Enter your Email Address to subscribe to our newsletters

kannur, 27 ഏപ്രില്‍ (H.S.)
കണ്ണൂര്‍ : ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതിഷേധിച്ച് നാളെ ഹര്‍ത്താല്‍. വിദ്യാര്‍ത്ഥിയുടെ മരണത്തിന് ഉത്തരവാദികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദലിത് സംഘടനകളാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ സംസ്ഥാന വ്യാപകമായി നടത്തുന്ന ഹര്‍ത്താലില്‍ നിര്‍ബന്ധിതമായി വാഹനങ്ങള്‍ തടയില്ലെന്നും ഹര്‍ത്താലുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്നും നിതിന്‍ രാജ് ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. അവശ്യസര്‍വീസുകളെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കും.
കണ്ണൂരില്‍ സ്വകാര്യ ബസ് സര്‍വീസ് മുടങ്ങില്ലെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി രാജ് കുമാര്‍ കരുവാരത്ത് അറിയിച്ചു. കടകള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയും അറിയിച്ചു.
52 ദലിത് സംഘടനകളാണ് ഹര്‍ത്താലിന് നേതൃത്വം നല്‍കുന്നത്. രോഹിത് വെമുല നിയമം നടപ്പാക്കുക, നിതിന്‍ രാജിന്റെ കുടുംബത്തിന് പത്ത് കോടി രൂപ നഷ്ടപരിഹാരം നല്‍കുക, അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിന്റെ അഫിലിയേഷന്‍ റദ്ദാക്കുക, ജുഡീഷ്യല്‍ മേല്‍നോട്ടത്തില്‍ കേസന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് ഹര്‍ത്താല്‍. ജസ്റ്റിസ് ഫോര്‍ നിധിന്‍രാജ് ആക്ഷന്‍ കൗണ്‍സിലും ദലിത് ആദിവാസി സംഘടനകളുമാണ് ഹര്‍ത്താല്‍ നടത്തുന്നത്.
---------------
Hindusthan Samachar / Sreejith S