Enter your Email Address to subscribe to our newsletters

Kozhikode , 25 ഏപ്രില് (H.S.)
പന്തീരാങ്കാവിലെ ജ്വല്ലറിയിൽ നിന്ന് വളകൾ മോഷ്ടിച്ച് കടന്ന് കളഞ്ഞ പ്രതികൾ പിടിയിൽ. പ്രതികളിൽ ഒരാൾ പ്രായപൂർത്തിയായിട്ടില്ല. കോഴിക്കോട് സ്വദേശിയായ പ്ലസ് വണ് വിദ്യാര്ഥി, പെരുമണ്ണ സ്വദേശി മുഹമ്മദ് സിനാന് (21), പൂവാട്ടുപറമ്പ് സ്വദേശി മുഹമ്മദ് ഇഖ്ബാല് (19) എന്നിവരാണ് പിടിയിലായത്.
പന്തീരാങ്കാവ് അങ്ങാടിയിലെ ഫാഷൻ ജ്വല്ലറിയിലാണ് മോഷണം നടന്നത്. കടയിൽ എത്തിയ പ്രതി ഉടമയോട് വള ആവശ്യപ്പെട്ടു. പിന്നാലെ ആരെയോ വളകൾ വിഡീയോ കോളിലൂടെ കാണിച്ച് കൊടുക്കുകയും ചെയ്തു. കട ഉടമയുടെ ശ്രദ്ധ തിരിഞ്ഞനിമിഷം യുവാവ് നാലു വളകളുമായി ഓടി. വളകൾ കൈക്കലാക്കി നമ്പറില്ലാത്ത സ്കൂട്ടറിൽ രക്ഷപ്പെടുകയായിരുന്നു. പിന്നാലെ പന്തീരാങ്കാവ് പൊലീസ്, സ്പെഷ്യൽ സ്ക്വാഡ്, കൊണ്ടോട്ടി പൊലീസ് എന്നിവർ സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് മൂന്ന് പ്രതികളും പൊലീസിൻ്റെ വലയിലായത്.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിക്കപ്പെട്ടത്. കോഴിക്കോട് പൂവാട്ടുപറമ്പിൽ വച്ച് മോഷ്ടക്കാളെ കസ്റ്റഡിയിലെടുത്തു. അതേസമയം പന്തിരങ്കാവിലെ മോഷണത്തിന് സമാനമായ വിധത്തിൽ കഴിഞ്ഞ ദിവസം പുളിക്കലിൽ നിന്നും സ്വര്ണ വളകള് മോഷ്ടിച്ചിരുന്നു. കൂടാതെ പന്തീരാങ്കാവ് പുവ്വാട്ടുപറമ്പ്, എന്നിവിടങ്ങളിലെ വിവിധ ജ്വല്ലറികളിൽ സമാനമായ വിധത്തിൽ കവർച്ചാ ശ്രമങ്ങളും നടത്തിയതും ഇവരാണെന്ന് സംശയമുണ്ടെന്ന് പൊലീസ് പറഞ്ഞു. ഒരു പ്ലസ് വണ് വിദ്യാര്ഥിയും മറ്റ് രണ്ട് യുവാക്കളുമടങ്ങുന്ന സംഘമാണ് ഇതിന് പിന്നിൽ.
ഏപ്രിൽ 21ന് ഉച്ചക്ക് രണ്ട് മണിയോടെ പുളിക്കല് അങ്ങാടിയിലെ കനകമഹല് ജ്വല്ലറിയില് ആഭരണം വാങ്ങാനെന്ന വ്യാജേനയാണ് പ്രായപൂര്ത്തിയാകാത്ത വിദ്യാര്ഥി എത്തിയത്. അവിടെ നിന്നാണ് രണ്ട് പവന് തൂക്കം വരുന്ന മൂന്ന് വളകളുമായി പുറത്തേക്കോടുകയും ബൈക്കിൽ കയറി രക്ഷപ്പെട്ടതും. ഇതേ സംഭവം തന്നെയാണ് വ്യാഴാഴ്ച (ഏപ്രിൽ 23) പന്തീരാങ്കാവിലും ആവർത്തിച്ചത്. സിനാനും കൂട്ടാളിയായ വിദ്യാര്ഥിയും മോഷ്ടിച്ച സ്വര്ണം ഇഖ്ബാലിനെയാണ് വിൽക്കാൻ ഏൽപ്പിച്ചത്. ഈ സ്വർണം ഇഖ്ബാൽ വിറ്റ ശേഷം പണം സിനാനെയും സുഹൃത്തായ വിദ്യാർഥിയെയും ഏൽപ്പിച്ചു.
കൊണ്ടോട്ടി പൊലീസ് ഇന്സ്പെക്ടര് കെ അനുദാസിൻ്റെ നേതൃത്വത്തില് എസ് ഐമാരായ എംആര് കൃഷ്ണ പ്രസാദ്, എം അമര്നാഥ്, ഉദ്യോഗസ്ഥരായ ഋഷികേഷ്, ഇബ്രാഹിം, രഞ്ജു, പ്രശോഭ് എന്നിവരാണ് പ്രതികളെ പിടികൂടാൻ നേതൃത്വം നൽകിയത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോടതിയില് ഹാജരാക്കും. തുടർന്ന് പന്തീരാങ്കാവ് പൊലീസ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങും. ഈ കേസിലെ പ്രധാന പ്രതിയായ മുഹമ്മദ് സിനാൻ നേരത്തെ വയനാട്ടിൽ ക്ഷേത്രത്തിലെ ഭണ്ഡാരം പൊളിച്ച് പണം മോഷ്ടിച്ച കേസിലും ഉൾപ്പെട്ടിട്ടുണ്ട്.
ആർഭാട ജീവിതത്തിന് പണം കണ്ടെത്തുന്നതിനു വേണ്ടിയാണ് ഇത്തരത്തിൽ മോഷണം നടത്തിയതെന്നാണ് പൊലീസ് നൽകിയ മൊഴി. ഏതായാലും പട്ടാപകൽ നാടിനെ നടുക്കുന്ന രീതിയിൽ നടന്ന സ്വർണ കവർച്ച കേസിലെ പ്രതികളെ പെട്ടെന്ന് തന്നെ കണ്ടെത്തി പിടികൂടാൻ ആയത് പൊലീസിൻ്റെ അന്വേഷണ മികവാണ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR