വയനാട്ടിൽ കറവപ്പശുക്കൾ കുഴഞ്ഞുവീണ് ചാവുന്നു, കർഷകർ കടുത്ത പ്രതിസന്ധിയിൽ
Wayanad , 28 ഏപ്രില് (H.S.) കനത്ത പകൽചൂട് കേരളത്തിലെ ക്ഷീരമേഖലയെ സാരമായി ബാധിച്ചിരിക്കുകയാണ്. താപനില ഉയരുന്നത് പശുക്കളുടെ ആരോഗ്യത്തെയും പാൽ ഉൽപാദനത്തെയും ഒരുപോലെ പ്രതികൂലമായി ബാധിക്കുന്നു. പുൽപ്പള്ളി മുള്ളൻകൊല്ലി പഞ്ചായത്തിലെ ശശിമല, പിടിച്ചിറ പ്ര
Dairy farm


Wayanad , 28 ഏപ്രില് (H.S.)

കനത്ത പകൽചൂട് കേരളത്തിലെ ക്ഷീരമേഖലയെ സാരമായി ബാധിച്ചിരിക്കുകയാണ്. താപനില ഉയരുന്നത് പശുക്കളുടെ ആരോഗ്യത്തെയും പാൽ ഉൽപാദനത്തെയും ഒരുപോലെ പ്രതികൂലമായി ബാധിക്കുന്നു.

പുൽപ്പള്ളി മുള്ളൻകൊല്ലി പഞ്ചായത്തിലെ ശശിമല, പിടിച്ചിറ പ്രദേശങ്ങളിലാണ് കടുത്ത ചൂട് പശുക്കളുടെ ജീവൻ കവർന്നത്. കഴിഞ്ഞ ദിവസം നാല് പശുക്കൾ ചത്തു. അഞ്ചോളം പശുക്കൾ ഇപ്പോഴും അവശനിലയിൽ തുടരുന്നു. ചെറിയമ്പനാട്ട് അപ്പച്ചൻ, പള്ളിക്കമലിൽ തടത്തിൽ രവി എന്നിവരുടെ പശുക്കളാണ് ചത്തത്. തടത്തിൽ രവി, വലിയ വട്ടം രാജു എന്നിവരുടെ കറവ പശുക്കൾ തൊഴുത്തിൽ കുഴഞ്ഞ് വീണ നിലയിലാണ്. പകൽ സമയത്ത് ചൂട് താങ്ങാനാകാതെ പശുക്കൾ കുഴഞ്ഞ് വീഴുകയാണെന്ന് കർഷകർ പറയുന്നു.

അടിയ്ക്കടി ശ്വാസം വലിക്കൽ, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളാണ് കാണുന്നത്. ഫാനുകളും ഷവറുകളും ഉൾപ്പെടെ സൗകര്യങ്ങൾ ഒരുക്കിയിട്ടും പശുക്കളെ രക്ഷിക്കാനായില്ലെന്ന് കർഷകർ പറയുന്നു. ശരീരത്തിലെ ജലാംശം കുറയുന്നതാണ് പ്രധാന കാരണം എന്നാണ് വിലയിരുത്തൽ. മുന്തിയ ഇനത്തിൽപ്പെട്ട പശുക്കൾക്കാണ് ചൂട് കൂടുതൽ ബാധിക്കുന്നത്. വായ്പയെടുത്ത് പശുക്കളെ വാങ്ങിയ കർഷകർക്ക് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഇപ്പോൾ നേരിടേണ്ടി വരുന്നത്.

സര്ക്കാര് ഉടനടി നടപടിയെടുക്കണമെന്ന് ക്ഷീര കര്ഷകര്

ക്ഷീര മേഖല അഭിമുഖീകരിക്കുന്ന വെല്ലുവിളികള് മനസിലാക്കി സര്ക്കാര് ഉടനടി നടപടി സ്വീകരിക്കണമെന്ന് ക്ഷീരകർഷകൻ ചെറിയമ്പനാട്ട് അപ്പച്ചൻ പറയുന്നു. ക്ഷീര സമ്പത്ത് നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന സാഹചര്യത്തില് എത്രയും വേഗം നടപടി കൈകൊള്ളണമെന്നും പ്രതികരണം. ഡോക്ടര്മാര് പശുക്കളെ നോക്കുന്നെങ്കിലും ആവശ്യമായ മരുന്നുകളോ ഗുളികകളോ നല്കാത്തത് പശുക്കള് ചാകുന്നതിനൊരു കാരണമാണ്. പ്രദേശത്ത് അടിക്കടി വെറ്റിനറി ഡോക്ടര്മാരെ നീക്കം ചെയ്യുന്നത് പശുക്കളുടെ തുടര് ചികിത്സയെ ബാധിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പശുക്കള് ഇപ്പോള് എട്ട് മാസത്തിനുള്ളില് പ്രസവിക്കുന്നു. വളരെ ചെറിയ കിടാക്കളാണ് ഉണ്ടാകുന്നത്. പ്രസവം കഴിഞ്ഞ പശുക്കള് തീറ്റ എടുക്കാനോ വെള്ളം കുടിക്കാനോ തയ്യാറാവുന്നില്ല. തുടര്ന്ന് പെട്ടന്ന് ചാവുന്നു. പ്രസവം കഴിഞ്ഞ ഉടനെ തന്നെ ചികിത്സ കൊടുത്തിട്ടും യാതൊരു ഉപകാരവും ഇല്ല. അപ്പച്ചൻ കൂട്ടിച്ചേര്ത്തു.

'ഹീറ്റ് സ്ട്രോക്ക്' അതീവ ജാഗ്രത പുലര്ത്തണം

വരൾച്ച ശക്തമായ സാഹചര്യത്തിൽ കന്നുകാലി സംരക്ഷണത്തിൽ കൂടുതൽ ജാഗ്രത വേണമെന്ന് പാടിച്ചിറ വെറ്റിനറി സർജൻ ഡോ. ലക്ഷ്മി അരവിന്ദ് മുന്നറിയിപ്പ് നൽകി. പകൽ സമയത്ത് ധാരാളം ശുദ്ധജലം നൽകണമെന്നും ദ്രവരൂപത്തിലുള്ള തീറ്റ ഉറപ്പാക്കണമെന്നും നിർദേശം. കൂടാതെ പകൽ സമയത്ത് കന്നുകാലികളെ പുറത്ത് കെട്ടരുതെന്നും രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ വെറ്റിനറി ചികിത്സ തേടണമെന്നും ഡോക്ടർ പറഞ്ഞു.

പത്രത്തിലൂടെയാണ് പശുക്കള് ചാകുന്നുണ്ടെന്ന വിവരം അറിഞ്ഞതെന്നും അവര് പറഞ്ഞു. അതേസമയം ആശുപത്രിയില് നിന്ന് ഔദ്യോഗിക നോട്ടീസ് ഒന്നും ഇതുവരെ വന്നിട്ടില്ലെന്നും, സര്ക്കാരിൻ്റെ നടപടിക്ക് അനുസൃതമായി പ്രവര്ത്തിക്കുമെന്നും സര്ജന് കൂട്ടിച്ചേര്ത്തു. പശുക്കള്ക്ക് ഇപ്പോള് ഹീറ്റ് സ്ട്രോക്ക് ആണ് വരുന്നത്. ചൂട് ക്രമാതീതമായി കൂടുന്ന അവസ്ഥയാണ്. പശുക്കളെ പുറത്തേക്ക് മേയ്ക്കാന് വിടാതെ ഇരിക്കണം. തൊഴുത്തില് വായുസഞ്ചാരം ആവശ്യത്തിന് ഉണ്ടെന്ന് ഉറപ്പ് വരുത്തേണ്ട ആവശ്യമുണ്ട് സര്ജന് വ്യക്തമാക്കി.

കടുത്ത ചൂട് ക്ഷീരകർഷകരുടെ ഉപജീവനത്തെ തന്നെ ബാധിക്കുന്ന സാഹചര്യത്തിൽ അടിയന്തര സർക്കാർ ഇടപെടൽ ആവശ്യമാണ്. കന്നുകാലി സംരക്ഷണത്തിന് പ്രത്യേക പാക്കേജും സഹായവും വേണമെന്നാണ് കർഷകരുടെ ആവശ്യം.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News