Enter your Email Address to subscribe to our newsletters

Kannur, 27 ഏപ്രില്‍ (H.S.)
കണ്ണൂർ:കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റില്‍നിന്നും ഈ വര്‍ഷത്തെ ആദ്യ ഹജ്ജ് വിമാനം മെയ് ആറിന് പുലര്‍ച്ചെ 2.30 ന് പുറപ്പെടും. ഫ്‌ളൈ അദീല്‍ എയര്‍ലൈന്‍സിന്റെ 13 സര്‍വീസുകളിലായി 4550 തീര്‍ത്ഥാടകര്‍ ഹജ്ജ് യാത്രയുടെ ഭാഗമാകും. യാത്രയുടെ ഔപചാരിക ഉദ്ഘാടനം മെയ് അഞ്ചിന് വൈകീട്ട് നാല് മണിക്ക് നടക്കും.
തീര്‍ത്ഥാടകരുടെ യാത്ര സുഗമമാക്കുന്നതിനായി ഹജ്ജ് ക്യാമ്പില്‍ വിശ്രമം, ഭക്ഷണം, ആരോഗ്യപരിചരണം, പ്രാര്‍ത്ഥനാ സൗകര്യം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കും. ഇതോടൊപ്പം എമര്‍ജന്‍സി മെഡിക്കല്‍ സേവനം, പോലീസ്, അഗ്നിശമന സേന കൗണ്ടറുകള്‍, ബാങ്കിംഗ് സേവനങ്ങള്‍ എന്നിവയും ക്യാമ്പില്‍ സജ്ജീകരിക്കും. വിമാനത്താവളത്തില്‍ ലഗേജ് സ്വീകരിക്കുന്നതിനായി പ്രത്യേക സംവിധാനവും താല്‍ക്കാലിക വിശ്രമത്തിനായി പ്രത്യേക ഇരിപ്പിട സൗകര്യങ്ങളും ഒരുക്കും.
ഹജ്ജ് തീര്‍ത്ഥാടകരുടെ യാത്രാസൗകര്യങ്ങളും മുന്നൊരുക്കങ്ങളും വിലയിരുത്തുന്നതിനായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ എ ഡി എം കല ഭാസ്‌കറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. മുന്‍വര്‍ഷത്തെപ്പോലെ തന്നെ കൂടുതല്‍ കാര്യക്ഷമമായി സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി ഹാജിമാരുടെ സുഗമമായ യാത്ര ഉറപ്പുവരുത്തണമെന്ന് എഡിഎം വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. യോഗത്തില്‍ ഹജ്ജ് കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി ജാഫര്‍ കെ കക്കൂത്ത്, ഹജ്ജ് കമ്മിറ്റി അംഗങ്ങളായ പി.പി മുഹമ്മദ് റാഫി, ഷംസുദ്ദീന്‍ അരിഞ്ചിറ, ഒ.വി ജയഫര്‍, കണ്ണൂര്‍ ക്യാമ്പ് ഇന്‍ ചാര്‍ജ് പി.കെ യാസര്‍ അറഫാത്ത്, കണ്ണൂര്‍ ഹജ്ജ് ഹൗസ് നോഡല്‍ ഓഫീസര്‍ എം.സി.കെ ഗഫൂര്‍, വിവിധ വകുപ്പ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
---------------
Hindusthan Samachar / Sreejith S