Enter your Email Address to subscribe to our newsletters

Malappuram , 26 ഏപ്രില് (H.S.)
വേനൽ കടുത്തു, വെള്ളം കിട്ടാനില്ല. ആഢ്യൻപാറ ചെറുകിട ജലവൈദ്യുതനിലയത്തിൽ ഉത്പാദനം നിർത്തിവച്ച് കെഎസ്ഇബി അധികൃതർ. ജില്ലയിലെ ഏക ചെറുകിട ജലവൈദ്യുത പദ്ധതിയായ ആഢ്യൻപാറ ചെറുകിട ജലവൈദ്യുത നിലയത്തിലാണ് വെള്ളം ഇല്ലാത്തതിനാൽ ഉത്പാദനം നിർത്തി വയ്ക്കാൻ കെഎസ്ഇബി തീരുമാനിച്ചത്. കാഞ്ഞിരപുഴയിലെ നീരൊഴുക്കിനെ ആശ്രയിച്ചാണ് ഈ ജലവൈദ്യുത നിലയത്തിലെ ഉത്പാദനം.
വേനൽകടുത്തതിനെ തുടർന്ന് കാഞ്ഞിരപുഴ മുൻ വർഷങ്ങളെ അപേക്ഷിച്ച് നേരത്തെ വറ്റിവരണ്ട അവസ്ഥയിലാണ്. വേനൽ മഴ ലഭിച്ചിരുന്നെങ്കിൽ ഇക്കുറി ചരിത്രനേട്ടം കൈവരിച്ചേനെ എന്ന് അധികൃതർ പറയുന്നു. 2015 ലാണ് ജില്ലയിലെ ആദ്യത്തെ ചെറുകിട ജലവൈദ്യുത പദ്ധതി അന്നത്തെ വൈദ്യുതി മന്ത്രി ആര്യാടൻ മുഹമ്മദ് കമ്മീഷൻ ചെയ്തത്. 9 ദശലക്ഷം യൂണിറ്റ് ഉത്പാദനം പ്രതിവർഷം ലക്ഷ്യമിട്ടാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ലക്ഷ്യം മറികടന്ന് 2021- 22 ലാണ് ഏറ്റവും കൂടുതൽ വൈദ്യുതി ഇവിടെ നിന്നും ഉത്പാദിപ്പിച്ചത്, സബ് എഞ്ചിനിയർ പ്രജീഷ് പറഞ്ഞു.
രണ്ടാമത്തെ ചരിത്ര ഉത്പാദനം ഇക്കുറി കൈവരിക്കാനായി. 2021ൽ 12 ദശലക്ഷം യൂണിറ്റ് ഉത്പാദനം നടത്തി സർവകാല റെക്കോർഡിൽ എത്തി. അതിനോടടുത്ത ഉത്പാദനമാണ് ഇക്കുറിയും ഉണ്ടായത്. 11.20 ദശലക്ഷം യൂണിറ്റാണ് ഈ വർഷം ഉത്പാദിപ്പിച്ചത്. കാഞ്ഞിരപുഴയിലെ ജലത്തെ ആശ്രയിച്ചാണ് വൈദ്യുത ഉത്പാദനം. 1.5 മെഗാവാട്ടിൻ്റെ രണ്ട് ജനറേറ്ററും 0.5 മെഗാവാട്ടിൻ്റെ ഒരു ജനറേറ്ററുമാണ് നിലയത്തിലുള്ളത്. ജൂൺ മുതൽ ജനുവരി വരെ മൂന്ന് ജനറേറ്ററുകളും ഒരേ സമയം പ്രവർത്തിക്കുന്നതിന് ആവശ്യമായ ജലം ലഭിക്കും.
ഫെബ്രുവരി മുതൽ മെയ് വരെ സാധാരണ അര മെഗാവാട്ടിൻ്റെ ജനറേറ്ററാണ് പ്രവർത്തിപ്പിക്കുക. ഈ വർഷം വേനൽ മഴ ചതിച്ചതോടെയാണ് വെള്ളം ഇല്ലാതെ വൈദ്യുത ഉത്പാദനം പൂർണമായും ഇപ്പോൾ നിർത്തി വയ്ക്കേണ്ട അവസ്ഥ വന്നിരിക്കുന്നതെന്ന് കെഎസ്ഇബി എഇഒ മെൽവിൻ ആൻ്റണി പറഞ്ഞു. 2015 ൽ പ്രവർത്തനം തുടങ്ങി. 2018 ലും 2019 ലും ഉണ്ടായ പ്രളയങ്ങളെ തുടർന്ന് വൈദ്യുത നിലയത്തിന് കേടുപാടുകൾ പറ്റിയതിനാൽ അറ്റകുറ്റ പണി നടത്തി 2020 ലാണ് വീണ്ടും വൈദ്യുത ഉത്പാദനം പുനഃരാരംഭിച്ചത്, അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 6 വർഷമായി വൈദ്യുത ഉത്പാദനം ഭേദപ്പെട്ട നിലയിൽ നടന്നു വരുന്നുവെന്ന് സബ് എഞ്ചിനിയർമാരായ കെ പ്രജീഷ്, മെൽവിൻ ആൻ്റണി എന്നിവർ പറഞ്ഞു. ഒരു യൂണിറ്റിന് 4 രൂപ പ്രകാരം വൈദ്യുത ബോർഡിന് ലാഭം 4.48 കോടി രൂപയാണ്. വയനാട്ടിലെ വെള്ളരിമലയിൽ നിന്നുമാണ് കാഞ്ഞിരപുഴ ഒഴുകിയെത്തുന്നത്. വയനാട്ടിലും ഇക്കുറി വേനൽ മഴ കുറഞ്ഞതും കാഞ്ഞിരപുഴ വറ്റിവരളാൻ കാരണമായി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR