Enter your Email Address to subscribe to our newsletters

Alappuzha , 28 ഏപ്രില് (H.S.)
പ്രസിദ്ധ തീർഥാടന കേന്ദ്രമായ എടത്വ സെൻ്റ് ജോർജ് ഫൊറോന പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിന് കൊടിയേറി. രാവിലെ നടന്ന മധ്യസ്ഥപ്രാർഥനയ്ക്കും ലദീഞ്ഞിനും വിശുദ്ധ കുർബാനയ്ക്കും ശേഷമാണ് കൊടിയേറ്റ് നടന്നത്. പള്ളി വികാരി ഫാദർ ജോസഫ് കളരിയ്ക്കൽ ചടങ്ങുകൾക്ക് മുഖ്യ കാർമികത്വം വഹിച്ചു.
ഭക്തിസാന്ദ്രമായി കൊടിയേറ്റം
ആയിരക്കണക്കിന് വിശ്വാസികളെ സാക്ഷിയാക്കിയാണ് ആശീർവദിച്ച കൊടി മുകളിലേക്ക് ഉയർന്നത്. വിശുദ്ധ ഗീവർഗീസേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എന്ന ആയിരങ്ങളുടെ പ്രാർഥനാ ശബ്ദങ്ങൾക്കിടയിലാണ് പട്ടുനൂൽകൊണ്ട് പിരിച്ചെടുത്ത കയറിൽ കൊടി ഉയർന്നത്. ഇതോടെ ഈ വർഷത്തെ എടത്വ പെരുന്നാളിന് ഔദ്യോഗിക തുടക്കമായി.
തിരുനാൾ കോർഡിനേറ്റർ ഫാദർ ഏലിയാസ് കരിക്കണ്ടത്തിൽ, അസിസ്റ്റൻ്റ് വികാരിമാരായ ഫാദർ കുര്യൻ പുത്തൻപുര, ഫാദർ വർഗീസ് മതിലകത്തുകുഴി, ഫാദർ തോമസ് കാരക്കാട്, ഫാദർ കുര്യാക്കോസ് പീടിയേക്കൽ, ഫാദർ സെബാസ്റ്റ്യൻ മഞ്ചേരിക്കളം, ഫാദർ സെബാസ്റ്റ്യൻ കളത്തിപറമ്പിൽ, ഫാദർ ആൻ്റണി നമ്പിയത്ത്, മുൻ വികാരി ഫാദർ ഫിലിപ്പ് വൈക്കത്തുകാരൻ, ഫാദർ ജോൺ വി തടത്തിൽ എന്നിവരാണ് സഹകാർമികരായത്.
സജീവമായി ജനപ്രതിനിധികളും
കൊടിയേറ്റ് ചടങ്ങിൽ കൊടിക്കുന്നിൽ സുരേഷ് എംപി, യുഡിഎഫ് സ്ഥാനാർഥി റെജി ചെറിയാൻ, ജില്ല പഞ്ചായത്ത് അംഗം മഞ്ജു വിജയകുമാർ, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടിജിൻ ജോസഫ്, എടത്വ പഞ്ചായത്ത് പ്രസിഡൻ്റ് ആൻസി ബിജോയി, വൈസ് പ്രസിഡൻ്റ് ബിജു വരമ്പത്ത് എന്നിവർ പങ്കെടുത്തു.
കൈക്കാരന്മാരായ മനോജ് മാത്യു പുത്തൻവീട്ടിൽ, സിബിച്ചൻ കോനാട്ട്, സാബു ആശാംപറമ്പിൽ എന്നിവരും നേതൃത്വം നൽകി. ജനറൽ കൺവീനർ പ്രഫസർ പി വി ജെറോം, ജോയിൻ്റ് കൺവീനർമാരായ ബിനോമോൻ ദേവസ്യാ പഴേമഠം, തോമസ് ജോർജ്, സെക്രട്ടറി മിനു സോബി, പബ്ലിസിറ്റി കൺവീനർ ബിനോയ് മാത്യു എന്നിവർക്കൊപ്പം ദിലീപ്മോൻ വർഗീസ്, സാബു കരിക്കംപള്ളിൽ തുടങ്ങിയവരും പെരുന്നാൾ വിജയത്തിനായി സജീവമാണ്.
തീർഥാടകരുടെ ഒഴുക്ക്തിരുനാളിൽ പങ്കെടുക്കാൻ ഞായറാഴ്ച മുതൽ തന്നെ പള്ളിയിലേക്ക് തീർഥാടകർ എത്തിത്തുടങ്ങി. തമിഴ്നാട്ടിൽ നിന്നുള്ള വിശ്വാസികളാണ് കൂടുതലും എത്തുന്നത്. തിരുകർമങ്ങളിൽ സംബന്ധിക്കാൻ കന്യാകുമാരി, മാർത്താണ്ഡം തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ളവർ പള്ളി പരിസരങ്ങളിൽ തമ്പടിച്ചു.
തിരുനാൾ ദിവസങ്ങളിൽ ദിവസവും മൂന്ന് തമിഴ് കുർബാനയും രാവിലെയും വൈകിട്ടും ലദീഞ്ഞും മധ്യസ്ഥ പ്രാർഥനയും നടക്കും. മെയ് ഒന്ന് മുതൽ എല്ലാ ദിവസവും ഉച്ചയ്ക്ക് 2.30ന് തമിഴിൽ കുർബാന ഉണ്ടായിരിക്കും. മെയ് മൂന്നിന് രാവിലെ 5.45നുള്ള കുർബാനയ്ക്ക് ശേഷം വിശുദ്ധൻ്റെ തിരുസ്വരൂപം പള്ളിയുടെ പ്രധാന കവാടത്തിൽ പരസ്യ വണക്കത്തിനായി സ്ഥാപിക്കുന്നതോടെ തിരക്ക് വീണ്ടും വർധിക്കും.
പ്രധാന തിരുനാൾ മെയ് ഏഴിന്പ്രധാന തിരുനാൾ മെയ് ഏഴിനാണ് നടക്കുന്നത്. അന്ന് വൈകിട്ട് നാലിന് വിശുദ്ധൻ്റെ തിരുസ്വരൂപം വഹിച്ചുള്ള ചരിത്ര പ്രസിദ്ധമായ പ്രദക്ഷിണം പള്ളിക്കുചുറ്റും നടക്കും. ഈ പ്രദക്ഷിണത്തിന് രൂപങ്ങൾ വഹിക്കുന്നതും നേതൃത്വം നൽകുന്നതും തമിഴ്നാട്ടിൽ നിന്നുള്ള ഭക്തരാണ്.
പൂർണമായും തീർഥാടകർക്ക് വേണ്ടിയുള്ള വിപുലമായ ഒരുക്കങ്ങളാണ് പള്ളി കമ്മിറ്റി ഒരുക്കിയിരിക്കുന്നത്. മെയ് 14ന് എട്ടാമിടം ആഘോഷിക്കും. അന്ന് ചെറിയ രൂപം എഴുന്നള്ളിച്ച് കുരിശടി ചുറ്റിയുള്ള പ്രദക്ഷിണം പള്ളിയിൽ തിരിച്ചെത്തുമ്പോൾ കൊടിയിറക്കും. തുടർന്ന് രാത്രി ഒൻപതിന് തിരുസ്വരൂപം നടയിൽ പ്രതിഷ്ഠിക്കുന്നതോടെ തിരുനാളിന് സമാപനമാകും.
വരും ദിവസങ്ങളിൽ ചങ്ങനാശ്ശേരി അതിരൂപത അധ്യക്ഷൻ മാർ തോമസ് തറയിൽ, കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, തക്കല രൂപത അധ്യക്ഷൻ മാർ ജോർജ് രാജേന്ദ്രൻ, മാവേലിക്കര രൂപത അധ്യക്ഷൻ മാത്യൂസ് മാർ പോളികാർപസ്, കൊല്ലം രൂപത മെത്രാൻ ഡോ. ആൻ്റണി മുല്ലശ്ശേരി ഉൾപ്പെടെയുള്ള പ്രമുഖർ വിവിധ ചടങ്ങുകളിൽ പങ്കെടുക്കും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR