Enter your Email Address to subscribe to our newsletters

Thiruvananthapuram , 28 ഏപ്രില് (H.S.)
വേനൽ കടുത്തതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം സർവകാല റെക്കോഡിലെത്തി. പ്രതിദിന ഉപഭോഗം കുത്തനെ വർധിച്ചത് ബോർഡിനെ കടുത്ത വിതരണ പ്രതിസന്ധിയിലാക്കി. പുറത്തുനിന്ന് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങി പ്രതിസന്ധി മറികടക്കാനുള്ള തീവ്രശ്രമത്തിലാണ് ബോർഡ്.
അണക്കെട്ടുകളിൽ ജലനിരപ്പ് വേഗത്തിൽ കുറയുന്നതും മഴ ലഭിക്കാത്തതുമാണ് ബോർഡിൻ്റെ ആശങ്ക വർധിപ്പിക്കുന്നത്. വരുംദിവസങ്ങളിൽ ഉപയോഗം കുറഞ്ഞില്ലെങ്കിൽ കടുത്ത പവർകട്ട് പരിഗണിക്കേണ്ടി വരും. വൈകുന്നേരങ്ങളിലെ തിരക്കേറിയ സമയങ്ങളിൽ വൈദ്യുതി പാഴാക്കുന്നത് പരമാവധി ഒഴിവാക്കണമെന്നും ഉപകരണങ്ങളുടെ ഉപയോഗം കുറയ്ക്കണമെന്നും കെഎസ്ഇബി ഉപഭോക്താക്കളോട് അഭ്യർഥിച്ചു.
ഉരുകി കേരളം
സംസ്ഥാനത്ത് പാലക്കാട്, തൃശൂർ ജില്ലകളിലാണ് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തുന്നത്. പലയിടത്തും 40 ഡിഗ്രി സെൽഷ്യസിനും മുകളിലാണ് നിലവിലെ താപനില. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള തീരദേശ മലയോര മേഖലകളിലും കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. വേനൽമഴ തീരെ ലഭിക്കാത്തത് അന്തരീക്ഷത്തിൽ ചൂടിൻ്റെ കാഠിന്യം വീണ്ടും വർധിപ്പിക്കുന്നു.
പകൽ സമയങ്ങളിൽ വീടിന് പുറത്തിറങ്ങാൻ പോലും കഴിയാത്ത രീതിയിലുള്ള സാഹചര്യമാണ് നാടെങ്ങും നിലവിലുള്ളത്. വേനൽ കനത്താൽ നട്ടുച്ചയ്ക്ക് സൂര്യാഘാതത്തിനും സൂര്യാതപത്തിനും വലിയ സാധ്യതയുണ്ട്. വരുംദിവസങ്ങളിലും സമാനമായ ഉയർന്ന താപനില തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഇതിൻ്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ പ്രത്യേക ജാഗ്രതാ നിർദേശങ്ങൾ നൽകിയിട്ടുണ്ട്.
ആരോഗ്യവകുപ്പിൻ്റെ ജാഗ്രതാ നിർദേശം
സൂര്യാഘാതവും സൂര്യാതപവും ഒഴിവാക്കാൻ എല്ലാ ജനങ്ങളും കർശന ജാഗ്രതാ നിർദേശങ്ങൾ പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു. ജനങ്ങൾ രാവിലെ 11 മുതൽ വൈകിട്ട് മൂന്നുവരെ നേരിട്ട് വെയിൽ ഏൽക്കരുത്. പകൽ പുറംജോലികളിൽ ഏർപ്പെടുന്നവരും നിർമാണ മേഖലയിലെ തൊഴിലാളികളും കൃഷിക്കാരും ഈ സമയത്ത് കൃത്യമായ വിശ്രമം തണലിൽ ഉറപ്പാക്കണം.
പകൽ ജോലി ചെയ്യുന്നവരുടെ സമയം ഇതിനനുസരിച്ച് പുനഃക്രമീകരിക്കേണ്ടതുണ്ട്. ശരീരത്തിൽ നിർജലീകരണം തടയാൻ ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. കൊടുംചൂടിലെ യാത്രാവേളകളിൽ എപ്പോഴും കുപ്പിവെള്ളം കരുതണം. കുട്ടികൾക്കും പ്രായമായവർക്കും ഗർഭിണികൾക്കും ചൂട് വേഗത്തിൽ ബാധിക്കുമെന്നതിനാൽ കുടുംബാംഗങ്ങൾ ഇവർക്ക് പ്രത്യേക പരിചരണം നൽകണം. കോട്ടൺ വസ്ത്രങ്ങൾ ധരിക്കുന്നത് കടുത്ത ചൂടിനെ പ്രതിരോധിക്കാൻ ഒരുപരിധിവരെ സഹായിക്കും. കാർ അടക്കമുള്ള വാഹനങ്ങൾ വെയിലത്ത് പാർക്ക് ചെയ്യുന്നത് നിർബന്ധമായും ഒഴിവാക്കുക.
തീപിടിത്ത സാധ്യത
കൊടുംചൂടിൽ സംസ്ഥാനത്ത് പലയിടത്തും വൻ തീപിടിത്ത സാധ്യത വർധിച്ചിരിക്കുകയാണ്. വേനലിൽ മുൻവർഷങ്ങളിലും ഇത്തരം സംഭവങ്ങൾ പതിവായിരുന്നു. ഉണങ്ങിയ പുല്ലുകൾക്കും ചവറുകൾക്കും മാലിന്യങ്ങൾക്കും എളുപ്പത്തിൽ തീപിടിക്കുമെന്നതിനാൽ അഗ്നിരക്ഷാസേനയുടെ പ്രത്യേക ജാഗ്രതാ നിർദേശമുണ്ട്. പൊതുസ്ഥലങ്ങളിൽ മാലിന്യം കത്തിക്കുന്നതും അലക്ഷ്യമായി തീപ്പൊരികൾ വലിച്ചെറിയുന്നതും പൂർണമായും ഒഴിവാക്കണം. പെട്ടെന്ന് തീപിടിത്തം ഉണ്ടായതായി എവിടെയെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ വിവരം അഗ്നിരക്ഷാ അധികൃതരെ അറിയിക്കണം.
മൃഗങ്ങൾക്കും വേണം കരുതൽ
കനത്ത ചൂട് മനുഷ്യരെപ്പോലെ മൃഗങ്ങളെയും പക്ഷികളെയും സാരമായി ബാധിക്കും. പകൽ സമയത്ത് കന്നുകാലികളെ വെയിലത്ത് കെട്ടിയിടുന്നത് പൂർണമായും ഒഴിവാക്കണം. കന്നുകാലികൾക്കും മറ്റ് മൃഗങ്ങൾക്കും ഏതുസമയത്തും കുടിക്കാൻ പര്യാപ്തമായ അളവിൽ വെള്ളം ലഭ്യമാണം.
വീട്ടുപറമ്പുകളിലും ടെറസുകളിലും കാക്കകൾക്കും മറ്റ് പക്ഷികൾക്കുമായി ചെറിയ പാത്രങ്ങളിൽ ശുദ്ധവെള്ളം കരുതുന്നത് പുതിയ സാഹചര്യത്തിൽ വലിയ ആശ്വാസമാകും. താപനില കൂടുമ്പോൾ വളർത്തുമൃഗങ്ങളെ അടച്ചിട്ട വാഹനങ്ങളിൽ തനിച്ചാക്കരുതെന്നും മൃഗസംരക്ഷണ വകുപ്പിൻ്റെ പ്രത്യേക മുന്നറിയിപ്പുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR