Enter your Email Address to subscribe to our newsletters

Thiruvananthapuram, 25 ഏപ്രില്‍ (H.S.)
തൃശ്ശൂരില്‍ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലുണ്ടായ സ്‌ഫോടനത്തില്‍ 15 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും നിരവധി പേര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്ത സംഭവം അത്യന്തം വേദനാജനകമാണ്. കേരളത്തില്‍ ഇതാദ്യമായല്ല ഇത്തരം വെടിക്കെട്ടപകടങ്ങള്‍ ഉണ്ടാകുന്നത്. 110ലധികം പേര്‍ മരിക്കുകയും 300 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത പുറ്റിങ്ങള്‍ വെടിക്കെട്ടുദുരന്തം ഉണ്ടായിട്ട് പത്തുവര്‍ഷമേ ആയിട്ടുള്ളൂ. പുറ്റിങ്ങള്‍ ദുരന്തത്തിന് മുമ്പും പിമ്പുമായി വെടിക്കെട്ടപകടങ്ങള്‍ ആവര്‍ത്തിക്കുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.
നിയമങ്ങളുടെയും സുരക്ഷാമാനദണ്ഡങ്ങളുടെയും കുറവുകൊണ്ടല്ല ഇത്തരം അപകടങ്ങള്‍ ഉണ്ടാകുന്നത്. നിയമങ്ങള്‍ പാലിക്കപ്പെടാത്തതും സമ്മര്‍ദങ്ങള്‍ക്കുവഴങ്ങി വിട്ടുവീഴ്ചകള്‍ ചെയ്യുന്നതുമാണ് ഇത്തരം അപകടങ്ങള്‍ വര്‍ധിക്കുന്നതിനു പ്രധാന കാരണം.
സ്‌ഫോടകവസ്തുക്കള്‍ നിര്‍മ്മിക്കുന്നതിനും സൂക്ഷിക്കുന്നതിനും കൊണ്ടുപോകുന്നതിനും Petroleum and explosives safety organisation ന്റെ (PESO) ലൈസന്‍സുകള്‍ ആവശ്യമാണ്. സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കുന്നതുമായി ബന്ധപ്പെട്ട് Explosives Act 1884 and Explosives Act 2008 ഉം പ്രാബല്യത്തിലുണ്ട്.
ഉയര്‍ന്ന ഡെസിബെല്ലിലുള്ള പെട്ടെന്നുള്ള ശബ്ദങ്ങള്‍ താല്‍ക്കാലികമോ, സ്ഥിരമായോ ഉള്ള കേള്‍വി നഷ്ടത്തിനും ഹൃദ്രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍ തുടങ്ങിയവരില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകും എന്നുള്ളതുകൊണ്ടും വെടിക്കെട്ടുകള്‍ക്ക് ശബ്ദപരിധി നിര്‍ണ്ണയിച്ചിട്ടുണ്ട്. അതോടൊപ്പം Noise Pollution (Regulation and Control) 2000 പ്രകാരം രാത്രി 10 മണി മുതല്‍ രാവിലെ 6 മണിവരെയുള്ള സമയത്ത് ശബ്ദമുണ്ടാക്കുന്ന പടക്കങ്ങള്‍ നിരോധിച്ചിട്ടുമുണ്ട്. കാണികള്‍ക്കും വെടിക്കെട്ട് സ്ഥലത്തിനും ഇടയില്‍ നിശ്ചയിക്കപ്പെട്ട പരിധിക്കപ്പുറം വേണ്ട ദൂരം, ഉപയോഗിച്ച വെടിമരുന്നിന്റെ അളവും സ്ഥലപരിസരവും അനുസരിച്ച് നിശ്ചയിക്കണമെന്നും വ്യവസ്ഥയുണ്ട്. പോലീസ്, ഫയര്‍ & റസ്‌ക്യു, റവന്യുവകുപ്പ് എന്നിവയുടെ അനുമതി കേരളത്തില്‍ നിര്‍ബന്ധമാണ്. എന്നാല്‍, ഈ നിയമങ്ങളും ചട്ട ങ്ങളും നടപടിക്രമങ്ങളും സുരക്ഷാമാനദണ്ഡങ്ങളും കടലാസില്‍ മാത്രം ഒതുങ്ങുകയും നിര്‍ബാധം ലംഘിക്കപ്പെടുകയും ചെയ്യുന്നു.
ഓരോ അപകടത്തിലും പാവപ്പെട്ട തൊഴിലാളികളും കാഴ്ചക്കാരുമടക്കം നിരവധി ആളുകളുടെ ജീവനാണ് പൊലിയുന്നത്. ഒരു അപകടവും നടന്നില്ലെങ്കിലും ഓരോ വലിയ വെടിക്കെട്ടിലും നിരവധി ആളുകള്‍ അസുഖബാധിതരാകുന്നുണ്ട്. മലിനീകരണം മറ്റ് ജീവജാലങ്ങള്‍ക്കും പല പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നുണ്ട്. അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ വിലപിക്കുകയും അനുശോചിക്കുകയും അന്വേഷണ കമ്മിഷനെ നിയമിക്കുകയും ചെയ്താല്‍ മാത്രം മതിയാകില്ല; അപകടങ്ങള്‍ ഒഴിവാക്കാനുള്ള ഫലപ്രദമായ വഴി തേടുകയാണ് വേണ്ടത്.
ദൃശ്യവിസ്മയം ഒരുക്കുന്നതിന് ആധുനിക ശാസ്ത്ര-സാങ്കേതികവിദ്യകളുടെ സഹായത്താല്‍ ബദലുകള്‍ കണ്ടെത്താന്‍ കഴിയുന്ന കാലമാണിത്. അത്തരം സാധ്യതകള്‍ ആരായാവുന്നതാണ്.
എല്ലാതരം ഉത്സവങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും കരിമരുന്ന് ഉപയോഗിച്ചുള്ള വെടിക്കെട്ട് നിരോ ധിക്കേണ്ടത് ജനങ്ങളുടെ ജീവിതസുരക്ഷയ്ക്ക് അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ എല്ലാവിധ കരിമരുന്നുവെടിക്കെട്ട് ആഘോഷങ്ങളും അടിയന്തരമായി നിയമംമൂലം നിരോധിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കേരളസര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.
---------------
Hindusthan Samachar / Sreejith S