Enter your Email Address to subscribe to our newsletters

Thiruvananthapuram , 28 ഏപ്രില് (H.S.)
കണ്ണൂര് അഞ്ചരക്കണ്ടി ദന്തല് കോളജ് വിദ്യാര്ഥിയായിരുന്ന നിതിന് രാജിൻ്റെ മരണത്തിന് ഉത്തരവാദികളായവരെ അടിയന്തരമായി അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് 52 ദളിത് സംഘടനകള് ആഹ്വാനം ചെയ്ത ഹര്ത്താല് ശക്തം. സംസ്ഥാന വ്യാപകമായി സമരാനുകൂലികള് വാഹനങ്ങള് തടയുകയും കടകള് അടപ്പിക്കുകയും ചെയ്തു. ഹര്ത്താലില് പലയിടത്തും സാധാരണ ജനജീവിതം തടസപ്പെട്ടു.
സമരാനുകൂലികള് സെക്രട്ടേറിയേറ്റിനു മുന്പില് പ്രതിഷേധിച്ചു. 52 ദളിത് സംഘടനകള്, അംബേദ്കര് റൈറ്റ് സംഘടനകള്, വിവിധ എന്.ജി.ഒ. തുടങ്ങിയവര് ചേര്ന്ന നിതിന് രാജ ആക്ഷന് കൗണ്സിലാണ് ചൊവ്വാഴ്ച 12 മണിക്കൂര് ഹര്ത്താല് നടത്തുന്നത്. തമ്പാനൂരില്നിന്നു രാവിലെ തുടങ്ങിയ ജാഥ പതിനൊന്നേകാലോടെ സെക്രട്ടേറിയേറ്റിനു മുമ്പിലെത്തി. ആക്ഷന് കൗണ്സില് ചെയര്പേഴ്സണ് കെ. അംബുജാക്ഷന് ഉദ്ഘാടനം ചെയ്തു.
ദളിതര്ക്കെതിരെ നടന്ന ഹീനമായ ക്രൂര കൃത്യത്തിനെതിരെ ദളിത് സംഘടനകള് ഒന്നിച്ചിരിക്കുകയാണെനന് അംബുജാക്ഷന് പറഞ്ഞു. കേരളത്തിലെ അടിസ്ഥാന വിഭാഗം തങ്ങള്ക്കൊപ്പമാണ്. വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കള് ഹര്ത്തല് പൊളിക്കും എന്നു പറഞ്ഞിരുന്നെങ്കിലും വ്യാപാരികള് തങ്ങള്ളോടു സഹകരിച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കള് മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം സഹകരിക്കാത്തവരെ തങ്ങള് ബഹിഷ്കരിക്കുമെന്നും അംബുജാക്ഷന് പറഞ്ഞു. പോസ്റ്റ് മോര്ട്ടം റിപ്പോര്ട്ടില്നിന്നും ഫോറെന്സിക് റിപ്പോര്ട്ടില്നിന്നും നിതിൻ്റെ മരണം കൊലപാതകമാണെന്ന് മനസിലാകും. എന്നിട്ടും ആഭ്യന്തരവകുപ്പിന് കുറ്റകാരെ പിടികൂടാനായിട്ടില്ല. ഡോ. റാം, ഡോ. സംഗീത നമ്പ്യാര്, കോളജ് പ്രിന്സിപ്പല് തുടങ്ങിയവരെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണം.
അഞ്ചരക്കണ്ടി ദന്തല് കോളജ് അടച്ച് പൂട്ടണമെന്ന് സമരക്കാര്
ജാതി വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള് രാജ്യത്തെ വിദ്യാഭ്യാസ കേന്ദ്രങ്ങളില് നടക്കുന്നുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളില് ദളിത്, ആദിവാസി, ന്യൂനപക്ഷ വിദ്യാര്ഥികള് വിവേചനം നേരിടേണ്ടിവരുന്നു. നിതിൻ്റെ കൊലപാതകത്തിൻ്റെ ഉത്തരവാദിത്വത്തില്നിന്ന് യുജിസി അടക്കമുള്ള സ്ഥാപനങ്ങള്ക്കു ഒഴിഞ്ഞുമാറാന് പറ്റില്ലെന്ന് അംബുജാക്ഷന് കുറ്റുപ്പെടുത്തി. ഈ കോളജിലെ അധ്യാപകര്ക്ക് അധ്യാപനത്തില് തുടരാന് ധാര്മികമായി അവകാശമില്ല. വിദ്യാര്ഥികള് നിറത്തിൻ്റെയും ജാതിയുടെയും പേരില് അപമാനിതരാക്കപ്പെട്ട കോളജ് അനധികൃത ഭൂമിയിലാണു പ്രവര്ത്തിക്കുന്നത്. അഞ്ചരക്കണ്ടി ദന്തല് കോളജ് എത്രയും പെട്ടെന്ന് അടച്ചുപൂട്ടണമെന്ന് അംബുജാക്ഷന് ആവശ്യപ്പെട്ടു. വെല്ഫെയര് പാര്ട്ടി ഹര്ത്താലിന് ഐക്യദാര്ഢ്യം പ്രഖ്യാപിച്ചു.
തമ്പാനൂരിലും സമരം ശക്തം
ഇന്നു രാവിലെ മുതല് ഹര്ത്താല് അനുകൂലികള് സംസ്ഥാന വ്യാപകമായി കടകള് അടപ്പിക്കുകയുപം വാഹനം തടയുകയും ചെയ്തു. തിരുവനന്തപുരം തമ്പാനൂരില് ഹര്ത്താല് അനുകൂലികള് വാഹനം തടഞ്ഞതോടെ ട്രെയിനിലെത്തിയ ദൂരയാത്രക്കാര് ദുരിത്തതിലായി. തമ്പാനൂര് കെഎസ്ആര്ടിസി ബസ് സ്റ്റാന്ഡില്നിന്നുള്ള ദീര്ഘദൂര ബസ് സര്വീസുകളടക്കം ഏറെ നേരം തടസപ്പെട്ടു.
ദേശീയപാത 66-ല് കഴക്കൂട്ടത്തു സമരാനുകൂലികള് റോഡ് ഉപരോധിച്ചതോടെ മണിക്കൂറുകളോളം യാത്രക്കാര് പെരുവഴിയിലായി. ആലപ്പുഴയില് ബലമായി കടകള് അടപ്പിക്കാന് ശ്രമിച്ച സമരാനുകൂലികളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഇതിനിടെ വ്യാപാരി വ്യസായി ഏകോപന സമിതി അംഗങ്ങളെത്തി കട തുറക്കുമെന്ന് പ്രഖ്യാപിച്ചത് ഏറെ നേരം സംഘര്ഷത്തിനും വാക്കേറ്റത്തിനും കാരണമായി.
പത്തനംത്തിട്ടയില് കെഎസ്ആര്ടിസി ബസ് സ്റ്റേഷന് ഉപരോധം
പത്തനംത്തിട്ടയില് സമരാനുകൂലികള് കെഎസ്ആര്ടിസി ബസ് സ്റ്റേഷന് ഏറെ നേരം ഉപരോധിച്ചു. ആലപ്പുഴയില് കടകളും പെട്രോള് പമ്പുകളും ബലമായി അടപ്പിച്ചു. തലവടി ഗ്രാമപഞ്ചായത്ത് ഓഫിസ് 11 മണിയോടെ സമരക്കാരെത്തി അടപ്പിച്ചു. കണ്ണൂരില് കെഎസ്ആര്ടിസി ബസുകള്ക്കു മുന്പില് കുത്തിയിരുന്ന ഹര്ത്താല് അനുകൂലികളെ പൊലീസെത്തി നീക്കി. അടിമാലി ടൗണില് ഹര്ത്താലനുകൂലികള് വാഹനങ്ങള് തടഞ്ഞു.
എന്നാല്, അല്പ്പ സമയത്തിനു ശേഷം വാഹനങ്ങള് കടന്നുപോകാന് സമരക്കാര് അനുവദിച്ചു. കാസര്കോട് പരപ്പയില് ഹര്ത്താല് അനുകൂലികള് കെഎസ്ആര്ടിസി ബസ് തടഞ്ഞു. പൊലീസ് എത്തി സമരക്കാരെ നീക്കം ചെയ്യാന് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR