Enter your Email Address to subscribe to our newsletters

Idukki , 28 ഏപ്രില് (H.S.)
നെടുങ്കണ്ടത്തെ ഇരട്ടക്കൊലപാതകത്തില് പ്രതിയെന്ന് സംശയിക്കുന്ന സജി (43) പൊലീസ് പിടിയില്. സജിയുടെ മാതാവ് മേരിക്കുട്ടിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്നിന്ന് രണ്ട് മൃതദേഹാവശിഷ്ടങ്ങള് തിങ്കളാഴ്ച കണ്ടെത്തിയിരുന്നു. ഇത് മേരിക്കുട്ടിയുടെയും മറ്റൊരു മകനായ റെജിയുടേതുമാണെന്നാണ് സംശയം. ഇവരെ സജി കൊലപ്പെടുത്തിയതാണ് എന്നാണ് പൊലീസിന്റെ നിഗമനം.
ഈ വീട്ടില് താമസിച്ചിരുന്നവരും കാണാതായതായി പരാതി ലഭിച്ചതുമായ പച്ചടി പൊന്തിട്ടയില് മേരിക്കുട്ടി (70), മകന് റെജി (54) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത് എന്നാണ് സംശയിക്കുന്നത്. കേസിലെ പ്രധാന പ്രതിയായി പൊലീസ് സംശയിക്കുന്ന വ്യക്തിയാണ് സജി. ഇന്നലെ വീട്ടില് പരിശോധനയ്ക്കെത്തിയ പൊലീസിനെ കണ്ട് സജി ഓടിപ്പോവുകയായിരുന്നു. തുടര്ന്ന് ഇയാള്ക്കുവേണ്ടി പൊലീസ് അന്വേഷണം ഊര്ജ്ജിതമാക്കിയിരുന്നു.
വീടിനുസമീപത്തെ പറമ്പില്നിന്നാണ് ഇന്ന് സജി പിടിയിലായത്. കഴിഞ്ഞ ദിവസം ഇവരുടെ വീടിനടുത്തുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥന് സജിയുമായി സംസാരിച്ചു നില്ക്കുന്നതിനിടെയാണ് അന്വേഷണത്തിനായി മറ്റ് ഉദ്യോഗസ്ഥര് അങ്ങോട്ട് എത്തിയത്. പിന്നാലെ സജി ഇവിടെനിന്നും ഓടിരക്ഷപ്പെടുകയായിരുന്നു.
സ്ഥലത്ത് പൊലീസ് നായയെ എത്തിച്ച് നടത്തിയ അന്വേഷണത്തില് പറമ്പിന്റെ പരിസരത്തുനിന്ന് തന്നെ സജിയുടെ ബാഗ് കണ്ടെത്തിയിരുന്നു. ഇന്ന് രാവിലെ മുതല് വിവിധ സംഘങ്ങളായി തിരിഞ്ഞ് പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഡ്രോണും പൊലീസ് നായകളെയും ഉപയോഗിച്ചാണ് അന്വേഷണം നടത്തിവന്നത്. സമീപത്തെ ഏലത്തോട്ടത്തില് ഇയാള് ഉണ്ടാകുമെന്നായിരുന്നു പൊലീസിന്റെ നിഗമനം.
തിങ്കളാഴ്ച രാവിലെ ഇവരുടെ വീടിന് സമീപത്തെ പറമ്പില് ഒരു പുരുഷന്റെ കാലിന്റെ ഭാഗം മണ്ണിനടിയില്നിന്ന് പുറത്തേക്ക് നില്ക്കുന്നത് നാട്ടുകാരാണ് കണ്ടത്. ഉടനെ പോലീസില് അറിയിച്ചു. തുടര്ന്ന് ഫോറന്സിക് സംഘത്തിന്റെ നേതൃത്വത്തില് മണ്ണുമാറ്റി പരിശോധന തുടങ്ങി. ഉച്ചയ്ക്ക് 1.45-ഓടെ ഇരുവരുടെയും മൃതദേഹങ്ങള് കണ്ടെത്തി. മൃതദേഹങ്ങള് ഒരേകുഴിയില് ആയിരുന്നു. വേഗം ജീര്ണ്ണിക്കുന്നതിനും ദുര്ഗന്ധം പുറത്തേക്ക് വരാതിരിക്കുന്നതിനുമായി കുഴിയില് കുമ്മായം വിതറിയിരുന്നു.
ഒരു സ്ത്രീയുടെയും പുരുഷന്റെയുമാണ് മൃതദേഹം. അഴുകിയ നിലയിലായിരുന്നു. എന്നാല്, പോസ്റ്റ്മോര്ട്ടത്തിനും ശാസ്ത്രീയ പരിശോധനകള്ക്കും ശേഷമേ സ്ഥിരീകരിക്കാനാകൂ എന്ന് ഇടുക്കി എസ്.പി. സാബു മാത്യു പറഞ്ഞു. മേരിക്കുട്ടിയെയും റെജിയെയും കാണാനില്ലെന്ന് കാട്ടി മേരിക്കുട്ടിയുടെ മകള് സിനി ഞായറാഴ്ച പൊലീസില് പരാതി നല്കിയിരുന്നു.
മേരിക്കുട്ടിയുടെ കുടുംബത്തിൽ നിരന്തരം കലഹങ്ങൾ നടന്നിരുന്നതായി അവരുടെ അടുത്ത ബന്ധു മാധ്യമങ്ങളോട് പ്രതികരിച്ചു. വീട്ടിൽ സ്വത്തുതർക്കവും കുടുംബപ്രശ്നങ്ങളെച്ചൊല്ലിയുള്ള വഴക്കുകളും പതിവായിരുന്നു. മേരിക്കുട്ടിയുടെ മക്കളായ സജിയും റെജിയും തമ്മിൽ മദ്യപിച്ച് നിരന്തരം വഴക്കിടാറുണ്ടായിരുന്നുവെന്നും ബന്ധു വ്യക്തമാക്കിയിട്ടുണ്ട്. ഈ സുപ്രധാന മൊഴിയുടെ അടിസ്ഥാനത്തിൽ കുടുംബപ്രശ്നങ്ങളാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്ന സംശയത്തിലാണ് പൊലീസ് അന്വേഷണം മുന്നോട്ട് നീങ്ങിയത്.
മൃതദേഹങ്ങൾ വീട്ടുപറമ്പിൽ തന്നെ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സാഹചര്യത്തിൽ ദുരൂഹതകൾ ഏറെയായതിനാൽ എല്ലാ കോണുകളിൽ നിന്നും പൊലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. കൊലപാതകത്തിലേക്ക് നയിച്ച യഥാർഥ കാരണങ്ങൾ, കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങൾ, തെളിവ് നശിപ്പിക്കാനായി കൂട്ടുനിന്നവർ, സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങൾ വിശദമായി കണ്ടെത്തേണ്ടതുണ്ട്. ഇതിനായി അടുത്ത ബന്ധുക്കളുടെയും അയൽവാസികളുടെയും നാട്ടുകാരുടെയും മൊഴികൾ അന്വേഷണ സംഘം വിശദമായി രേഖപ്പെടുത്തിവരികയാണ്.
ഇതിന് പുറമെ മേരിക്കുട്ടിയുടെയും റെജിയുടെയും സജിയുടെയും അവസാന ദിവസങ്ങളിലെ ഫോൺ കോളുകൾ കേന്ദ്രീകരിച്ചും സൈബർ സെല്ലിൻ്റെ സഹായത്തോടെ പൊലീസ് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR