Enter your Email Address to subscribe to our newsletters

Thiruvananthapuram , 26 ഏപ്രില് (H.S.)
മുഖ്യമന്ത്രിപിണറായി വിജയൻ്റെ സുരക്ഷാ ഉദ്യോഗസ്ഥനെ സമൂഹ മാധ്യമങ്ങൾ വഴി ഭീഷണപ്പെടുത്തിയ സംഭവത്തില് കേസെടുത്ത് പൊലീസ്. മുഖ്യമന്ത്രിയുടെ സുരക്ഷാ സംഘാംഗമായ സന്ദീപ് ശസിധരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. യുഡിഎഫ് സര്ക്കാര് അധികാരത്തില് വരുമ്പോള് പ്രത്യാഘാതങ്ങള് നേരിടേണ്ടി വരുമെന്നായിരുന്നുസമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളുടെ ഉള്ളടക്കം.
2023-ല് നടന്ന നവകേരള സദസിനിടെ ആലപ്പുഴയില്വെച്ച് യൂത്ത് കോണ്ഗ്രസ്- കെഎസ്യു പ്രവര്ത്തകരെ മര്ദിച്ചു എന്നാരോപിച്ച് സന്ദീപ് ശശിധരന്, അനില്കുമാര് എന്നീ ഉദ്യോഗസ്ഥര്ക്കെതിരെ കോണ്ഗ്രസ് നേരത്തെ രംഗത്തെത്തിയിരുന്നു. പൂച്ചട്ടി ഉപയോഗിച്ച് പ്രവര്ത്തകരെ മര്ദിച്ചു എന്നായിരുന്നു ആരോപണം. എന്നാല് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില് ഈ ഉദ്യോഗസ്ഥര്ക്ക് ക്ലീന് ചിറ്റ് നല്കിയിരുന്നു.
സംസ്ഥാന നിമയമസഭ തെരഞ്ഞെടുപ്പ് പൂര്ത്തിയായതിന് പിന്നാലെയാണ് സന്ദീപിൻ്റെ പേരും ചിത്രവും സഹിതം ഭീഷണി സന്ദേശങ്ങള് പ്രത്യക്ഷപ്പെട്ടത്. കെഎസ്യു സംസ്ഥാന വൈസ് പ്രസിഡൻ്റ് അരുൺ രാജേന്ദ്രൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഭീഷണി സന്ദേശങ്ങൾ പ്രചരിക്കാൻ തുടങ്ങിയത്. സംഭവത്തിൽ അരുൺ രാജേന്ദ്രൻ, ടോം കുര്യാക്കോസ്, യാസർ കെ പി, സോണി പനംതാനം, ശരത് പിള്ള, കെ എസ് യു കാഞ്ഞിരംകുളം, രാഹുൽ ജോൺ സി, യൂത്ത് കോൺഗ്രസ് ബാറ്റിൽ എന്നീ ഫേസ്ബുക്ക് അക്കൗണ്ടുകൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
സോഷ്യൽ മീഡിയ അക്കൗണ്ട് ഉടമകളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അന്വേഷണത്തിൻ്റെ ഭാഗമായി ഉടൻ തന്നെ അവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്നും പൊലീസ് പറഞ്ഞു. ബിഎൻഎസ് പ്രകാരം സെക്ഷൻ 296(ബി) (പൊതുജനങ്ങളെ ശല്യപ്പെടുത്തുന്ന തരത്തിൽ അസഭ്യം പറയുക), 351(2) (ക്രിമിനൽ ഭീഷണിപ്പെടുത്തൽ), 3(5) (നിരവധി വ്യക്തികൾ ചെയ്യുന്ന പ്രവൃത്തികൾ) എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സന്ദീപിനെതിരെയുള്ള അരുൺ രാജേന്ദ്രൻ്റെ ഫേസ്ബുക്ക് പോസ്റ്റുകൾ
സാറേ, സുഖമാണല്ലോ ല്ലേ. സുഖിക്കാൻ പോവുന്നതേ ഒള്ളൂ. 22 ദിവസം കൂടെ കഴിഞ്ഞോട്ടെ. സുഖിപ്പിക്കുന്നുണ്ട് ഞങ്ങൾ സാറന്മാരെ. ഞങ്ങളുടെ പ്രിയപെട്ടവരുടെ തലയും കണ്ണും മൂക്കും അടിച്ചു പൊട്ടിക്കാൻ നേതൃത്വം കൊടുത്തവരൊക്കെ തൊഴിലുറപ്പ് കാർഡ് ഒരെണ്ണം എടുത്തു വച്ചോ. ഞങ്ങളെല്ലാം മറന്നെന്നു നിങ്ങൾക്ക് തോന്നിയാൽ ഞങ്ങൾ മരിച്ചെന്നു ഉറപ്പ് വരുത്തണം. ഞങ്ങളുടെ കണക്ക് പുസ്തകത്തിൽ രക്തം കൊണ്ടെഴുതിയിട്ടിരിക്കുന്ന കണക്കുകൾ ഒരുപാടുണ്ട്. ആ കണക്കുകൾ ഒക്കെ നമുക്ക് തീർക്കേണ്ടേ സാറേ ?
ഒന്നല്ല ഒരായിരം കേസിൽ പ്രതി ചേർക്കപ്പെട്ടാലും, പറഞ്ഞതിൽ നിന്നും ഒരടി പോലും പിന്നോട്ടില്ല. ഞങ്ങളുടെ സഹപ്രവർത്തകരുടെ ശരീരത്തിൽ നിന്നും പൊടിഞ്ഞ ഓരോ തുള്ളി രക്തതിനും മറുപടി പറയിക്കും. സന്ദീപേ ഇങ്ങനെ പേടിക്കല്ലേട വ്വേ. അന്ന് തല അടിച്ചു പൊട്ടിക്കാൻ കാണിച്ച ചങ്കൂറ്റം എന്തേ ചോർന്നു പോയോ നിനക്ക്? നീ മറക്കാതിരിക്കാൻ ഒന്നൂടെ പറയാം നിന്നെ ഞങ്ങൾ പൂട്ടും മണിച്ചിത്ര താഴിട്ട് പൂട്ടും, എന്നാണ് അരുൺ രാജേന്ദ്രൻ്റെ ഫേസ്ബുക്ക് പോസ്റ്റുകളിലുള്ളത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR