Enter your Email Address to subscribe to our newsletters

KOCHI , 28 ഏപ്രില് (H.S.)
അത്യുഷ്ണവും അൾട്രാവയലറ്റ് റേഡിയേഷനും ഉള്ളതിനാൽ കരുതൽ വേണമെന്ന് ആരോഗ്യ വകുപ്പ്. ചൂടിലെ വർദ്ധനവ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കാനും മരണത്തിന് വരെ കാരണമായേക്കാവുന്നതുമാണ്. മാത്രമല്ല കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും.
അമിതമായ വിയർപ്പ്, ക്ഷീണം,തലവേദന, തലകറക്കം എന്നിവ താപശരീര ശോഷണത്തിൻ്റെ പ്രാരംഭ ലക്ഷണങ്ങളാണ് വിയർപ്പിലൂടെ ധാരാളം വെള്ളവും ലവണങ്ങളും നഷ്ടപ്പെടുന്നതു മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. എന്നാൽ അന്തരീക്ഷ താപം ഒരു പരിധിയിൽ കൂടുകയോ കഠിനമായ വെയിൽ നേരിട്ടു ഏൽക്കുകയോ ചെയ്യുമ്പോൾ ഉണ്ടാകുന്ന അവസ്ഥയാണ് സൂര്യാഘാതം. ശക്തി കുറഞ്ഞ് അതിവേഗം നാഡിമിടിക്കുക, അസഹ്യമായ തലവേദന, തലകറക്കം, ഉയർന്ന ശരീരോഷ്മാവ്, വറ്റി വരണ്ട ചുവന്ന ചർമം, മാനസികാവസ്ഥയിലെ മാറ്റങ്ങൾ, അബോധാവസ്ഥ എന്നിവ സൂര്യാഘാതത്തിന്റെ ലക്ഷണങ്ങളാണ് അടിയന്തര ചികിത്സ ലഭിച്ചില്ലെങ്കിൽ അപകടമാണ്. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ തണുത്ത വെള്ളം കൊണ്ട് ദേഹം തുടച്ചു തണുപ്പിക്കുക.
അതുകൊണ്ട് കൊടും ചൂടിൽ നിന്ന് രക്ഷ നേടാൻ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കുക.
പ്രത്യേകിച്ച് ഹൃദ്രോഗം. പ്രമേഹം, ചർമരോഗങ്ങൾ, കാൻസർ പോലെയുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരും പ്രായമായവർ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കുട്ടികൾ, ആൽബനിസം പോലെയുള്ള അവസ്ഥയുള്ളവർ എല്ലാം ചൂടുകൂടി നിൽക്കുന്ന സമയത്ത് പുറത്തിറങ്ങുന്നത് നിർബന്ധമായും ഒഴിവാക്കണം. ഉഷ്ണം ഇവരുടെ ആരോഗ്യാവസ്ഥ കൂടുതൽ വഷളാക്കും. വീടിനകത്തും ഇവർക്ക് പ്രത്യേക ശ്രദ്ധ ഉറപ്പാക്കുക.
പുറമേയുള്ള ജോലി ചെയ്യുന്നവർ, ഫീൽഡ് ജോലിയിൽ ഏർപെട്ടിരിക്കുന്ന ജീവനക്കാർ, ഫീൽഡ് വോളൻ്റിയർമാർ, തുടങ്ങിയവരും സുരക്ഷ ഉറപ്പാക്കണം.
പകൽ 11 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിൽ പുറമേയുള്ള ജോലികൾ ഒഴിവാക്കി രാവിലെയോ വൈകുന്നുരേമോ ആയി സമയം ക്രമീകരിച്ചു ജോലി ചെയ്യുക.
വീട്ട് ജോലിയിൽ ഉൾപ്പെടെ ഏർപ്പെടുന്നവർ കൃത്യമായ ഇടവേളകളിൽ അൽപസമയം വിശ്രമിക്കാനും ശ്രദ്ധിക്കണം.
വീട്ടിലും തൊഴിലിടത്തിനകത്തും പുറത്തും ധാരാളമായി ശുദ്ധജലം കുടിക്കുകയും വായുസഞ്ചാരം (Air ventilation) ഉറപ്പാക്കാനും ശരീരം തണുപ്പിക്കാനും ശ്രമിക്കണം.
ഒഴിവാക്കാൻ സാധിക്കാത്ത ആവശ്യങ്ങൾക്കായി പുറത്തിറങ്ങുന്നവർ നിർബന്ധമായും കുട ഉപയോഗിക്കണം. കുടിവെളളം ആവശ്യത്തിന് കയ്യിൽ കരുതരണം. പാദരക്ഷകൾ ധരിക്കണം. സൺഗ്ലാസുപയോഗിക്കാൻ സാധിക്കുന്നവർ അതുപയോഗിക്കണം. ഇളം നിറത്തിലുള്ള അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുന്നതാണ് നല്ലത്.
ധാരാളമായി വെള്ളം കുടിക്കാനും വിശ്രമിക്കാനും ജലാംശം കൂടുതലുള്ളതും പോഷക സമൃദ്ധമായതും നിർജ്ജലീകരണം ഉണ്ടാക്കാത്തതുമായ ഭക്ഷണം കഴിക്കാനും ശ്രദ്ധിക്കുക. ചായ, കാപ്പി, കാർബണേറ്റഡ് ഡ്രിങ്ക്സ്, മദ്യം എന്നിവ ഒഴിവാക്കാനും നിർദേശം ഉണ്ട് .
---------------
Hindusthan Samachar / CHANDHU CHANDRASEKHAR