ചരിത്രത്തിൽ ഇടം പിടിച്ച കാപ്പാട് ബീച്ചിലേക്ക് എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വൻ കുറവ്
Kozhikode , 25 ഏപ്രില് (H.S.) ചരിത്രത്തിൽ ഇടം പിടിച്ച കാപ്പാട് ബീച്ചിലേക്ക് എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വൻ കുറവ്. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് വേനലവധിയിൽ വരുമാനം കുറയുന്നതായി ആണ് കണക്ക്. രാജ്യത്ത് ബ്ലൂ ഫ്ലാഗ് പദവി ലഭിച്ച 13 ബീച്ചുകളില് ഒന
Kappad Beach


Kozhikode , 25 ഏപ്രില് (H.S.)

ചരിത്രത്തിൽ ഇടം പിടിച്ച കാപ്പാട് ബീച്ചിലേക്ക് എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വൻ കുറവ്. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് വേനലവധിയിൽ വരുമാനം കുറയുന്നതായി ആണ് കണക്ക്. രാജ്യത്ത് ബ്ലൂ ഫ്ലാഗ് പദവി ലഭിച്ച 13 ബീച്ചുകളില് ഒന്നാണ് കാപ്പാട്. കേരളത്തിൽ ഈ പദവി ലഭിച്ച ഏക ബീച്ചും കാപ്പാടാണ്. എന്നാൽ, വികസന സാധ്യത ഏറെയുള്ള കാപ്പാട് ബീച്ചിനെ പൂർണമായും പ്രയോജനപ്പെടുത്താൻ ഇനിയും കഴിഞ്ഞിട്ടില്ല എന്നാണ് ഉയരുന്ന ആരോപണം.

തീരശോഷണവും തകർന്ന തീരദേശ റോഡുകളും പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ സൗകര്യമില്ലാത്തതും ഇപ്പോഴും വലിയ ന്യൂനതയാണ്. ദേശീയപാതാ വികസനത്തിന്റെ ഭാഗമായി മുറിച്ച തുഷാരഗിരി കാപ്പാട് റോഡ്, ഭാവിയിലെ സാധ്യതകൾ പരിഗണിച്ച് പുനഃസ്ഥാപിക്കണം എന്നാണ് ഉയരുന്ന ആവശ്യം. ഗതാഗതം സുഗമമല്ലാത്തതാണ് സന്ദർശകരെ അകറ്റുന്ന പ്രധാന പ്രശ്നം. കാറുകളിലും ചെറുവാഹനങ്ങളിലും സഞ്ചാരികൾ എത്തുന്നുണ്ടെങ്കിലും ടൂറിസ്റ്റ് ബസുകൾ ഇങ്ങോട്ട് എത്തുന്നത് വളരെ കുറഞ്ഞിരിക്കുകയാണ്.

കടലാക്രമണണ്ടാവുന്ന 10 ഹോട്ട് സ്പോട്ടുകളിലൊന്ന്

കാപ്പാടു നിന്ന് തൂവപ്പാറ വഴി കൊയിലാണ്ടിക്കുള്ള തീരദേശ റോഡ് സ്ഥിരമായി കടലെടുക്കുകയാണ്. ഓരോ കാലവർഷം കഴിയുമ്പോഴും റോഡ് തകരുന്നു. സ്ഥിരപരിഹാരത്തിന് ശാസ്ത്രീയ പഠനം നടത്തണം. സംസ്ഥാനത്ത് കടലാക്രമണണ്ടാവുന്ന 10 ഹോട്ട് സ്പോട്ടുകളിലൊന്നാണ് കാപ്പാട് തീരം. താത്ക്കാലികമായി റോഡ് നന്നാക്കിയാലും അത് കടലെടുക്കും. കേന്ദ്ര ഏജൻസിയായ നാഷണൽ സെന്റർ ഫോർ കോസ്റ്റൽ റിസർച്ച് മേഖലയിൽ ഗൗരവമേറിയ പഠനം നടത്തിയിട്ടുണ്ട്.

കാപ്പാട് തൂവപ്പാറ മുതൽ കൊയിലാണ്ടി വലിയമങ്ങാട് വരെയുള്ള മൂന്നര കിലോമീറ്ററിൽ തീരസംരക്ഷണ നടപടികളെക്കുറിച്ച് പഠിക്കാൻ ചെന്നൈ നാഷണൽ സെന്റർ ഫോർ കോസ്റ്റൽ റിസർച്ച് ഉദ്യോഗസ്ഥരെയും ഗോവയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രാഫിയിലെ വിദഗ്ധരെയും നിയോഗിച്ചിരുന്നു. കഴിഞ്ഞ വർഷം ജനുവരി 25 മുതൽ രണ്ടാഴ്ചയോളം സംഘം കാപ്പാട് തങ്ങിയാണ് പഠനം നടത്തിയത്. കടലിന്റെ ആഴം, തിരമാലകളുടെ ശക്തി, കാറ്റിന്റെ ഗതി, കടലിന്റെ സ്വഭാവം എന്നിവ സംഘം പഠിച്ചിരുന്നു. റിപ്പോർട്ട് ലഭിച്ചതിനു ശേഷം എൻജിനീയറിങ് വിഭാഗം ഡിപിആർ തയാറാക്കി അംഗീകാരത്തിനായി സർക്കാരിലേക്ക് അയച്ചു. ഭരണാനുമതിയും ലഭിച്ചു.

കാപ്പാട് കാണാൻ ദുർഘട പാത താണ്ടണം

കാപ്പാടിന്റെ പ്രകൃതി സൗന്ദര്യം നുകരാൻ എത്തുന്നവർക്ക് ദുർഘടമായ റോഡുകൾ വെല്ലുവിളിയാണ്. ശാസ്ത്രീയമായ പുലിമുട്ടില്ലാത്തതു കാരണം തീരശോഷണം സംഭവിച്ചാണ് റോഡുകൾ തകർന്നത്. ന്യൂനതകൾ പരിഹരിക്കണമെന്ന് ആസൂത്രണ സമിതി ഉപാധ്യക്ഷൻ, മാടഞ്ചേരി സത്യനാഥൻ പറഞ്ഞു. അന്താരാഷ്ട്ര നിലവാരത്തിലുള്ള ബ്ലൂ ഫ്ലാഗ് പദവി തുടർച്ചയായി ആറാം തവണയും നിലനിർത്തിയിട്ടും കാപ്പാട് ബീച്ചിലേക്ക് പ്രതീക്ഷിച്ചത്ര സഞ്ചാരികൾ എത്തുന്നില്ല എന്നത് വലിയ ആശങ്കയാണ്. ബീച്ചിന്റെ വൃത്തിയും പരിസ്ഥിതി സൗഹൃദമായ ക്രമീകരണങ്ങളും വർധിച്ചുവെങ്കിലും, ടൂറിസം വികസനത്തിന് തടസമാകുന്ന ഘടകങ്ങൾക്ക് ശാശ്വത പരിഹാരം വേണം.

വിദേശ സഞ്ചാരികളെ ആകർഷിക്കാൻ ആവശ്യമായ ആധുനിക താമസ സൗകര്യങ്ങളും മികച്ച ഗതാഗത സംവിധാനങ്ങളും പ്രദേശത്ത് വേണ്ടത്രയില്ല. വിപുലമായ മാർക്കറ്റിങ് ക്യാമ്പയിനുകൾ കാപ്പാട് ബീച്ചിന് ലഭിക്കുന്നില്ല. കോഴിക്കോട് നഗരത്തിൽ നിന്നോ വിമാനത്താവളത്തിൽ നിന്നോ ബീച്ചിലേക്ക് നേരിട്ടുള്ള ഷട്ടിൽ സർവീസുകളുടെ അഭാവം സഞ്ചാരികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. വാസ്കോ ഡ ഗാമ കപ്പലിറങ്ങിയ സ്ഥലം എന്ന ബീച്ചിന്റെ ചരിത്രപരമായ പ്രാധാന്യം പൂർണ്ണമായും ഉപയോഗപ്പെടുത്താൻ സാധിക്കാത്തതും തിരിച്ചടിയാണ്.

ബീച്ച് മോടിപിടിപ്പിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി നാല് കോടി രൂപയുടെ ഭരണാനുമതി സർക്കാർ നൽകിയിട്ടുണ്ട്. കാപ്പാട് ബീച്ചിൽ ഒരു പുതിയ മ്യൂസിയം സ്ഥാപിക്കാൻ ഫണ്ട് അനുവദിച്ചിട്ടുണ്ട്. എന്നാൽ പ്രവൃത്തികളൊന്നും സമയബന്ധിതമായി നടക്കുന്നില്ല എന്നതാണ് വലിയ പോരായ്മ.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News