Enter your Email Address to subscribe to our newsletters

Thiruvanathapuram, 27 ഏപ്രില്‍ (H.S.)
തിരുവനന്തപുരം : സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കെഎസ്ഇബി യോഗത്തില്‍ തീരുമാനം. വൈദ്യുതി പ്രതിസന്ധി രൂക്ഷമായതിനാല്‍ 15 മിനിറ്റ് മുതല്‍ അരമണിക്കൂര്‍വരെ വൈദ്യുതി നിയന്ത്രണം വരും. വൈദ്യുതി മുടക്കം എസ്എംഎസായി ആയി അറിയിക്കും.
സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ പവര്‍ എക്‌സ്‌ചേഞ്ചുകളില്‍നിന്ന് ഉയര്‍ന്ന വിലയ്ക്കു വൈദ്യുതി വാങ്ങാന്‍ റഗുലേറ്ററി കമ്മിഷന്‍ ഉപാധികളോടെ കെഎസ്ഇബിക്ക് ഇന്നലെ അനുമതി നല്‍കിയിരുന്നു. യൂണിറ്റിന് 10 രൂപ വരെ വിലയുള്ള ഡേ എഹെഡ് മാര്‍ക്കറ്റിലെ (ഡിഎഎം) നിരക്കിനെക്കാള്‍ 50 പൈസ വരെ അധികം നല്‍കി മേയ് 15 വരെ 250 മെഗാവാട്ട് വരെ വൈദ്യുതി വാങ്ങാന്‍നാണ് അനുമതി നല്‍കിയത്. ഇത് എപ്പോള്‍ ലഭിക്കുമെന്ന് വ്യക്തമല്ല.
അതിനു മുന്‍പ് സാഹചര്യങ്ങള്‍ മെച്ചപ്പെട്ടാല്‍ പിന്നെ വൈദ്യുതി വാങ്ങരുതെന്നും ഉത്തരവിലുണ്ട്. വൈദ്യുതി വാങ്ങുന്നതിന്റെ ചെലവ് ഉള്‍പ്പെടെയുള്ള വിശദമായ റിപ്പോര്‍ട്ട് ഇടപാട് അവസാനിപ്പിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. പ്രതിസന്ധി നേരിടുന്നതില്‍ കെഎസ്ഇബിക്ക് വീഴ്ച സംഭവിച്ചെന്നും മുന്നൊരുക്കങ്ങളുണ്ടായില്ലെന്നും കമ്മിഷന്‍ ഉത്തരവില്‍ വിമര്‍ശിച്ചു.
രാത്രിയില്‍ വ്യത്യസ്ത സമയങ്ങളിലായി 10-15 മിനിറ്റ് നീളുന്ന വൈദ്യുതി നിയന്ത്രണം സംസ്ഥാനത്ത് തുടരുകയാണ്. വൈകിട്ട് 6 മുതല്‍ പുലര്‍ച്ചെ 2 വരെ ഒരുപോലെ വൈദ്യുതി ആവശ്യകത തുടരുന്ന സാഹചര്യമാണിപ്പോള്‍. ഈ സമയത്തെല്ലാം കുറഞ്ഞത് 5500 മെഗാവാട്ട് ആണ് ആവശ്യകത. രാവിലെ സോളര്‍ വൈദ്യുതി ഉല്‍പാദനം ആരംഭിക്കുന്നതുവരെ മിക്കവാറും ദിവസങ്ങളില്‍ ഈ സാഹചര്യം തുടരുന്നുവെന്ന് കെഎസ്ഇബി അധികൃതര്‍ അറിയിച്ചു. ശനിയാഴ്ച പീക്ക് സമയത്തെ ഉയര്‍ന്ന വൈദ്യുതി ആവശ്യകത 5770 മെഗാവാട്ട് ആയിരുന്നു. പ്രതിദിന വൈദ്യുതി ഉപയോഗം 11.5075 കോടി യൂണിറ്റായിരുന്നു.
പുറത്തുനിന്നു ലഭിക്കുന്ന വൈദ്യുതിയില്‍ 26 മുതല്‍ 200 മെഗാവാട്ടിന്റെ കുറവു കൂടി വരുന്ന സാഹചര്യത്തിലാണ് കൊടുംചൂടില്‍ അപ്രഖ്യാപിത ലോഡ്ഷെഡിങ്ങിന്റെ ദൈര്‍ഘ്യം കൂടുന്ന സാഹചര്യമുണ്ടാകുന്നത്. മറ്റു സംസ്ഥാനങ്ങളില്‍നിന്നു പവര്‍ ബാങ്കിങ് വഴി വാങ്ങിയിരുന്ന വൈദ്യുതിയില്‍ ഈ മാസം 16 മുതല്‍ തന്നെ 200 മെഗാവാട്ടിന്റെ കുറവു വന്നിരുന്നു. 20 മുതല്‍ വീണ്ടും 200 മെഗാവാട്ടിന്റെ കുറവു വരികയും 26 മുതല്‍ സമാനസാഹചര്യം കൂടി വരികയും ചെയ്യുന്നതോടെ ആകെ 600 മൊഗാവാട്ടിന്റെ കുറവാണ് ഉണ്ടാകുന്നത്.
ലോഡ്ഷെഡിങ് എന്ന വാക്കിന് പകരം ലോഡ് റസ്ട്രിക്ഷന്‍ എന്ന പേരിലാണ്, ഇപ്പോള്‍ ഫീഡറുകള്‍ പതിനഞ്ചുമിനിറ്റ് മുതല്‍ അരമണിക്കൂര്‍ വരെ ഓഫ് ചെയ്യുന്നത്. കൊടുംചൂട് തുടരുന്നതിനിടെ അപ്രഖ്യാപിത പവര്‍കട്ട് വ്യാപകമാകുന്നത് ജനജീവിതത്തെ പ്രതികൂലമായി ബാധിച്ചിരുക്കുകയാണ്. നഗര-ഗ്രാമ ഭേദമില്ലാതെ പല ഭാഗങ്ങളിലും ദിവസവും വൈദ്യുതി മുടങ്ങുന്നത് പതിവാകുകയാണ്. ഇതിനിടെ 250 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള അപക്ഷേയില്‍, വൈദ്യുതി റഗേറ്ററി കമ്മിഷന്‍ തീരുമാനം നീട്ടിയതും കെഎസ്ഇബിയ്ക്ക് തിരിച്ചടിയായി. കമ്മിഷന്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ ഉള്‍പ്പെടുത്തി വീണ്ടും അപേക്ഷ നല്‍കാനാണ് നിര്‍ദേശം. അതേസമയം, അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ മുന്‍കൂര്‍ അനുമതി വാങ്ങാതെതന്നെ വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിയ്ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ചെറിയതോതില്‍ മഴപെയ്തിട്ടും വൈദ്യുതി ഉപയോഗം ഒട്ടുംകുറയുന്നില്ല.
---------------
Hindusthan Samachar / Sreejith S