കരയിലും കടലിലും വറുതി; കനത്ത ചൂടില് മീനുകള് അപ്രത്യക്ഷം
Kozhikode,28 ഏപ്രില് (H.S.) കര ചുട്ടുപൊള്ളുമ്പോൾ കടലും തിളക്കുകയാണ്, ഈ കൊടും വേനലിൽ. മത്സ്യത്തൊഴിലാളികൾക്ക് ഇത് വൻ തിരിച്ചടിയായി. തീരമേഖല വറുതിയിലായി. ചൂടു കടുത്തതോടെ അയലയും മത്തിയും അടക്കമുള്ള ചെറിയ, ഉപരിതല മീനുകൾ കടലിലെ ചൂടു കുറഞ്ഞ മേഖലകളിലേക്കു
Malabar coastal areas are in crisis


Kozhikode,28 ഏപ്രില് (H.S.)

കര ചുട്ടുപൊള്ളുമ്പോൾ കടലും തിളക്കുകയാണ്, ഈ കൊടും വേനലിൽ. മത്സ്യത്തൊഴിലാളികൾക്ക് ഇത് വൻ തിരിച്ചടിയായി. തീരമേഖല വറുതിയിലായി. ചൂടു കടുത്തതോടെ അയലയും മത്തിയും അടക്കമുള്ള ചെറിയ, ഉപരിതല മീനുകൾ കടലിലെ ചൂടു കുറഞ്ഞ മേഖലകളിലേക്കു മാറിയതാണു തീരത്തു കടുത്ത പ്രതിസന്ധിക്കിടയാക്കിയത്. ഒരു മാസമായി മലബാറിലെ തീരദേശത്തെ ബോട്ടുകൾക്കു കാര്യമായി മീൻ കിട്ടാത്ത സ്ഥിതിയുണ്ട്. വലുതും ചെറുതുമായ ബോട്ടുകൾ മാത്രമല്ല, വള്ളങ്ങളും പ്രതിസന്ധി കാരണം കരയ്ക്ക് അടുപ്പിച്ചു. 450 ബോട്ടുകൾ മത്സ്യബന്ധനത്തിനു പോയിരുന്ന ബേപ്പൂർ ഹാർബറിൽ നിന്ന് ഇപ്പോൾ നൂറിൽ താഴെ ബോട്ടുകൾ മാത്രമാണ് പോകുന്നത്. കൊയിലാണ്ടി, പുതിയാപ്പ, ചോമ്പാല തീരങ്ങളിലും സ്ഥിതി ഇതു തന്നെയാണ്.

കൊയിലാണ്ടിയുടെ തീരദേശം പട്ടിണിയിലാണ്. ബോട്ടുകൾ കടലിൽ പോയി വരുമ്പോഴേക്കും നഷ്ടം 1.50 ലക്ഷം രൂപയാണ്. മീൻ കിട്ടാനില്ല. 200 അടുത്ത് മത്സ്യബന്ധന യാനങ്ങളുള്ള കൊയിലാണ്ടി ഹാർബറിൽ നിന്ന് നാലിൽ ഒന്നിൽ താഴെയാണ് കടലിൽ പോകുന്നത്. കടലിൽ പോയി വരുന്ന തന്നെ നഷ്ടക്കച്ചവടം ആണെന്ന് കൊയിലാണ്ടി ഹാർബറിലെ പരമ്പരാഗത മത്സ്യത്തൊഴിലാളിയായ ഇമ്പിച്ചി മമ്മു പറഞ്ഞു. മീൻ കാണാൻ പോലും കിട്ടുന്നില്ല. അതുമാത്രമല്ല വെള്ളത്തിന് ചൂട് പിടിച്ചതും തിരമാല കുറഞ്ഞതും കാരണം ചൊറിപ്പാട നിറഞ്ഞിരിക്കുകയാണ് കടൽ നിറയെ. ഇത് വലിയ തരത്തിൽ അസ്വസ്ഥതയും അലർജിയും ഉണ്ടാക്കുമെന്ന് ഇമ്പിച്ചി മമ്മു പറഞ്ഞു. 150 ബോട്ടുകളുള്ള പുതിയാപ്പയിൽ, 50 ബോട്ടുകൾ പോലും കടലിൽ പോകുന്നില്ല. മീൻപിടിത്തത്തിനു ചെലവു വർധിച്ചതും തീരമേഖലയ്ക്കു തിരിച്ചടിയായി.

വടകര ചോമ്പാൽ ഹാർബർ കേന്ദ്രീകരിച്ചുള്ള ചെറുതും വലുതുമായ പരമ്പരാഗത വള്ളങ്ങളിൽ പകുതിയും പതിവായി കടലിൽ പോകുന്നില്ല. നേരത്തേ 150 വള്ളങ്ങൾ വരെ പോയിരുന്നു. ഈ സമയത്തു ലഭിക്കേണ്ട മത്സ്യങ്ങളുടെ നാലിലൊന്നു പോലും നിലവിൽ കിട്ടുന്നില്ലെന്നു മത്സ്യത്തൊഴിലാളികൾ പറയുന്നു. ഇന്ധനച്ചെലവു പോലും തിരിച്ചു കിട്ടുന്നില്ല. ചൂണ്ടപ്പണി ലക്ഷ്യമിട്ടു കുറഞ്ഞ ബോട്ടുകാർ മാത്രമാണു നിലവിൽ മീൻപിടിത്തത്തിനു പോകുന്നത്. നവംബർ, ഡിസംബർ മാസങ്ങളിൽ മാത്രമാണു പൊതുവേ പ്രതിസന്ധിയുണ്ടാകാറുള്ളത്. ഇത്തവണ ഫെബ്രുവരിയിലും മാർച്ചിലും മീൻ കുറഞ്ഞു. ഞണ്ട്, നത്തൽ, വേളൂരി, മുള്ളൻ തുടങ്ങിയ ഇനങ്ങളൊന്നും ഇപ്പോൾ കാണാറേയില്ലെന്നു മത്സ്യത്തൊഴിലാളികൾ പറഞ്ഞു. വലിയ മത്തിയൊക്കെ ആന്ധ്ര തീരത്താണ് ഇപ്പോൾ ലഭിക്കുന്നതെന്നും മത്സ്യത്തൊഴിലാളികൾ പറഞ്ഞു.

ഇന്ധനം, ഭക്ഷണം, ഐസ്, വെള്ളം എന്നിവ ഉൾപ്പെടെ കടലിൽ പോകുന്ന വലിയ ബോട്ടിന് ദിവസം കുറഞ്ഞത് 50,000 രൂപ ചെലവുവരും. പണിയില്ലാതെ വന്നതോടെ അതിഥി തൊഴിലാളികൾ പലരും സ്വദേശത്തേക്കു മടങ്ങി. മത്സ്യബന്ധനം പ്രതിസന്ധിയിലായതോടെ, അനുബന്ധ മേഖലകളും തളർച്ചയിലാണ്. ഹാർബറുകളിലെ തൊഴിലാളികൾ, ഐസ് വ്യാപാരികൾ, സ്റ്റാളുകളിലും വീടുകൾ തോറും വിൽക്കുമത്സ്യക്കച്ചവടക്കാർ എന്നിവരും പ്രതിസന്ധിയിലാണ്. ഓട്ടോ തൊഴിലാളികൾ, തട്ടുകടക്കാർ, കയറ്റിറക്ക് തൊഴിലാളികൾ എന്നിവരെയും ബാധിച്ചിട്ടുണ്ട്. അതേസമയം, ഹാർബറുകളിലേക്ക് ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള മത്സ്യവരവ് കൂടി, ഇതിനു വില കൂടുതലാണ്. ഇവ വിൽക്കുന്ന മീൻ ബൂത്തുകൾക്കു തദ്ദേശ സ്ഥാപനങ്ങൾ ലൈസൻസ് നൽകുന്നുണ്ട്. അതേസമയം, വൻ തുക വാടക നൽകുന്ന മീൻ സ്റ്റാളുകൾ പ്രതിസന്ധിയിലാകുകയും ചെയ്തു. കേരളത്തിൽ മധ്യ, തെക്കൻ ജില്ലകളിലെ ഹാർബറുകളിൽ വലിയ പ്രതിസന്ധി ഇല്ല എന്നാണ് റിപ്പോർട്ട്. അവിടങ്ങളിൽ നിന്നും മത്സ്യം മലബാറിലേക്ക് എത്തുന്നുണ്ട്. ഇതോടെ മത്സ്യത്തിന്റെ വിലയും കുത്തനെ കൂടി. വിഷു നാളുകളിൽ കിലോയ്ക്ക് 450 രൂപയെത്തിയ വലിയ അയലക്ക് ഇപ്പോഴും 400 ന് മുകളിലാണ് വില.

കടൽ വെള്ളത്തിനു ചൂടു കൂടുന്നതനുസരിച്ച് മീനുകൾ അടിത്തട്ടിലേക്കോ ചൂടു കുറഞ്ഞ മേഖലകളിലേക്കോ മാറുന്നുണ്ടാകാമെന്നും മത്സ്യമേഖലയിലെ പ്രതിസന്ധി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും കേന്ദ്ര കടൽമത്സ്യ ഗവേഷണ കേന്ദ്രത്തിലെ (സിഎംഎഫ്ആർഐ) ഉദ്യോഗസ്ഥർ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം കാരണം കടലിലെ പ്ലവകങ്ങളിൽ ഉണ്ടാകുന്ന മാറ്റവും മീൻ ലഭ്യതയെ ബാധിച്ചിരിക്കാം. അയലയുടെയും മത്തിയുടെയുമൊക്കെ ഭക്ഷണമായ പ്ലവകങ്ങൾക്കു പകരം, മറ്റു പ്ലവകങ്ങൾ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി കടലിൽ കൂടുതലുണ്ടായേക്കാം. ശക്തിയേറിയ വിളക്കുകൾ ഉപയോഗിച്ചുള്ള അനധികൃത മീൻപിടിത്തം തീരങ്ങളിൽ നടക്കുന്നുണ്ടെന്നും ഇതു കേരള തീരത്തെ മത്സ്യപ്രതിസന്ധി രൂക്ഷമാക്കുമെന്നും ശാസ്ത്രജ്ഞർ പറഞ്ഞു.

മത്സ്യ ലഭ്യത കുറഞ്ഞതോടെ തൊഴിലാളികളും ബോട്ടുടമകളും വലിയ പ്രയാസത്തിലായെന്ന് ഫിഷിങ് ഹാർബർ ബോട്ട് ഓണേഴ്സ് ജനറൽ സെക്രട്ടറി വി. മുഹമ്മദ് ഹനീഫ ഹാജി പറഞ്ഞു. അന്തരീക്ഷത്തിൽ ചൂട് കൂടുമ്പോൾ മത്സ്യങ്ങളെയും വലിയതോതിൽ ബാധിക്കുന്നുണ്ട്. അതിനാൽ തണുപ്പുള്ള ഭാഗങ്ങളിലേക്ക് മീനുകൾ ഉൾവലിയുകയാണ്. മഴ പെയ്യുന്ന മേഖലകളിലാണ് ഇപ്പോൾ കൂടുതൽ മത്സ്യം കാണപ്പെടുന്നത്. രണ്ടാഴ്ച കടലിൽ തങ്ങിയിട്ടും വേണ്ടത്ര മീൻ കിട്ടുന്നില്ല. ഇന്ധനച്ചെലവു പോലും തികയാതെ വലിയ തുക കടബാധ്യതയുമായാണ് ഓരോ ട്രിപ്പിലും ബോട്ടുകൾ കരകയറുന്നത്. നമ്മുടെ തീരക്കടലിൽ കാണപ്പെട്ടിരുന്ന തണ്ണിക്കോര, മാന്തൾ തുടങ്ങിയ പല മീനുകളും ഇപ്പോൾ ഒമാൻ കടലിലാണ് ഒട്ടേറെയുള്ളത്. ചൂട് കുറഞ്ഞാൽ മാത്രമേ ഇനി മീനുകൾ തീരക്കടലിലേക്ക് എത്തൂ.

മൺസൂൺ തുടങ്ങിയാൽ ട്രോളിങ് നിരോധനം വരുമെന്നതും മത്സ്യമേഖലതിരിച്ചടിയാണെന്ന് ഹനീഫ ഹാജി പറഞ്ഞു. സബ്സിഡി മണ്ണെണ്ണ വിതരണം ഭാഗികമായതോടെ പരമ്പരാഗത മത്സ്യബന്ധന മേഖലയും കടുത്ത പ്രതിസന്ധിയിലായി. കുറച്ചെങ്കിലും കിട്ടിക്കൊണ്ടിരുന്ന മണ്ണെണ്ണ വിതരണം തടസപ്പെട്ട തോടെ കടലിൽ പോകാനാകാതെ പ്രയാസപ്പെടുകയാണ് തൊഴിലാളികൾ. കൊടുംചൂടിനെ തുടർന്നുള്ള മത്സ്യക്ഷാമം മൂലം പ്രതിസന്ധിയിലായ മത്സ്യത്തൊഴിലാളികളെ ഇതു കടക്കെണിയിലേക്കു തള്ളിവിടുന്നു. പെർമിറ്റ് പ്രകാരം അനുവദിച്ച മണ്ണെണ്ണയുടെ പകുതി പോലും ഇപ്പോൾ ലഭിക്കുന്നില്ല. കടലോര മേഖലയിലെ മണ്ണെണ്ണ ക്ഷാമം കാരണം മിക്ക തോണികളും കരയ്ക്കു കയറ്റി. കാലാകാലങ്ങളിൽ ഇന്ധനവില വർധനയിൽ നിന്നു മത്സ്യബന്ധനമേഖലയെ സംരക്ഷിച്ചത് സബ്സിഡി മണ്ണെണ്ണയാണ്. ഇതു കൃത്യമായി കിട്ടാതായതോടെ കരിഞ്ചന്തയെ ആശ്രയിക്കേണ്ടി വരികയാണ്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News