സംസ്ഥാനത്ത് വിമാനമാര്ഗം ആദ്യമായി അവയവം എത്തിച്ച് ശസ്ത്രക്രീയ നടത്തിയ മാത്യു അച്ചാടന് അന്തരിച്ചു.
Thrissur, 27 ഏപ്രില്‍ (H.S.) തൃശൂര്‍ : സംസ്ഥാനത്ത് ആദ്യമായി വിമാനമാര്‍ഗം ഹൃദയമെത്തിച്ചു ശസ്ത്രക്രിയ നടത്തിയ മാത്യു അച്ചാടന്‍ അന്തരിച്ചു. ചാലക്കുടി പരിയാരം സ്വദേശിയാണ്. 2015 ജൂലൈ 24നാണ് മാത്യുവിന്റെ ഹൃദയം മാറ്റിവച്ചത്. നാവികസേനയുടെ ഡോണിയര്‍ വിമാന
mathew achadan


Thrissur, 27 ഏപ്രില്‍ (H.S.)

തൃശൂര്‍ : സംസ്ഥാനത്ത് ആദ്യമായി വിമാനമാര്‍ഗം ഹൃദയമെത്തിച്ചു ശസ്ത്രക്രിയ നടത്തിയ മാത്യു അച്ചാടന്‍ അന്തരിച്ചു. ചാലക്കുടി പരിയാരം സ്വദേശിയാണ്. 2015 ജൂലൈ 24നാണ് മാത്യുവിന്റെ ഹൃദയം മാറ്റിവച്ചത്. നാവികസേനയുടെ ഡോണിയര്‍ വിമാനത്തിലാണ് തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് ഹൃദയം എത്തിച്ചത്. ശ്രീ ചിത്തിര തിരുനാള്‍ മെഡിക്കല്‍ സെന്ററില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പാറശാല സ്വദേശി അഡ്വ. നീലകണ്ഠശര്‍മക്കു മസ്തിഷ്‌ക മരണം സംഭവിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ ഹൃദയം മാത്യുവിനു മാറ്റിവച്ചത്. ഓട്ടോഡ്രൈവറും ചുമട്ടുതൊഴിലാളിയുമായിരുന്നു മാത്യു.

തിരുവനന്തപുരത്ത് നിന്ന് 210 കിലോമീറ്റര്‍ അകലെയുള്ള കൊച്ചിയില്‍ അഞ്ചു മണിക്കൂറിനുള്ളില്‍ ഹൃദയം എത്തിച്ച് ശസ്ത്രക്രിയ പൂര്‍ത്തിയാക്കണമെന്നായയിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദേശം. റോഡ് മാര്‍ഗം പ്രായോഗികമല്ലാത്തതിനാലാണ് ആകാശ മാര്‍ഗം എത്തിക്കുന്നതിനെക്കുറിച്ച് ആലോചിച്ചത്. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ഇടപെട്ട് കൊച്ചിയില്‍നിന്നു വ്യോമസേനയുടെ വിമാനം സജ്ജമാക്കി. ഇതിനുള്ള ഫയലുകള്‍ പൂര്‍ത്തിയാക്കി അര്‍ധരാത്രി സര്‍ക്കാര്‍ ഉത്തരവിറങ്ങി.

കൊച്ചിയില്‍ നിന്നു ഡോക്ടര്‍മാരെയും കൊണ്ട് 2015 ജൂലൈ 24 ഉച്ചയ്ക്ക് 2.20 ന് വിമാനം തിരുവനന്തപുരത്തെത്തി. പൊലീസ് പൈലറ്റ് വാഹനത്തിന്റെ സഹായത്തോടെ ഗതാഗതം നിയന്ത്രിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ ശ്രീചിത്രതിരുനാള്‍ ആശുപത്രിയിലേക്കെത്തി. ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തില്‍ മൂന്നുമണിയോടെ ശസ്ത്രക്രിയാ നടപടികള്‍ തുടങ്ങി. 6.20 ന് പൂര്‍ത്തിയാക്കി ഹൃദയം പുറത്തെടുത്തു. 6.51 ന് വിമാനം തിരികെ കൊച്ചിയിലേക്കു പറന്നു. 7.35 ന് കൊച്ചിയിലെത്തി. തുടര്‍ന്ന് ആശുപത്രിയിലെത്തിയ ഡോക്ടര്‍മാര്‍ ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി.

തിരുവനന്തപുരം ബാറിലെ പ്രശസ്ത അഭിഭാഷകനായ നീലകണ്ഠശര്‍മയെ (46) കുളിമുറിയില്‍ കുഴഞ്ഞുവീണതിനെത്തുടര്‍ന്നാണ് ശ്രീചിത്രയില്‍ പ്രവേശിപ്പിച്ചത്. മസ്തിഷ്‌കത്തിലെ രക്തസ്രാവത്തെത്തുടര്‍ന്ന് ജീവന്‍ രക്ഷിക്കാനാകില്ലെന്ന് ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചു. തുടര്‍ന്നാണ് അവയവദാനത്തിനു ഭാര്യ ലതയും മക്കളായ സുബ്രമണ്യ ശര്‍മയും ഗൗതം ശര്‍മയും സമ്മതംമൂളിയത്. സര്‍ക്കാരിന്റെ മൃതസഞ്ജീവനി പദ്ധതിയിലെ രോഗികളുടെ പട്ടികയില്‍ നിന്നാണു ഹൃദയകൈമാറ്റത്തിനു കൊച്ചി ലിസി ആശുപത്രിയില്‍ ചികില്‍സയിലുള്ള ചാലക്കുടി പരിയാരം സ്വദേശി മാത്യു അച്ചാടനെ കണ്ടെത്തിയത്. മാത്യുവിന്റെയും നീലകണ്ഠ ശര്‍മയുടെയും രക്തഗ്രൂപ്പ് ഒ പോസിറ്റീവ് ആയിരുന്നു.

ഡോണിയര്‍ 228 എന്ന വിമാനം നാവികസേനയുടെ ഏറ്റവും കരുത്തുള്ള നിരീക്ഷണ വിമാനമാണ്. പരിശീലന, നിരീക്ഷണ ആവശ്യങ്ങള്‍ക്കു സാധാരണ ഉപയോഗിക്കുന്ന ഈ വിമാനം ഏറെ ഈ ആവശ്യത്തിനായി പ്രത്യേകം പരുവപ്പെടുത്തുകയായിരുന്നു. ഡോക്ടര്‍മാര്‍ക്കും മറ്റും സഞ്ചരിക്കാന്‍ പ്രത്യേക സീറ്റുകള്‍ ഇതില്‍ തയാറാക്കി. മലയാളിയായ കമാന്‍ഡര്‍ എസ്. ഗോപിനാഥും സബ് ലഫ്റ്റനന്റ് രക്ഷിത് കപൂറും ചേര്‍ന്നാണു വിമാനം പറത്തിയത്.

---------------

Hindusthan Samachar / Sreejith S


Latest News