Enter your Email Address to subscribe to our newsletters

Kozhikode , 25 ഏപ്രില് (H.S.)
കോഴിക്കോട്: കുറ്റ്യാടിയിൽ ഉറക്കത്തിനിടെ പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിലായ അഞ്ചുവയസുകാരൻ ജീവിതത്തിലേക്ക് മടങ്ങിയെത്തി. നിലത്ത് വിരിച്ച പായിൽ ഉറങ്ങുകയായിരുന്ന അൽവിനെയാണ് ഡോക്ടർമാരുടെ സമയോചിതമായ ഇടപെടലിൽ രക്ഷപ്പെടുത്തിയത്. കോഴിക്കോട് മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലായിരുന്നു ചികിത്സ.
അവധിക്കാലവും വിഷുവും ആഘോഷിക്കാനാണ് കുട്ടി കുറ്റ്യാടി വളയന്നൂരിലെ മാതൃവീട്ടിൽ എത്തിയത്. അമ്മയ്ക്കും സഹോദരിക്കുമൊപ്പമായിരുന്നു യാത്ര. സംഭവദിവസം കുട്ടി നേരത്തെ ഉറങ്ങാൻ കിടന്നു. എന്നാൽ രാവിലെ ശരീരമാസകലം വേദനയെന്ന് പറഞ്ഞ് എഴുന്നേൽക്കാനാകാതെ അൽവിൻ കരയുകയായിരുന്നുവെന്ന് മുത്തച്ഛൻ തൊള്ളംപാറക്കൽ ചന്ദ്രൻ വിശദീകരിച്ചു.
കുട്ടിക്ക് കടുത്ത ക്ഷീണവും തൊണ്ടവേദനയും അനുഭവപ്പെട്ടു. കൺപോളകൾ തൂങ്ങി അടഞ്ഞുപോകുന്ന അവസ്ഥയിലായിരുന്നു. വായിൽ നിന്ന് നുരയും പതയും ഉമിനീരും പുറത്തേക്ക് ഒഴുകുന്നുണ്ടായിരുന്നു. ഇത് കണ്ടയുടൻ വീട്ടുകാർ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനാൽ പിന്നീട് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. രാത്രി ഉറക്കത്തിലാകാം കുട്ടിക്ക് പാമ്പുകടിയേറ്റതെന്നാണ് സംശയം. സംഭവത്തിന് ശേഷം വീടും പരിസരവും പരിശോധിച്ചെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. കുണ്ടുതോട് ഗവൺമെൻ്റ് എൽപി സ്കൂളിലെ യുകെജി വിദ്യാർഥിയാണ് അൽവിൻ.
മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുമ്പോൾ കുട്ടിയുടെ നില അതീവ ഗുരുതരമായിരുന്നു. ശരീരത്തിൽ പാമ്പുകടിയുടെ ലക്ഷണങ്ങൾ കണ്ടതിനാൽ ഡോക്ടർമാർ ഉടൻ തന്നെ ആൻ്റിവെനം നൽകി. പിന്നീട് ജീവൻ രക്ഷിക്കാനായി വെൻ്റിലേറ്ററിലേക്ക് മാറ്റി. രണ്ട് ദിവസത്തെ തീവ്രപരിചരണത്തിന് ഒടുവിലാണ് കുട്ടി തനിയെ ശ്വാസമെടുത്തു തുടങ്ങിയത്. പാമ്പുകടിയാണെന്ന് തുടക്കത്തിൽ തന്നെ സംശയിച്ച് വിദഗ്ധ ചികിത്സ നൽകിയതുകൊണ്ടാണ് കുട്ടി ജീവിതത്തിലേക്ക് തിരികെ എത്തിയത്.
വിഷം ബാധിക്കുന്നത് ഞരമ്പുകളെ
പാമ്പിൻ്റെ വിഷം പൂർണമായും ഞരമ്പുകളെയാണ് ബാധിക്കുന്നതെന്ന് കുട്ടികളുടെ വിഭാഗം വകുപ്പ് മേധാവി ഡോ. മോഹൻദാസ് നായർ വ്യക്തമാക്കി. ശ്വാസമെടുക്കാൻ സഹായിക്കുന്ന പേശികളെ വിഷം ബാധിക്കുന്നതാണ് പലപ്പോഴും മരണകാരണമാകുന്നത്. ആൻ്റിവെനം നൽകിയാൽ ഉടൻ ഫലമുണ്ടാകണമെന്നില്ല.
ഇത്തരം ഘട്ടങ്ങളിൽ വെൻ്റിലേറ്ററിൻ്റെ സഹായത്തോടെയാണ് മിക്ക ജീവനുകളും തിരികെ പിടിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. വേനൽക്കാലത്ത് പാമ്പുകളുടെ ശല്യം രൂക്ഷമാകാൻ സാധ്യതയുണ്ട്. അതിനാൽ പൊതുജനങ്ങൾ നിർബന്ധമായും ജാഗ്രതാ നിർദേശങ്ങൾ പാലിക്കേണ്ടതുണ്ട്.
ജാഗ്രത വേണം
ചൂടുകാലത്ത് തറയിൽ പായ വിരിച്ച് ഉറങ്ങുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. വീടിൻ്റെ വാതിലുകൾക്കും ജനലുകൾക്കും താഴെയുള്ള വിടവുകൾ പൂർണമായും അടയ്ക്കണം. ചൂട് കുറയ്ക്കാൻ ജനലുകൾ തുറന്നിടുമ്പോൾ നെറ്റുകൾ ഉപയോഗിക്കുന്നത് പാമ്പുകൾ വീടിനുള്ളിൽ കടക്കുന്നത് തടയാൻ സഹായിക്കും. ഭക്ഷണാവശിഷ്ടങ്ങൾ അലക്ഷ്യമായി വലിച്ചെറിയരുത്. ഇത് വീടുകളിലേക്ക് എലികളെ ആകർഷിക്കാൻ കാരണമാകും. എലികളെ തേടി വിഷപ്പാമ്പുകൾ വീടിനുള്ളിൽ എത്താൻ ഇത് വഴിയൊരുക്കും.
വീട്ടിനുള്ളിലോ പരിസരത്തോ പാമ്പിനെ കണ്ടാൽ അവയെ തല്ലിക്കൊല്ലാൻ ശ്രമിക്കരുത്. ഇത് കൂടുതൽ അപകടങ്ങൾ വിളിച്ചുവരുത്തും. ഇത്തരം സാഹചര്യങ്ങളിൽ വനം വകുപ്പിൻ്റെ സർപ്പ വൊളൻ്റിയർമാരെ വിവരം അറിയിക്കുകയാണ് വേണ്ടത്. ഓരോ ജില്ലകളിലും ഇത്തരത്തിൽ രജിസ്റ്റർ ചെയ്ത നിരവധി വൊളൻ്റിയർമാർ സേവനം അനുഷ്ഠിക്കുന്നുണ്ട്. പാമ്പിനെ കണ്ടെത്തിയാൽ ഇവരിൽ ആരെ ബന്ധപ്പെട്ടാലും അടുത്തുള്ള പ്രവർത്തകർ ഉടൻ സ്ഥലത്തെത്തി അവയെ സുരക്ഷിതമായി പിടികൂടും.
സർപ്പ വൊളൻ്റിയർമാരുടെ സേവനം തേടാൻ കോഴിക്കോട് ജില്ലയിലുള്ളവർക്ക് ബന്ധപ്പെടാവുന്ന നമ്പറാണ് 9946702114. അബ്ദുൽ ജബ്ബാർ എന്ന ഉദ്യോഗസ്ഥനെയാണ് സഹായത്തിനായി ഈ നമ്പറിൽ വിളിക്കേണ്ടത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR