ആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേക്കേറിയ ഏഴ് രാജ്യസഭാ എംപിമാരുടെ അംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എഎപി പരാതി നൽകി
Newdelhi , 26 ഏപ്രില് (H.S.) ആം ആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേക്കേറിയ ഏഴ് രാജ്യസഭാ എംപിമാരുടെ അംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എഎപി പരാതി നൽകി. ഭരണഘടനയുടെ പത്താം ഷെഡ്യൂൾ (Anti-Defection Law) പ്രകാരം ഇവരെ അയോഗ്യരാക്കണമെന്നാണ് പാർട്ടിയുടെ ആവ
Raghav-Chadha-BJP


Newdelhi , 26 ഏപ്രില് (H.S.)

ആം ആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേക്കേറിയ ഏഴ് രാജ്യസഭാ എംപിമാരുടെ അംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എഎപി പരാതി നൽകി. ഭരണഘടനയുടെ പത്താം ഷെഡ്യൂൾ (Anti-Defection Law) പ്രകാരം ഇവരെ അയോഗ്യരാക്കണമെന്നാണ് പാർട്ടിയുടെ ആവശ്യം. എഎപി നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് സിംഗാണ് ഞായറാഴ്ച ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യസഭാ ചെയർമാൻ സി പി രാധാകൃഷ്ണന് പാർട്ടി ഔദ്യോഗികമായി ഹർജി സമർപ്പിച്ചു. വിഷയത്തിൽ എത്രയും വേഗം വാദം കേൾക്കണമെന്നും നീതിപൂർവമായ തീരുമാനം എടുക്കണമെന്നും പാർട്ടി അഭ്യർഥിച്ചിട്ടുണ്ട്.

പാർട്ടിക്കുള്ളിലെ ആഭ്യന്തര തർക്കങ്ങളും നേതൃത്വവുമായുള്ള അസ്വാരസ്യങ്ങളെയും തുടർന്ന് രാഘവ് ഛദ്ദ, അശോക് മിത്തൽ, സന്ദീപ് പഥക്, ഹർഭജൻ സിംഗ്, രാജേന്ദ്ര ഗുപ്ത, വിക്രം സാഹ്നി, സ്വാതി മാലിവാൾ എന്നിവർ വെള്ളിയാഴ്ച രാജിവച്ച് ബിജെപിയിൽ ചേർന്നത് ആം ആദ്മി പാർട്ടിക്ക് വലിയ ആഘാതമായി. ആകസ്മികമായി പാർട്ടി വിട്ട ഏഴ് എംപിമാരിൽ ആറ് പേരും പഞ്ചാബിൽ നിന്നുള്ള രാജ്യസഭാ എംപിമാരായിരുന്നു. കൂറുമാറ്റ നിരോധന നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായതിനാൽ ഏഴ് രാജ്യസഭാ എംപിമാരുടെ നീക്കം കൂറുമാറ്റത്തിന് തുല്യമാണെന്ന് സഞ്ജയ് സിംഗ് അവകാശപ്പെട്ടു. സീനിയർ അഭിഭാഷകൻ കപിൽ സിബൽ, മുൻ ലോക്സഭാ സെക്രട്ടറി ജനറൽ എന്നിവരുമായി കൂടിയാലോചിച്ച ശേഷമാണ് എഎപി ഹർജി നൽകിയത്. ഇവർ അയോഗ്യരാക്കപ്പെടാൻ അർഹരാണെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടിയതായി സഞ്ജയ് സിംഗ് പറഞ്ഞു.

എംപിമാർ ആം ആദ്മി പാർട്ടി ടിക്കറ്റിൽ മത്സരിച്ച് ജയിച്ചുവന്നവരാണ്. എന്നാൽ പിന്നീട് സമ്മർദ്ദം കാരണം കൂറുമാറിയതാണ് അവർ. ഇത് ജനാധിപത്യത്തോടുള്ള വഞ്ചനയാണ്. പഞ്ചാബിലെ ജനങ്ങളെ വഞ്ചിക്കുകയാണിവർ. കൂടാതെ രാജ്യത്തിൻ്റെ ഭരണഘടനയോടുള്ള വഞ്ചനയുമാണിതെന്ന് അദ്ദേഹം അവകാശപ്പെട്ടു. അതിനാൽ ഈ വിഷയത്തിൽ ചെയർമാൻ ഉടൻ തന്നെ ഇടപെടണമെന്നും ഈ ഹർജിയിൽ നീതിപരമായ തീരുമാനമെടുക്കണെമന്നും അവരുടെ അംഗത്വം റദ്ദാക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ പാർട്ടി മാറുന്നതിന് മുമ്പ് രാജിവയ്ക്കണം. നിങ്ങൾ ഒരു പാർട്ടിയിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുകയും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുകയും ചെയ്താൽ, നിങ്ങൾ ആ പാർട്ടിയിൽ നിന്ന് രാജിവച്ച് നിങ്ങളുടെ കാഴ്ചപ്പാടുകൾ യോജിക്കുന്നിടത്തേക്ക് പോകണം. നിങ്ങൾ ഒരു പാർട്ടിയുടെ വിധിന്യായത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ടവരാണ്. ഇപ്പോൾ നിങ്ങൾ അതിനെതിരെ സംസാരിക്കുകയാണോ? അതുകൊണ്ടാണ് ചെയർമാൻ ഉടൻ തന്നെ ഈ ഹർജിയിൽ തീരുമാനമെടുക്കുകയും അവരുടെ അംഗത്വം റദ്ദാക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നത്, സഞ്ജയ് സിംഗ് കൂട്ടിച്ചേർത്തു. അതേസമയം, പാർട്ടിയുടെ ആകെയുള്ള പത്ത് എംപിമാരിൽ ഏഴ് പേരും (മൂന്നിൽ രണ്ട് ഭാഗം) ഒന്നിച്ച് മാറിയതിനാൽ തങ്ങളെ അയോഗ്യരാക്കാൻ കഴിയില്ലെന്നാണ് ബിജെപിയിൽ ചേർന്ന എംപിമാരുടെ വാദം.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News