Enter your Email Address to subscribe to our newsletters

Kochi, 24 ഏപ്രില്‍ (H.S.)
തൃശൂര്‍ പൂരത്തില്‍ ആനകളെ എഴുന്നള്ളിക്കുന്നത് സംബന്ധിച്ച പൊതുതാത്പ്പര്യ ഹര്‍ജിയില്‍ പ്രതികരണം തേടി ഹൈക്കോടതി. സംസ്ഥാന സര്‍ക്കാരിന്റെയും പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെയും പ്രതികരണമാണ് ഹൈക്കോടതി തേടിയത്. തൃശൂര്‍ പൂരം ഉള്‍പ്പെടെയുള്ള ക്ഷേത്രോത്സവങ്ങളില്‍ ആനകളെ എഴുന്നള്ളിക്കുന്നത് സംബന്ധിച്ച് നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹജിയിലാണ് ഹൈക്കോടതി ഇടപെടല്‍. പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് സിയാദ് റഹ്‌മാന്‍, കെ വി ജയകുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് സംസ്ഥാന സര്‍ക്കാരിനും പൂരം സംഘടിപ്പിക്കുന്ന രണ്ട് ദേവസ്വങ്ങള്‍ക്കും നോട്ടിസ് അയച്ചു.
സമാനമായ ഒരു വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും അതിനാല്‍ ഹൈക്കോടതിക്ക് തല്‍ക്കാലം ഒരു നിര്‍ദേശവും പുറപ്പെടുവിക്കാന്‍ കഴിയില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. സമ്മര്‍ദം, ഭയം അല്ലെങ്കില്‍ പരിക്ക് എന്നിവ ഉണ്ടാക്കുന്ന സാഹചര്യങ്ങള്‍ക്ക് ആനകളെ വിധേയമാക്കരുതെന്നും, വെടിക്കെട്ടുകളില്‍ നിന്ന് മതിയായ സുരക്ഷാ അകലം പാലിക്കണമെന്നും, കൊടും ചൂടില്‍ അവയെ എഴുന്നള്ളിക്കരുതെന്നും 2013 ലെ സംസ്ഥാന സര്‍ക്കാര്‍ സര്‍ക്കുലര്‍ ഉണ്ടെന്നും അവകാശപ്പെട്ടായിരന്നു പൊതുതാത്പര്യ ഹര്‍ജി. തൃശൂര്‍ നിവാസിയായ വി കെ വെങ്കിടാചലം ആണ് പൊതുതാല്‍പ്പര്യ ഹര്‍ജി (പിഐഎല്‍) സമര്‍പ്പിച്ചത്.
'നിയമപരവും ഭരണപരവുമായ ചട്ടക്കൂടുകള്‍ ഉണ്ടെങ്കിലും, സംസ്ഥാനത്തുടനീളമുള്ള ക്ഷേത്രോത്സവങ്ങളില്‍, പ്രത്യേകിച്ച് തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് വ്യാപകമായ ലംഘനങ്ങള്‍ ആവര്‍ത്തിച്ച് നടക്കുന്നുണ്ട്. ഉഗ്ര ശബ്ദമുണ്ടാക്കുന്ന വെടിക്കെട്ടുകള്‍ക്ക് സമീപം ആനയെ എത്തിക്കുക, നിശ്ചിത സുരക്ഷാ അകലം പാലിക്കാതെ ജനക്കൂട്ടത്തിനിടയില്‍ നിര്‍ത്തുക, നിയന്ത്രിത സമയങ്ങളില്‍ എഴുന്നള്ളത്ത് നടത്തുക, മതിയായ വിശ്രമമോ ഭക്ഷണമോ വെള്ളമോ ഇല്ലാതെ ദീര്‍ഘനേരം എഴുന്നളളിക്കുക എന്നിവയ്ക്ക് വിധേയമാക്കുന്നു' -ഹര്‍ജിയില്‍ പറയുന്നു.
2012 ലെ കേരള ക്യാപ്റ്റീവ് എലിഫന്റ്സ് (മാനേജ്‌മെന്റ് ആന്‍ഡ് മെയിന്റനന്‍സ്) നിയമങ്ങളും 2013 ലെ സര്‍ക്കാര്‍ സര്‍ക്കുലറും ഉത്സവങ്ങളുമായി ബന്ധപ്പെട്ട് കര്‍ശനമായി നടപ്പിലാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജിയില്‍ മെയ് 25 ന് കോടതി കൂടുതല്‍ വാദം കേള്‍ക്കും.
അതേസമയം, തിരുമ്പാടിയുടെ വെടിക്കെട്ടുപുരയില്‍ ഉണ്ടായ അപകടത്തില്‍ ഇന്നും ശരീര ഭാഗങ്ങള്‍ കണ്ടെത്തി. പൊലീസ് ഉദ്യോഗസ്ഥര്‍ വിവിധ ടീമുകളായി തിരിഞ്ഞ് നടത്തിയ പരിശോധനയിലാണ് കൈ, തല എന്നീ ഭാഗങ്ങള്‍ കണ്ടെടുത്തത്. അപകടം നടന്ന വെടിക്കെട്ട് പുരയോട് ചേര്‍ന്നുള്ള പ്രദേശത്ത് രാവിലെ മുതല്‍ പരിശോധന നടത്തിയെങ്കിലും കാര്യമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ വിവിധ ടീമുകള്‍ ആയി തിരിഞ്ഞ് നാട്ടുകാരുടെ കൂടി സഹായത്തോടെ പരിസരപ്രദേശങ്ങളില്‍ ഉള്ള വീടുകളിലും പറമ്പുകളിലും പരിശോധന ആരംഭിച്ചത്. ഈ തെരച്ചിലില്‍ കൂടുതല്‍ ശരീര ഭാഗങ്ങള്‍ കണ്ടെത്തുകയായിരുന്നു.
---------------
Hindusthan Samachar / Sreejith S