Enter your Email Address to subscribe to our newsletters

newdelhi , 27 ഏപ്രില് (H.S.)
ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ജസ്റ്റിസ് സ്വർണകാന്ത ശർമ്മയുടെ ബെഞ്ചിന് മുന്നിലുള്ള തുടർനടപടികളിൽ പങ്കെടുക്കില്ലെന്ന ആം ആദ്മി പാർട്ടി കൺവീനർ അരവിന്ദ് കെജ്രിവാളിന്റെ തീരുമാനത്തെ കടുത്ത ഭാഷയിൽ വിമർശിച്ച് ബിജെപി. ശിക്ഷിക്കപ്പെടുമെന്ന ഭയം മൂലമാണ് കെജ്രിവാൾ ഇത്തരം 'രാഷ്ട്രീയ നാടകങ്ങൾ' കളിക്കുന്നതെന്ന് ഡൽഹി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ച്ദേവ ആരോപിച്ചു. ജസ്റ്റിസ് സ്വർണകാന്ത ശർമ്മയ്ക്ക് കെജ്രിവാൾ അയച്ച കത്ത് ഭരണഘടനാ വിരുദ്ധവും ജനാധിപത്യത്തിന് നിരക്കാത്തതുമാണെന്ന് ബിജെപി ചൂണ്ടിക്കാട്ടി.
സച്ച്ദേവയുടെ വിമർശനം
മദ്യനയക്കേസുമായി ബന്ധപ്പെട്ട നിയമനടപടികളിൽ നിന്ന് വിട്ടുനിൽക്കാനുള്ള കെജ്രിവാളിന്റെ നീക്കം ഭരണഘടനയുടെ പവിത്രതയെ തകർക്കുന്നതാണെന്ന് വീരേന്ദ്ര സച്ച്ദേവ പറഞ്ഞു. അരവിന്ദ് കെജ്രിവാൾ അയച്ച കത്തിനെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു. ഈ കേസിൽ ജഡ്ജിക്കെതിരെ അദ്ദേഹം ഉന്നയിക്കുന്ന പരാമർശങ്ങൾ ജനാധിപത്യ വിരുദ്ധമാണ്. ആരും ഭരണഘടനയ്ക്ക് മുകളിലല്ല. സ്വന്തം കേസ് ആര് കേൾക്കണം എന്ന് തീരുമാനിക്കാൻ പ്രതിക്ക് അധികാരമില്ല. ശിക്ഷയിൽ നിന്ന് രക്ഷപ്പെടാനായി അദ്ദേഹം നടത്തുന്ന വെറും രാഷ്ട്രീയ നാടകമാണിത്, സച്ച്ദേവ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
കെജ്രിവാളിന്റെ കത്ത്
ജസ്റ്റിസ് സ്വർണകാന്ത ശർമ്മയുടെ നിഷ്പക്ഷതയിൽ സംശയമുണ്ടെന്ന് ആരോപിച്ചാണ് കെജ്രിവാൾ വിശദമായ കത്ത് നൽകിയത്. കോടതി നടപടികളിൽ നിന്ന് വിട്ടുനിൽക്കുന്നത് നിയമത്തോടുള്ള ധിക്കാരമല്ലെന്നും തന്റെ മനസാക്ഷിയുടെ വിളിയാണെന്നും കെജ്രിവാൾ കത്തിൽ അവകാശപ്പെടുന്നു. ജുഡീഷ്യറി എന്ന സ്ഥാപനത്തിൽ തനിക്ക് വിശ്വാസമുണ്ടെങ്കിലും നിലവിലെ കേസിൽ നീതി ലഭിക്കുമെന്ന് കരുതുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. ജസ്റ്റിസ് ശർമ്മയുടെ മക്കൾ കേന്ദ്ര സർക്കാരിന്റെ പാനൽ അഭിഭാഷകരായി പ്രവർത്തിക്കുന്നത് ചൂണ്ടിക്കാട്ടി മുൻപ് നൽകിയ പിൻമാറ്റ ഹർജി (Recusal Plea) ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് കെജ്രിവാളിന്റെ ഈ നീക്കം.
ആം ആദ്മി പാർട്ടിയുടെ നിലപാട്
അതേസമയം, കെജ്രിവാളിന് പിന്തുണയുമായി എഎപി നേതാക്കളും രംഗത്തെത്തി. ജസ്റ്റിസ് സ്വർണകാന്ത ശർമ്മയ്ക്ക് ആർഎസ്എസുമായി ബന്ധമുണ്ടെന്ന് എഎപി എംപി സഞ്ജയ് സിംഗ് ആരോപിച്ചു. ആർഎസ്എസ് പരിപാടികളിൽ പങ്കെടുക്കുന്ന ഒരു ജഡ്ജിയിൽ നിന്ന് എങ്ങനെ നീതി പ്രതീക്ഷിക്കുമെന്നാണ് അദ്ദേഹം ചോദിച്ചത്. കെജ്രിവാളിന്റെ തീരുമാനം ഗാന്ധിയൻ സത്യാഗ്രഹത്തിന് സമാനമായ ഒരു സമരമുറയാണെന്നും എഎപി നേതാക്കൾ വാദിക്കുന്നു.
ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട സിബിഐ കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട കെജ്രിവാളിനെതിരെ ഏജൻസി നൽകിയ ഹർജിയിലാണ് നിലവിൽ വാദം നടക്കുന്നത്. കെജ്രിവാൾ സഹകരിച്ചില്ലെങ്കിലും നിയമപരമായ നടപടികളുമായി മുന്നോട്ട് പോകാനാണ് ഹൈക്കോടതിയുടെ തീരുമാനം. ഈ വിഷയം സുപ്രീം കോടതിയിൽ ചോദ്യം ചെയ്യാനാണ് എഎപിയുടെ നീക്കം.
---------------
Hindusthan Samachar / Roshith K