Enter your Email Address to subscribe to our newsletters

Thrissur , 25 ഏപ്രില് (H.S.)
കേരളത്തിൻ്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരിൽ പൂരലഹരിക്ക് ഔദ്യോഗിക തുടക്കമായി. നാടും നഗരവും കാത്തിരിക്കുന്ന തൃശൂർ പൂരത്തിന് വിളംബരമായി. കുറ്റൂർ നെയ്തലക്കാവ് ഭഗവതി പൂരത്തിൻ്റെ തലേദിവസം വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിയെത്തി തെക്കേഗോപുരം വഴി പുറത്തിറങ്ങുന്ന ചരിത്രപ്രസിദ്ധമായ ചടങ്ങോടെയാണ് വിശ്വപ്രസിദ്ധമായ പൂരത്തിന് വിളംബരം ചെയ്യുന്നത്.
പതിവുപോലെ ഇത്തവണയും പേരു കേട്ട കൊമ്പൻ എറണാകുളം ശിവകുമാറാണ് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയത്. ഓരോ വർഷവും പൂരത്തിൻ്റെ ഈ വിളംബരം കാണാനായി രാജ്യാന്തര തലത്തിൽ നിന്നുപോലും ആളുകൾ എത്താറുണ്ട്. തൃശൂർ പൂരമെന്നത് കേവലമൊരു ഉത്സവത്തിനപ്പുറം ഏവരും ഒന്നിക്കുന്ന സാംസ്കാരിക സമാഗമമായതുകൊണ്ടുതന്നെ വിളംബരച്ചടങ്ങ് കാണാൻ വലിയ തോതിലുള്ള ആൾക്കൂട്ടമാണ് നഗരത്തിൽ തടിച്ചുകൂടിയത്.
ആവേശമായി പാണ്ടിമേളം
രാവിലെ നെയ്തലക്കാവ് ക്ഷേത്രത്തിൽ നിന്നാണ് ഭഗവതിയുടെ എഴുന്നള്ളിപ്പ് ആരംഭിച്ചത്. നൂറുകണക്കിന് പൂരപ്രേമികളുടെ അകമ്പടിയോടെ ഉച്ചയോടെയാണ് സംഘം നഗരത്തിൽ എത്തിയത്. തുടർന്ന് വർണാഭമായ സ്വീകരണങ്ങളേറ്റുവാങ്ങി മണികണ്ഠനാലിലെത്തി. ഇവിടെനിന്ന് മേളത്തിൻ്റെ അകമ്പടിയോടെയാണ് സംഘം ശ്രീമൂല സ്ഥാനത്തേക്ക് നീങ്ങിയത്. പ്രശസ്ത വാദ്യകലാകാരൻ കിഴക്കൂട്ട് അനിയൻ മാരാരുടെ നേതൃത്വത്തിലായിരുന്നു ആവേശഭരിതമായ പാണ്ടിമേളം അരങ്ങേറിയത്.
പൂരപ്രേമികളെ ആവേശത്തിലാഴ്ത്തിയ മേളത്തിന് ശേഷം ഭഗവതിയുടെ എഴുന്നള്ളിപ്പ് വടക്കുന്നാഥ ക്ഷേത്രത്തിൽ പ്രവേശിച്ച് പ്രദക്ഷിണം വച്ചു. ഇതിന് ശേഷമാണ് തെക്കേഗോപുര വാതിൽ വഴി പുറത്തിറങ്ങി പൂരം വിളംബരം ചെയ്യുന്ന സുപ്രധാന ചടങ്ങ് നടന്നത്. ശിവരാത്രിക്കും പൂരത്തിൻ്റെ തലേന്നും മാത്രമാണ് വടക്കുന്നാഥ ക്ഷേത്രത്തിൻ്റെ ഈ ഭീമൻ വാതിൽ തുറക്കാറുള്ളത്. എഴുന്നള്ളിപ്പിന് കൂടെ വരുന്നവരാണ് അതിഗംഭീരമായ ഗോപുരവാതിൽ അകത്തേക്ക് വലിച്ചുതുറന്ന് നെയ്തലക്കാവ് ഭഗവതിയെ പുറത്തേക്ക് ആനയിക്കുന്നത്. ഇളകിമറിയുന്ന ജനസഞ്ചയത്തെ സാക്ഷിയാക്കിയാണ് ഭഗവതി പുറത്തേക്ക് എഴുന്നള്ളിയത്.
നാളെ തൃശൂർ പൂരം
ആചാരാനുഷ്ഠാനങ്ങളുടെയും വാദ്യവിസ്മയങ്ങളുടെയും സംഗമമായ പൂരം നാളെ നടക്കും. രാവിലെ 11.30ന് മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കും. ഉച്ചയ്ക്ക് 2.30നാണ് പൂരപ്രേമികൾ കാത്തിരിക്കുന്ന ഇലഞ്ഞിത്തറ മേളം അരങ്ങേറുന്നത്. വിവിധ വർണങ്ങളിലുള്ള കുടകൾ വാനിൽ ഉയരുന്ന വർണാഭമായ കുടമാറ്റം വൈകിട്ട് അഞ്ചിന് നടക്കും.
വെടിക്കെട്ട് ഒഴിവാക്കി
മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ പൂരത്തിന് സാംപിൾ വെടിക്കെട്ടും പ്രധാന വെടിക്കെട്ടും ഒഴിവാക്കാൻ തീരുമാനിച്ചിട്ടുണ്ട്. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളാണ് സംയുക്തമായി ഈ തീരുമാനമെടുത്തത്. കഴിഞ്ഞ ദിവസം സാംപിൾ വെടിക്കെട്ട് നടക്കേണ്ടതായിരുന്നു. 27ന് പുലർച്ചെ നടക്കേണ്ട പ്രധാന വെടിക്കെട്ടും ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ഉപേക്ഷിച്ചു.
വെടിക്കെട്ട് ഒഴിവാക്കിയതിനൊപ്പം പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങളുടെ പ്രസിദ്ധമായ കുടമാറ്റത്തിൻ്റെ സമയക്രമത്തിലും വലിയ തോതിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മണിക്കൂറുകൾ നീളുന്ന ചടങ്ങ് ഇത്തവണ ചുരുങ്ങിയ സമയത്തിനുള്ളിൽ അവസാനിപ്പിക്കും. അതേസമയം പൂരത്തിൻ്റെ പ്രധാന ആകർഷണങ്ങളായ വാദ്യമേളങ്ങൾക്കോ, മേളക്കാരുടെ എണ്ണത്തിനോ മാറ്റമുണ്ടാകില്ല. ആനകളുടെ എണ്ണവും പഴയതുപോലെ തന്നെ തുടരുമെന്ന് ദേവസ്വം അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി വലിയൊരു ദുരന്തത്തിൻ്റെ വേദനയിലാണ് ഇത്തവണത്തെ പൂരമെങ്കിലും വാദ്യകലാസ്വാദകർക്ക് നിരാശയുണ്ടാകില്ല. വെടിക്കെട്ട് ഒഴിവാക്കിയത് ചെറിയ തോതിൽ നിരാശയുണ്ടാക്കിയെങ്കിലും, സുരക്ഷയ്ക്കും മനുഷ്യജീവനുമാണ് മുൻഗണനയെന്ന് ഇരു ദേവസ്വങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. എക്കാലത്തെയും വലിയ ജനത്തിരക്കാണ് ഇത്തവണയും വടക്കുന്നാഥൻ്റെ മണ്ണിൽ പ്രതീക്ഷിക്കുന്നത്. സുരക്ഷിതമായി പൂരം ആസ്വദിക്കുന്നതിന് പൊലീസ് വിപുലമായ ക്രമീകരണങ്ങളാണ് നഗരത്തിൽ ഒരുക്കിയിട്ടുള്ളത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR