Enter your Email Address to subscribe to our newsletters

Ernakulam , 28 ഏപ്രില് (H.S.)
നിതിൻ രാജിന്റെ മരണത്തിൽ ദലിത് സംഘടനകൾ ഇന്ന് നടത്തിയ ഹർത്താലിനിടെ അതിക്രമങ്ങളുണ്ടായതിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ജസ്റ്റിസുമാരായ ബസന്ത് ബാലാജി, പി കൃഷ്ണകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് സ്വമേധയാ കേസെടുത്ത് നടപടി സ്വീകരിച്ചത്. ഇന്ന് വൈകുന്നേരത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ഡിജിപിയ്ക്ക് ഹൈക്കോടതി നിർദേശം നൽകി.
ജനജീവിതം തടസപ്പെടരുതെന്നും കോടതി പരാമർശിച്ചു. ഹർത്താൽ ആഹ്വാനം ചെയ്തവർക്ക് കോടതി നോട്ടിസും അയച്ചു. ദലിത് സംഘടനകൾ നടത്തിയ ഹർത്താലിനിടെ പലയിടങ്ങളിലും അതിക്രമങ്ങളുണ്ടായി. ഈ പശ്ചാത്തലത്തിലാണ് സ്വമേധയാ കേസെടുത്തു കൊണ്ടുള്ള ഹൈക്കോടതി ഇടപെടൽ.
കണ്ണൂർ അഞ്ചരക്കണ്ടി ഡെൻ്റൽ കോളജ് വിദ്യാർഥി നിതിൻ രാജിൻ്റെ മരണത്തിൽ നീതി ആവശ്യപ്പെട്ടാണ് സംസ്ഥാനത്ത് ഹർത്താലിന് ആഹ്വാനം ചെയ്തത്. ദലിത് - ആദിവാസി സംഘടനകളുടെ സംയുക്ത ആക്ഷൻ കൗൺസിലാണ് ഹർത്താല് നടത്തുന്നത്. രാവിലെ ആറിന് ആരംഭിച്ച ഹർത്താല് വൈകിട്ട് ആറ് വരെ നീളും. നിർബന്ധിതമായി കടകൾ അടപ്പിക്കുകയോ വാഹനങ്ങൾ തടയുകയോ ചെയ്യില്ലെന്ന് ആക്ഷൻ കൗൺസിൽ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല് ചിലയിടങ്ങളില് ഹർത്താല് അനുകൂലികള് വാഹനങ്ങള് തടയുകയും കടകള് നിർബന്ധപൂർവം അടപ്പിക്കുന്ന സാഹചര്യം ഉണ്ടായി.
തിരുവനന്തപുരം തമ്പാനൂരിൽ ഹർത്താല് അനുകൂലികള് വാഹനം തടഞ്ഞിരുന്നു. ദൂരസ്ഥലങ്ങളിൽ നിന്ന് ട്രെയിനിൽ എത്തുന്ന യാത്രക്കാരടക്കം തമ്പാനൂരിൽ കുടുങ്ങി. ബസ് സർവീസുകൾ മുടങ്ങില്ലെന്നും കടകൾ തുറക്കുമെന്നും വ്യാപാരികളും ബസ് ഉടമകളും അറിയിച്ചിരുന്നു. എന്നാൽ ചിലയിടങ്ങളിൽ സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നില്ല. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കെഎസ്ആർടിസി ബസുകൾ സാധാരണപോലെ സർവീസ് നടത്തുന്നുണ്ട്. ആശുപത്രികൾ, പാൽ, പത്രം തുടങ്ങിയ അത്യാവശ്യ കാര്യങ്ങൾക്ക് ഇളവ് അനുവദിച്ചു.
കാസർകോട് പരപ്പയിൽ സമരാനുകൂലികൾ കെഎസ്ആർടിസി ബസ് തടഞ്ഞിരുന്നു. പൊലീസ് എത്തിയിട്ടും ബസ് ഓടാൻ അനുവദിച്ചില്ല. കണ്ണൂരില് കെഎസ്ആർടിസി ബസിന് മുന്നില് കുത്തിയിരുന്നായിരുന്നു ഹർത്താല് അനുകൂലികളുടെ പ്രതിഷേധം. പൊലീസ് എത്തി പ്രതിഷേധക്കാരെ സ്ഥലത്ത് നിന്ന് പിന്നീട് മാറ്റി.
ആലപ്പുഴയിൽ ഹർത്താൽ അനുകൂലികൾ കടകളും പെട്രോൾ പമ്പുകളും അടപ്പിച്ചു. ചിലയിടങ്ങളിൽ ബസുകൾ തടഞ്ഞു. ഹർത്താൽ അനുകൂലികളെ പൊലീസെത്തി നീക്കി. സമരാനുകൂലികൾ എത്തിയതിനെ തുടർന്ന് തലവടി ഗ്രാമപഞ്ചായത്ത് അടപ്പിച്ചു. പൂർണമായും ജീവനക്കാർ എത്തി പ്രവർത്തനം ആരംഭിച്ചിരുന്നു. 11 മണിയോടെ കൂടിയാണ് സമരാനുകൂലികൾ എത്തി ഓഫിസ് അടച്ചത്. തുടർന്ന് ജീവനക്കാർ മടങ്ങി. കൂടാതെ ബലമായി കടകള് അടപ്പിച്ച സമരാനുകൂലികളെ പൊലീസ് എത്തി അറസ്റ്റ് ചെയ്തു. സമക്കാർ എത്തിയ വാഹനങ്ങളും പെലീസ് പിടിച്ചെടുത്തു. എറണാകുളം വടക്കൻ പറവൂരില് സമരക്കാരും പൊലീസും തമ്മില് വാക്കേറ്റം ഉണ്ടായി. സമരാനുകൂലികള് വാഹനം തടഞ്ഞിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR