Enter your Email Address to subscribe to our newsletters

Thiruvananthapuram, 27 ഏപ്രില്‍ (H.S.)
മത്സ്യലഭ്യത കുറഞ്ഞതോടെ പഴകിയ മത്സ്യങ്ങള്‍ വിപണിയില്‍ നിറയുന്നു. ഒറ്റനോട്ടത്തില്‍ പഴക്കം തോന്നില്ലെങ്കിലും വെട്ടിത്തുടങ്ങുമ്ബോഴാണ് പഴകിയതാണെന്ന് മനസിലാകുന്നത്.
കേരളത്തിലെ ഹാർബറുകളില്‍ നിന്നെന്ന വ്യാജേന അന്യസംസ്ഥാനങ്ങളില്‍ നിന്ന് ടണ്‍ കണക്കിന് മത്സ്യമാണ് വിപണിയില്‍ എത്തുന്നത്. മത്സ്യം പഴകിയതാണെങ്കില്‍ വില കുറയും. ഇക്കാരണത്താല്‍ സംസ്ഥാനത്തേക്ക് ഇവയുടെ കുത്തൊഴുക്കാണ്. ആഴ്ചകള്‍ പഴക്കമുള്ള മത്സ്യങ്ങള്‍ വരെ വില്പനക്കാരുടെ കൈയിലെത്തുന്നുണ്ട്.
ഒരു കിലോ മീനില്‍ ഒരു കിലോ ഐസ് എന്ന തോതില്‍ ഇടണമെന്നാണ് അധികൃതർ നിർദ്ദേശിക്കുന്നത്. എന്നാല്‍ മതിയായ അളവില്‍ ഐസ് ഇടാതെയാണ് ഈ മത്സ്യങ്ങള്‍ സൂക്ഷിക്കുന്നത്. ചില കച്ചവടക്കാരാകട്ടെ ഐസ് ഉപയോഗിക്കാറേയില്ല. ചൂട് ഉയർന്ന് നില്‍ക്കുന്നതിനാല്‍ പെട്ടെന്ന് മത്സ്യങ്ങള്‍ ചീയും. മാർക്കറ്റില്‍ നിന്നു വാങ്ങി വീട്ടില്‍ എത്തിക്കുമ്പേഴേക്കും അവസ്ഥ ഒന്നുകൂടി വഷളാവും.
കൊട്ടാരക്കര കുളക്കട സ്വദേശിനിയായ സിന്ധു ഇന്നലെ പുലർച്ചെ നീണ്ടകര ഹാർബറില്‍ നിന്ന് വാങ്ങിയ ചൂര മുറിച്ചപ്പോള്‍ പുഴുവെന്ന് തോന്നിപ്പിക്കുന്ന ജീവികളെ കണ്ടെത്തി. ദുർഗന്ധവും ഉണ്ടായിരുന്നു. എന്നാല്‍ സമുദ്ര മത്സ്യങ്ങളില്‍, പ്രത്യേകിച്ച് ചൂര, അയല തുടങ്ങിയവയില്‍ മനുഷ്യനില്‍ ഉള്ളതുപോലെ പരാന്നഭോജികള്‍ (പാരസൈറ്റുകള്‍) കാണപ്പെടാറുണ്ടെന്നും ഒരുപക്ഷേ ചൂരയില്‍ കണ്ടത് ഇതാവാമെന്നുമാണ് ഭക്ഷ്യസുരക്ഷാവകുപ്പ് അധികൃതർ പറയുന്നത്.
*പരാതികള്‍ വ്യാപകം*
പഴകിയ മത്സ്യങ്ങള്‍ വ്യാപകമാണെന്ന് നിരവധി പരാതികള്‍ ലഭിക്കുന്നതായി അധികൃതർ വ്യക്തമാക്കി. പ്രദേശിക മാർക്കറ്റുകളില്‍ ശീതികരണ സംവിധാനങ്ങള്‍ ഇല്ലാതെയും മതിയായ അളവില്‍ ഐസ് ചേർക്കാതെയും മത്സ്യം സൂക്ഷിക്കുന്നത് പഴക്കത്തിന് കാരണമാകും. ഫോർമാലിൻ ഉള്‍പ്പടെയുള്ള രാസവസ്തുക്കള്‍ കലർത്തിയ മത്സ്യം പെട്ടന്ന് കേടാകില്ല. എന്നാല്‍ ആരോഗ്യത്തിന് ഏറെ ഹാനികരമാണ് ഇവ.
ഗുണനിലവാരമില്ലാത്ത മത്സ്യങ്ങളുടെ വഴിയോര വില്പനയും വ്യാപകമാണ്. പ്രധാന മാർക്കറ്റുകള്‍ മാത്രം കേന്ദ്രീകരിച്ചാണ് പലപ്പോഴും പരിശോധനകള്‍ നടത്തുന്നത്.
*നല്ല മത്സ്യം*
തിളക്കമുള്ള കണ്ണുകള്‍
രക്തമുള്ള ചെകിള
കേട് വരാത്തതും നിറം മാറാത്തതുമായ തുകല്‍
കട്ടിയുള്ള മാംസം
ദുർഗന്ധം ഇല്ല
*കേടായ മത്സ്യം*
കുഴിഞ്ഞ കണ്ണുകള്‍
ചേറിന്റെ (ചെളി) നിറമായ ചെകിള
നിറം മാറിയതും കേട് വന്നതുമായ തുകല്‍
തൊട്ടാല്‍ കുഴിഞ്ഞ് പൂർവ സ്ഥിതിയിലാകാത്ത മാംസം
ദുർഗന്ധം ഉണ്ടാകും
മത്സ്യവില്പനക്കാർ ഒരു കിലോ മത്സ്യത്തില്‍ ഒരു കിലോ ഐസ് എന്ന തോതില്‍ ഇട്ട് സൂക്ഷിക്കുകയും വില്പന നടത്തുകയും വേണം.ഉപഭോക്താക്കള്‍ ഐസില്‍ ഇട്ട മത്സ്യങ്ങള്‍ മാത്രം വാങ്ങാൻ ശ്രദ്ധിക്കണം. -
---------------
Hindusthan Samachar / Sreejith S