Enter your Email Address to subscribe to our newsletters

Kerala, 27 ഏപ്രില് (H.S.)
ബാരക്പൂർ (പശ്ചിമ ബംഗാൾ): ഭാരതത്തിന്റെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾക്ക് കരുത്തുപകർന്ന 'വന്ദേമാതരം' ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പശ്ചിമ ബംഗാളിന്റെ പുനർനിർമ്മാണത്തിനും വികസനത്തിനുമുള്ള മൂലമന്ത്രമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗാളിലെ ബാരക്പൂരില് സംഘടിപ്പിച്ച പടുകൂറ്റൻ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബംഗാളിന്റെ ശോഭനമായ ഭാവി വാഗ്ദാനം ചെയ്ത പ്രധാനമന്ത്രി, സംസ്ഥാനത്തെ തൊഴിലവസരങ്ങളുടെയും സുരക്ഷയുടെയും കേന്ദ്രമാക്കി മാറ്റുമെന്ന് ഉറപ്പുനൽകി. സ്വാതന്ത്ര്യ സമരകാലത്ത് അടിമത്തത്തിൽ നിന്നുള്ള മോചനത്തിനുള്ള മന്ത്രമായിരുന്നു വന്ദേമാതരം. എന്നാൽ ഇന്ന്, ബംഗാളിന്റെ നവോത്ഥാനത്തിന് ഈ മന്ത്രം നാം ഉപയോഗിക്കണം, അദ്ദേഹം പറഞ്ഞു.
വികസനത്തിന്റെ 'സുജലാം സുഫലാം' നയം
ബംഗാളിനെ ഐശ്വര്യത്തിലേക്കും സന്തോഷത്തിലേക്കും നയിക്കാനുള്ള പ്രത്യേക കർമ്മപദ്ധതികളെക്കുറിച്ച് മോദി വിശദീകരിച്ചു. 'സുജലാം സുഫലാം' എന്നത് സർക്കാരിന്റെ നയമായി മാറും. 'സസ്യശ്യാമള' എന്നത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള പ്രചോദനമായും, 'മലയജ ശീതള' എന്നത് ജനങ്ങളുടെ സമാധാനത്തിന്റെയും സമൃദ്ധിയുടെയും ഉറവിടമായും മാറുമെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, ദുർഗ്ഗാദേവിയുടെ ശക്തി സ്ത്രീസുരക്ഷയ്ക്കും നീതിക്കും വേണ്ടിയുള്ള ഗ്യാരണ്ടിയായി സർക്കാർ നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നുഴഞ്ഞുകയറ്റക്കാർക്കെതിരെ കർശന നടപടി
ബംഗാളിലെ ബിജെപി ഭരണത്തിൽ ഒരു പൗരനും ജാതിയുടെയോ മതത്തിന്റെയോ പേരിൽ വിവേചനം അനുഭവിക്കേണ്ടി വരില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. എന്നാൽ ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത നുഴഞ്ഞുകയറ്റക്കാർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കും. മതുവ വിഭാഗത്തിൽപ്പെട്ടവർക്ക് പൗരത്വ ആനുകൂല്യങ്ങൾ ഉറപ്പാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. തൃണമൂൽ കോൺഗ്രസ് സർക്കാർ ജനവിധിയെ മാനിക്കുന്നില്ലെന്നും ജനങ്ങളെ വഞ്ചിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഇരട്ട എഞ്ചിൻ സർക്കാർ
ടിഎംസി ഭരണത്തിന് കീഴിൽ നടന്ന അക്രമങ്ങളും അതിക്രമങ്ങളും വോട്ട് ചെയ്യുമ്പോൾ ജനങ്ങൾ ഓർക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ബംഗാളിൽ ബിജെപിയുടെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിലൂടെ കേന്ദ്രത്തിലും സംസ്ഥാനത്തും ഒരേ പാർട്ടി ഭരിക്കുന്ന 'ഇരട്ട എഞ്ചിൻ' സർക്കാരിന്റെ ആനുകൂല്യങ്ങൾ ജനങ്ങൾക്ക് ലഭിക്കുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. മെയ് 4-ന് ഫലം വരുമ്പോൾ ബിജെപി വലിയ വിജയം നേടുമെന്നും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ താൻ വീണ്ടും എത്തുമെന്നും മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
പശ്ചിമ ബംഗാളിലെ ആദ്യഘട്ട വോട്ടെടുപ്പിൽ 92.35 ശതമാനം എന്ന റെക്കോർഡ് പോളിംഗ് രേഖപ്പെടുത്തിയത് ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു എന്നതിന്റെ തെളിവാണെന്ന് അദ്ദേഹം പറഞ്ഞു. രണ്ടാം ഘട്ട വോട്ടെടുപ്പ് ഏപ്രിൽ 29-ന് നടക്കും. കേരളം, തമിഴ്നാട്, ആസാം, പുതുച്ചേരി എന്നിവയ്ക്കൊപ്പം മെയ് 4-നാണ് ബംഗാളിലും ഫലപ്രഖ്യാപനം.
---------------
Hindusthan Samachar / Roshith K