഗത്തുള്ള മാച്ചുബസാറിനു സമീപമുള്ള ഇരുനില കെട്ടിടത്തിലായിരുന്നു ജനനം. കാലിഗ്രഫിയിൽ അസാമാന്യ കഴിവുണ്ടായിരുന്ന റേ വളരെ ചെറുപ്പത്തിൽ തന്നെ ടാഗോറിൻ്റെ ശാന്തിനികേതനിൽ കാലിഗ്രഫി, ടൈപ്പോഗ്രാഫി എന്നിവയിൽ ഉപരിപഠനം പൂർത്തിയാക്കി.
ഗ്രാഫിക് ഡിസൈനറായാണ് റേയുടെ കരിയർ തുടങ്ങുന്നത്. നിരവധി പ്രശസ്തമായ പുസ്തകങ്ങൾക്ക് അദ്ദേഹം മുഖചിത്രമൊരുക്കിയിട്ടുണ്ട്. ചെറുപ്പകാലത്ത് കൊൽക്കത്ത ക്ലബ് ക്രിക്കറ്റിലെ വലംകൈ സ്പിന്നർ കൂടിയായിരുന്നു റേ. നല്ലൊരു ചിത്രകാരനായിരുന്ന അദ്ദേഹം താൻ ചിത്രീകരിക്കാൻ പോകുന്ന രംഗങ്ങളെല്ലാം വരയ്ക്കുമായിരുന്നു. കൂടാതെ നല്ലൊരു പിയാനോ വാദകൻ കൂടിയായിരുന്നു.
ഡോക്യുമെൻ്ററികൾ, ഹ്രസ്വചിത്രങ്ങൾ എന്നിവ ഉൾപ്പെടെ 37 ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു. മാസ്റ്റർപീസായ, 1955ൽ പുറത്തിറങ്ങിയ പഥേർ പാഞ്ചാലിക്ക് 11 രാജ്യാന്തര പുരസ്കാരങ്ങളാണ് ലഭിച്ചത്. വെറൈറ്റി മാസികയുടെ എക്കാലത്തെയും മികച്ച 100 സിനിമകളുടെ പട്ടികയിൽ ഇടംനേടിയ ഏക ഇന്ത്യൻ സിനിമ കൂടിയാണ് നിയോ റിയലിസ്റ്റിക് ക്ലാസിക്കായ ഈ ചിത്രം.
അടുക്കളയിൽ ഒതുങ്ങിനിന്ന സ്ത്രീ കഥാപാത്രങ്ങളെ നായകന്മാർക്കൊപ്പം നിൽക്കുന്നവരായി മാറ്റാൻ ഓരോ സിനിമയിലും റേ ശ്രമിച്ചു. സ്ത്രീകളുടെ മാനസിക സംഘർഷങ്ങൾ അതിതീവ്രമായി ചിത്രീകരിക്കാനും അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു.
കൊൽക്കത്തയിൽ വേരൂന്നിയ കാമറക്കണ്ണുകൾകൊൽക്കത്തയുമായി അഭേദ്യമായ ബന്ധമുണ്ടായിരുന്ന റേ തൻ്റെ ഭൂരിഭാഗം സിനിമകളും കൊൽക്കത്തയുമായി ബന്ധിപ്പിച്ചു. തൻ്റെ ജീവിതവും അനുഭവങ്ങളുമെല്ലാമായിരുന്നു അദ്ദേഹത്തിൻ്റെ കഥാപശ്ചാത്തലം. പ്രതിദ്വന്ദി, സീമാബദ്ധ, ജനാരണ്യ എന്നീ ചിത്രങ്ങൾ കൊൽക്കത്ത നഗരത്തിലേക്കു തിരിച്ചുവച്ച കണ്ണുകളായിരുന്നു. അപുർ സൻസാറിലും കൊൽക്കത്ത തന്നെയായിരുന്നു പശ്ചാത്തലം.
എഴുപതുകളിലെ കൊൽക്കത്തയായിരുന്നു പ്രധാന പശ്ചാത്തലമെങ്കിലും അവയെല്ലാം കാലാതിവർത്തിയായ യാഥാർഥ്യങ്ങളായതിനാൽ ഇപ്പോഴും ശ്രദ്ധിക്കപ്പെടുന്നു. 1970ൽ പുറത്തിറങ്ങിയ സിനിമയായിരുന്നു പ്രതിദ്വന്ദി. അച്ഛൻ്റെ മരണത്തോടെ മെഡിക്കൽ പഠനം നിർത്തി ജോലി അന്വേഷിക്കുന്ന സിദ്ധാർഥൻ എന്ന യുവാവിൻ്റെ കഥയായിരുന്നു അത്.
ഇൻ്റർവ്യൂ ബോർഡിനു മുന്നിൽ കഴിഞ്ഞ 10 വർഷത്തിനിടെ ലോകത്തുണ്ടായ പ്രധാന സംഭവം ഏതാണെന്ന ചോദ്യത്തിന് സിദ്ധാർഥൻ നൽകുന്ന മറുപടി 'വിയറ്റ്നാമിലെ ജനങ്ങളുടെ ചെറുത്തുനിൽപ്' എന്നാണ്. അതോടെ ജോലി നഷ്ടപ്പെടുന്നയിടത്തുനിന്നാണ് സിനിമ ആരംഭിക്കുന്നത്. മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയതാണ് വലിയ സംഭവമെന്ന് പറഞ്ഞിരുന്നെങ്കിൽ ജോലി ലഭിക്കുമായിരുന്നു. ആദ്യസിനിമ പുറത്തിറക്കാൻ പോലും വിട്ടുവീഴ്ചകൾക്ക് തയാറാവാതിരുന്ന റേയുടെ കഥാപാത്രത്തിനും അങ്ങനെ മാത്രമേ മറുപടി നൽകാൻ കഴിയുമായിരുന്നുള്ളു.
ക്ലാസിക്കായി മാറിയ പഥേർ പാഞ്ചാലിയുടെ പിറവികൊൽക്കത്തയിൽ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുന്നതിനിടെ ബിഭൂതിഭൂഷൺ ബന്ദ്യോപാധ്യായയുടെ പഥേർ പാഞ്ചാലിയെന്ന നോവലിന് കവറും രേഖാചിത്രങ്ങളും വരയ്ക്കാൻ റേ നിയോഗിക്കപ്പെട്ടു. നോവലിൽ നല്ലൊരു സിനിമയാണ് റേ കണ്ടത്. ഇതിനുള്ള ശ്രമമാരംഭിച്ച റേ തിരക്കഥയോടൊപ്പം പകർത്താനുള്ള രംഗങ്ങൾ ഒരു പുസ്തകത്തിൽ ചിത്രങ്ങളായി വരച്ചിട്ടു. ചിത്രങ്ങളടങ്ങിയ സ്റ്റോറി ബോർഡുമായി നിരവധി നിർമാതാക്കളെ കണ്ടെങ്കിലും റിയലിസ്റ്റിക്കായ ഒരു സിനിമ നിർമിക്കാൻ ആരും തയാറായില്ല. പാട്ടും നൃത്തവും സ്റ്റണ്ടുമില്ലാതെ സിനിമ വിജയിക്കില്ലെന്ന നിലപാടിലായിരുന്നു നിർമാതാക്കൾ.
ചിത്രീകരണം മുഖ്യമന്ത്രിയുടെ സഹായത്തോടെനിരാശനായ റേ ഒടുവിൽ സ്വന്തമായി സിനിമ നിർമിക്കാൻ തീരുമാനിച്ചു. ലൈഫ് ഇൻഷുറൻസ് പോളിസി പണയംവച്ചും പാശ്ചാത്യ സംഗീത റെക്കോഡുകളുടെ അപൂർവ ശേഖരം വിറ്റും ഇതിനുള്ള ശ്രമങ്ങൾ തുടങ്ങി. അമ്മയുടെയും ഭാര്യയുടെയും ആഭരണങ്ങൾ പണയംവച്ചും പണം കണ്ടെത്തി. 16 എംഎം ക്യാമറയിലായിരുന്നു ചിത്രീകരണം.
പണം തീർന്നതോടെ ചിത്രീകരണം മുടങ്ങി. അന്നത്തെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി ബിസി റോയിയുടെ ഭാര്യ ബേല, റേയുടെ അമ്മയുടെ സുഹൃത്തായിരുന്നു. അമ്മ മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങളവതരിപ്പിച്ചു. മുഖ്യമന്ത്രി സഹായം അനുവദിക്കാൻ കത്ത് നൽകിയെങ്കിലും വാർത്താവിതരണ വകുപ്പ് ഡയറക്ടർ തടഞ്ഞു. സിനിമയിൽ ഇന്ത്യയുടെ ദാരിദ്ര്യമാണ് പ്രമേയമെന്നായിരുന്നു അദ്ദേഹത്തിൻ്റെ ആരോപണം.
എന്നിട്ടും കഥയിൽ മാറ്റം വരുത്താൻ റേ തയാറായില്ല. വീണ്ടും ഇടപെട്ട മുഖ്യമന്ത്രി സഹായം അനുവദിച്ചതോടെ ഷൂട്ടിങ് പുനരാരംഭിച്ചു. സിനിമ പൂർണമായും പുറത്ത് ചിത്രീകരിക്കാനാണ് റേ ശ്രദ്ധിച്ചത്. അഭിനേതാക്കളായി തെരഞ്ഞെടുത്തത് പുതുമുഖങ്ങളെയായിരുന്നു. അന്നുവരെ ക്യാമറ പ്രവർത്തിപ്പിച്ചിട്ടില്ലാത്ത 21 വയസ്സുകാരനായ സുബ്രത മിത്രയെന്ന ഫോട്ടോഗ്രാഫറായിരുന്നു ക്യാമറാമാൻ. ബംഗാളി ഗ്രാമത്തിലെ ദരിദ്ര കുടുംബത്തിൽ ജനിച്ച അപു എന്ന ബാലൻ്റെ കഥ പറയുന്ന ചിത്രം മൂന്ന് വർഷം കൊണ്ടാണ് പൂർത്തിയാക്കിയത്. ഒന്നര ലക്ഷം രൂപ ബജറ്റിൽ പൂർത്തിയായ ചിത്രം 1955ൽ പുറത്തിറങ്ങി.
വിജയമായ ചിത്രം പണം മുടക്കിയ ബംഗാൾ സർക്കാരിന് പതിന്മടങ്ങ് നേട്ടം സമ്മാനിച്ചു. 1956ലെ കാൻ ഫിലിം ഫെസ്റ്റിവലിലെ പുരസ്കാരം ഉൾപ്പെടെ ഒട്ടേറെ രാജ്യാന്തര, ദേശീയ പുരസ്കാരങ്ങൾ പഥേർ പാഞ്ചാലി വാരിക്കൂട്ടി.
എണ്ണിയാലൊടുങ്ങാത്ത പുരസ്കാരങ്ങൾപഥേർ പാഞ്ചാലിക്കുശേഷം രണ്ടാമത്തെ ചിത്രമായ അപരാജിതയുടെ വിജയത്തോടെയാണ് റേ ഇന്ത്യൻ സിനിമാരംഗത്ത് സ്ഥാനമുറപ്പിക്കുന്നത്. അപു അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളായിരുന്നു കഥാപശ്ചാത്തലം. 1959ൽ ഈ തുടർച്ചയുടെ അവസാന ഭാഗമായ അപുർ സൻസാർ (അപുവിൻ്റെ ലോകം) പുറത്തിറങ്ങി. കൊൽക്കത്തയിലെ സാധാരണ തെരുവിൽ പട്ടിണിയിൽ ജീവിക്കുന്ന അപുവിൻ്റെ കുടുംബ ജീവിതമായിരുന്നു അപുർ സൻസാർ.
1992ൽ ആജീവനാന്ത നേട്ടങ്ങൾക്കുള്ള ഓണററി ഓസ്കാർ, 36 ദേശീയ അവാർഡുകൾ, മികച്ച സംവിധായകനുള്ള സിൽവർ ബിയർ പുരസ്കാരം, 1982ലെ കാൻ ഫിലിം ഫെസ്റ്റിവലിലെ ഓണററി അവാർഡ്, അകിര കുറസോവ പുരസ്കാരം, മൂന്ന് പത്മ പുരസ്കാരങ്ങൾ, ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത പുരസ്കാരങ്ങൾ ചരിത്രത്തിൽ റേയ്ക്ക് ലഭിച്ചു. ഏറ്റവും കൂടുതൽ ദേശീയ അവാർഡ് ലഭിച്ച സംവിധായകൻ റേയാണ്. ഡോക്യുമെൻ്ററികൾ ഉൾപ്പെടെ 37 ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു.
വിടപറയുന്നതിന് മുൻപ് തേടിയെത്തിയ ഓസ്കാർ1983ൽ ഘരേ ബായിരേ (വീടും ലോകവും) എന്ന ചലച്ചിത്രത്തിൻ്റെ നിർമാണവേളയിലാണ് റേയ്ക്ക് ഹൃദയാഘാതമുണ്ടാകുന്നത്. ശാരീരികാസ്വാസ്ഥ്യം കാരണം മകൻ്റെ സഹായത്തോടെ 1984ലാണ് ഘരേ ബായിരേ പൂർത്തിയാക്കിയത്. അസുഖം ഭേദമായതിന് ശേഷം നിർമിച്ച അവസാന മൂന്ന് ചിത്രങ്ങളും അധികം പുറമേയല്ല ചിത്രീകരിച്ചിട്ടുള്ളത്. പ്രത്യേക ശൈലിയിൽ സംഭാഷണങ്ങൾക്ക് മുൻതൂക്കം നൽകിയാണ് ഇവ നിർമിച്ചത്.
1992ൽ ഹൃദയസംബന്ധമായ കാരണങ്ങളാൽ റേയുടെ ആരോഗ്യം മോശമായി. മരിക്കുന്നതിന് ആഴ്ചകൾക്ക് മുൻപ് ബഹുമാനസൂചകമായി ലൈഫ് ടൈം അച്ചീവ്മെൻ്റ് ഓസ്കാർ പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചു. അതോടൊപ്പം രാജ്യത്തെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ ഭാരതരത്നയും സമ്മാനിച്ചു. 1992 ഏപ്രിൽ 23ന് ഇന്ത്യ കണ്ടിട്ടുള്ളതിൽ ഏറ്റവും മഹാനായ ആ ചലച്ചിത്രകാരൻ ലോകത്തോട് വിടപറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR