നിയമസഭ തെരഞ്ഞെടുപ്പിൽ വടക്കൻ ജില്ലകളിലും മധ്യകേരളത്തിലുമുണ്ടായ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം തിരിച്ചടിയാകുമെന്ന ആശങ്കയിൽ സിപിഎം സംസ്ഥാന നേതൃത്വം.
Thiruvananthapuram , 25 ഏപ്രില് (H.S.) നിയമസഭ തെരഞ്ഞെടുപ്പിൽ വടക്കൻ ജില്ലകളിലും മധ്യകേരളത്തിലുമുണ്ടായ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം തിരിച്ചടിയാകുമെന്ന ആശങ്കയിൽ സിപിഎം സംസ്ഥാന നേതൃത്വം. 75നും 80നുമിടയിൽ സീറ്റുകൾ ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് പാർട്
Assembly election


Thiruvananthapuram , 25 ഏപ്രില് (H.S.)

നിയമസഭ തെരഞ്ഞെടുപ്പിൽ വടക്കൻ ജില്ലകളിലും മധ്യകേരളത്തിലുമുണ്ടായ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം തിരിച്ചടിയാകുമെന്ന ആശങ്കയിൽ സിപിഎം സംസ്ഥാന നേതൃത്വം. 75നും 80നുമിടയിൽ സീറ്റുകൾ ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് പാർട്ടി. കീഴ്ഘടകങ്ങളിൽ നിന്നും ലഭിച്ച ബൂത്തുതല വിവരങ്ങളും അടിയൊഴുക്കുകളും സൂക്ഷ്മമായി വിലയിരുത്തിയാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അന്തിമ വിലയിരുത്തലിൽ എത്തിയത്. ചില മന്ത്രിമാരുടെ തോൽവിക്ക് പുറമേ ചുരുക്കം ചില സിറ്റിങ് സീറ്റുകൾ നഷ്ടമാകുമെന്നും സെക്രട്ടറിയേറ്റ് വിലയിരുത്തി.

ഏഴ് ജില്ലകളിൽ തിരിച്ചടിയുണ്ടാകുമെന്ന ആശങ്ക

ഏഴ് ജില്ലകളിൽ തിരിച്ചടിയുണ്ടാകുമെന്ന ആശങ്കയിലാണ് പാർട്ടി. മലപ്പുറം, കോഴിക്കോട്, എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട, കൊല്ലം ജില്ലകളിൽ തിരിച്ചടിയുണ്ടാവുമെന്നാണ് വിലയിരുത്തൽ. മലബാറിൽ കോഴിക്കോട് ഉൾപ്പെടെയുള്ള ജില്ലകളിൽ ന്യൂനപക്ഷ വോട്ട് ഏകീകരിച്ചതായാണ് പ്രാദേശിക നേതൃത്വത്തിൻ്റെ റിപ്പോർട്ട്. ഈ വോട്ടുകൾ യുഡിഎഫിന് ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് സിപിഎം. യുഡിഎഫ് ജമാഅത്തെ ഇസ്ലാമിയുമായും എസ്ഡിപിഐയുമായും കൂട്ടുകെട്ടിലാണെന്ന് സിപിഎം നേരത്തെ ആരോപിച്ചിരുന്നു. ഭരണ വിരുദ്ധ വികാരമില്ലെങ്കിലും പിണറായി വിജയനെ മാത്രം ഉയർത്തിക്കാട്ടിയുള്ള പ്രചാരണം വേണ്ടത്ര ഗുണം ചെയ്തിട്ടില്ലെന്ന് ഭവന സന്ദർശനങ്ങൾക്കിടെ, നേതാക്കളോട് പാർട്ടി അനുഭാവികൾ ചൂണ്ടിക്കാട്ടിയിരുന്നു.

അതുകൂടാതെ, മുൻപെങ്ങുമില്ലാത്ത വിധത്തിൽ സ്ഥാനാർത്ഥി നിർണയത്തിനുശേഷം പാർട്ടിയിലുണ്ടായ പൊട്ടിത്തെറികളും പ്രശ്നങ്ങൾക്കിടയാക്കി. ജി സുധാകരൻ, പികെ ശശി, അയിഷാ പോറ്റി എന്നിങ്ങനെയുള്ള നേതാക്കൾ പാർട്ടി വിട്ടത് അതത് ജില്ലകളിൽ അണികൾക്കിടയിൽ ആത്മവിശ്വാസം ചോർത്തിയതായും ജില്ലാ കമ്മിറ്റികളിൽ നിന്നുള്ള റിപ്പോർട്ടിലുണ്ട്. പേരാമ്പ്രയിൽ എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ്റെ വിജയം സുനിശ്ചിതമാണെന്ന് വിലയിരുത്തുന്നുണ്ടെങ്കിലും ലീഗ് സ്ഥാനാർഥി ഫാത്തിമ തെഹലിയ ശക്തമായ പോരാട്ടം കാഴ്ച വച്ചതായി റിപ്പോർട്ടുണ്ട്. കഴിഞ്ഞ തവണ 20,000ത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷം നേടിയ എൽഡിഎഫ് കൺവീനറുടെ പോരാട്ടം കടുപ്പിക്കാൻ ലീഗ് സ്ഥാനാർത്ഥിക്കായത് സംഘടനാ ദൗർബല്യമായി കാണണമെന്ന അഭിപ്രായവും നേതാക്കൾക്കിടയിലുണ്ട്.

മുൻകൂർ ജാമ്യമായി ഡീൽ ആരോപണമെന്ന് കോൺഗ്രസ്

അതേസമയം, യുഡിഎഫ്- ബിജെപി ഡീൽ ഉണ്ടായെന്ന സിപിഎമ്മിൻ്റെ ആരോപണം തോൽവിക്ക് മുൻപുള്ള മുൻകൂർ ജാമ്യം തേടലാണെന്ന് പരിഹസിച്ച് കോൺഗ്രസ് രംഗത്തെത്തി. വോട്ടെണ്ണാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, യുഡിഎഫ്- ബിജെപി ഡീൽ ആരോപണം വീണ്ടുമുയർത്തി എൽഡിഎഫ് രംഗത്തെത്തിയത് മുൻകൂർ ജാമ്യം എടുക്കുന്നതിന് തുല്യമാണെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി തോമസ് പറഞ്ഞു. സിപിഎം- ബിജെപി ഡീലാണ് സംസ്ഥാനത്തുടനീളം നടന്നത്. തോൽവി ഉറപ്പായപ്പോൾ ഡീൽ ആരോപിച്ച് രംഗത്ത് വരുകയാണ്. ചിറ്റൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യണമെന്ന് പരസ്യമായി സാമൂഹ്യ മാധ്യമത്തിൽ പോസ്റ്റിട്ടത് എൻഡിഎ സ്ഥാനാർത്ഥിയാണെന്നും സണ്ണി തോമസ് പറഞ്ഞു.

കോഴിക്കോട് നാദാപുരത്തും വടകരയിലും യുഡിഎഫ്- ബിജെപി ഡീൽ ഉണ്ടെന്നാണ് കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ആരോപിച്ചത്. ഡീലിന് പിന്നിൽ ഷാഫി പറമ്പിലും പാറയ്ക്കൽ അബ്ദുള്ളയുമാണ്. വോട്ടെണ്ണി കഴിയുമ്പോൾ കൂടുതൽ കാര്യങ്ങൾ പുറത്തുവരും. യുഡിഎഫിന് വേണ്ടി വോട്ടു മറിച്ച ബിജെപി പ്രാദേശിക നേതാക്കളെ സംഘടനയിൽ നിന്ന് പുറത്താക്കിയിട്ടുണ്ടെന്നും എംവി ഗോവിന്ദൻ പറഞ്ഞിരുന്നു.

ചർച്ചയായി നാദാപുരവും വടകരയും

കഴിഞ്ഞ ആറു പതിറ്റാണ്ടായി ആടി ഉലയാതെ നിൽക്കുന്ന ഇടതുകോട്ടയാണ് നാദാപുരം. നാദാപുരത്തെ സ്ഥാനാർത്ഥി നിർണ്ണയവും ചർച്ചയായിരുന്നു. സിപിഐ രംഗത്തിറക്കിയിരിക്കുന്നത് മഹിളാ മുന്നണിയുടെ ദേശീയ നേതാവും മുൻ എംഎൽഎ സത്യൻ മൊകേരിയുടെ ഭാര്യയുമായ പി വസന്തത്തെയാണ്. ഒരു കുടുംബത്തിൽ തന്നെ സീറ്റ് നൽകിയതിനെച്ചൊല്ലിയാണ് പാർട്ടിക്കുള്ളിൽ നിന്നുതന്നെ വിമർശനങ്ങൾ ഉയർന്നത്.

കോൺഗ്രസ് അവതരിപ്പിക്കുന്നത് യുവരക്തമായ കെ.എം. അഭിജിത്തിനെയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് നോർത്തിൽ നടത്തിയ മികച്ച പോരാട്ടത്തിന് ശേഷം കഴിഞ്ഞ നാലര വർഷമായി നാദാപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അഭിജിത്ത് യുഡിഎഫിന് വലിയ പ്രതീക്ഷയാണ് നൽകുന്നത്. ബിജെപിക്ക് വേണ്ടി പോരാട്ടത്തിനിറങ്ങിയത് യുവനേതാവായ സിപി വിപിൻ ചന്ദ്രനാണ്. ബിജെപി സംസ്ഥാന സമിതി അംഗമായും യുവമോർച്ചയുടെ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

ആർഎംപിയിലെ സിറ്റിംഗ് എൽഎൽഎ കെകെ രമയാണ് യുഡിഎഫിന് വേണ്ടി രംഗത്തുള്ളത്. 2009ൽ ടിപി ചന്ദ്രശേഖരൻ മത്സരിച്ച ടെലിവിഷൻ ചിഹ്നത്തിലാണ് ഇത്തവണ രമ വോട്ടു തേടിയത്. ടിപി ചന്ദ്രശേഖരൻ വെട്ടേറ്റു കൊല്ലപ്പെട്ട മേയ് നാലിനാണ് വോട്ടെണ്ണൽ. മണ്ഡലത്തിൽ സ്വാധീനമുള്ള ലീഗിലെ പ്രവർത്തകരും രമക്കു വേണ്ടി സജീവമായി രംഗത്തുണ്ട്. വടകരയിൽ 'റാന്തൽ' ചിഹ്നത്തിലാണ് ആർജെഡിയിൽ നിന്നുള്ള എൽഡിഎഫ് സ്ഥാനാർത്ഥി എംകെ ഭാസ്കരൻ മത്സരിക്കുന്നത്. മണ്ഡലത്തിൽ തന്നെയുള്ള ഏറാമല പഞ്ചായത്ത് പ്രസിഡൻ്റായും വടകര ബ്ലോക്ക് പഞ്ചായത്ത് അംഗമായും എംകെ ഭാസ്കരൻ പ്രവർത്തിച്ചിട്ടുണ്ട്. കെ ദിലീപാണ് ബിജെപി സ്ഥാനാർത്ഥി. നവീകരിച്ച റെയിൽവേ സ്റ്റേഷൻ, ദേശീയ പാത, കുടുംബക്കോടതി, 87 കോടിയുടെ വടകര ജില്ലാ ആശുപത്രി വികസനം തുടങ്ങി മോദി സർക്കാർ വടകരയ്ക്ക് സമ്മാനിച്ച പദ്ധതികളാണ് ദിലീപ് പ്രചാരണത്തിന് ഉപയോഗിച്ചത്.

വോട്ട് മറിച്ച ഒൻപത് പേരെ പുറത്താക്കി ബിജെപി

തെരഞ്ഞെടുപ്പിലെ വിമത പ്രവർത്തനങ്ങളുടെ പേരിൽ കോഴിക്കോട് ജില്ലയിലെ ഒൻപത് നേതാക്കളെയാണ് ബിജെപി പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി. വടകര, നാദാപുരം മണ്ഡലങ്ങളിൽ പാർട്ടി സ്ഥാനാർത്ഥികൾക്കെതിരെ പ്രവർത്തിച്ചവർക്കും വിമതരായി പത്രിക നൽകിയവർക്കും എതിരെയായിരുന്നു അച്ചടക്ക നടപടി.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News