Enter your Email Address to subscribe to our newsletters

Kozhikode , 28 ഏപ്രില് (H.S.)
വീട്ടുമുറ്റത്തെ കിണറ്റിൽ നിന്നും വെള്ളം കോരുന്ന കയറിൽ ശംഖുവരയൻ. മുക്കത്തിനു സമീപം കാരശ്ശേരി പഞ്ചായത്തിലെ മുരിങ്ങംപുറായിലാണ് കിണറ്റിൽ നിന്നും വെള്ളം കോരുന്ന കയറിൽ പാമ്പിനെ കണ്ടത്. ഇന്ന് രാവിലെയാണ് സംഭവം.
മുരിങ്ങംപുറായി തൂങ്ങലിലെ വീട്ടമ്മയാണ് പാമ്പിനെ കണ്ടത്. പതിവുപോലെ വെള്ളം കോരാൻ ഇവർ വീട്ടുമുറ്റത്തെ കിണറിന്റെ പരിസരത്ത് എത്തിയതായിരുന്നു. ബക്കറ്റ് എടുത്ത് കിണറ്റിലേക്ക് ഇറക്കാൻ നോക്കിയപ്പോൾ കൈകളിൽ കയർ അല്ലാത്ത മറ്റെന്തോ ഒന്ന് സ്പർശിച്ചു. നോക്കുമ്പോഴാണ് ഒരു മീറ്ററോളം നീളത്തിലുള്ള ശംഖുവരയൻ പാമ്പിനെ കയറിൽ പറ്റിപ്പിടിച്ച് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.
വീട്ടമ്മയുടെ നിലവിളി കേട്ട് പരിസരവാസികൾ ഓടിയെത്തി. പാമ്പിനെ കയറിൽ നിന്ന് മാറ്റാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഉടൻതന്നെ വീട്ടുകാർ താമരശ്ശേരി റെയിഞ്ച് ഓഫിസിൽ വിവരമറിയിച്ചു. തുടർന്ന് റെയിഞ്ച് ഓഫിസിന് കീഴിലുള്ള സ്നേക്ക് റെസ്ക്യൂ ടീമിലെ ബാബു വെള്ളങ്ങൽ സ്ഥലത്തെത്തി. ഏറെ നേരത്തെ പരിശ്രമത്തിനു ശേഷം കയറിൽ പറ്റിപ്പിടിച്ച് കിടക്കുന്ന പാമ്പിനെ പിടികൂടി.
പിടികൂടിയ പാമ്പിനെ താമരശ്ശേരി റെയിഞ്ച് ഓഫിസിലേക്ക് മാറ്റിയിട്ടുണ്ട്. തലനാരിഴക്കാണ് പാമ്പുകടി ഏൽക്കാതെ വീട്ടമ്മ രക്ഷപ്പെട്ടത്. നേരത്തെയും ഇതിന് സമാനമായ വിധത്തിൽ ഈ ഭാഗത്ത് ധാരാളം പാമ്പുകളെ കണ്ടെത്തി വനം വകുപ്പിന്റെ നേതൃത്വത്തിൽ പിടികൂടിയിട്ടുണ്ട്. കാടുപിടിച്ചു കിടക്കുന്ന പ്രദേശങ്ങൾ ധാരാളമുള്ള സ്ഥലമാണ് മുരിങ്ങംപുറായ്. അതുകൊണ്ടുതന്നെ പാമ്പുകളുടെ സാന്നിധ്യം ഏറെ കൂടുതലാണ്.
ഇന്ന് രാവിലെ കിണറിൽ നിന്നും വെള്ളം മുക്കുന്ന കയറിൽ പാമ്പിനെ കണ്ടതോടെ പ്രദേശവാസികളും വലിയ ഭീതിയിലായിട്ടുണ്ട്. ചൂട് വർധിച്ചതോടെ തണുപ്പ് തേടിയാണ് ഇത്തരം പാമ്പുകൾ ജനവാസ മേഖലയിലേക്ക് എത്തുന്നതെന്നാണ് പാമ്പ് പിടുത്തക്കാരുടെ അഭിപ്രായം. അതുകൊണ്ടുതന്നെ പരമാവധി ശ്രദ്ധ ചെലുത്തേണ്ട സമയമാണ് ഇതെന്നും വനംവകുപ്പിനെ കീഴിലുള്ള പാമ്പ് പിടുത്തക്കാർ അറിയിച്ചു.
ചൂട് കൂടിയതോടെ കേരളത്തില് പാമ്പ് ശല്യം വർധിച്ചിരിക്കുകയാണ്. പാമ്പുകടിയേറ്റ നിരവധി സംഭവങ്ങളാണ് ഇതിനോടകം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. നാലര വയസുകാരിയ്ക്ക് മൂർഖൻ പാമ്പിൻ്റെ കടിയേറ്റ വാർത്ത ഇന്നലെ കാസർകോട് നിന്ന് റിപ്പോർട്ട് ചെയ്തിരുന്നു. കളിക്കുന്നതിനിടെയാണ് കുട്ടിയെ പാമ്പ് കടിച്ചത്. കുട്ടി പരിയാരം ഗവ മെഡിക്കൽ കോളജിൽ ഐസിയുവിൽ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയോടെ ആണ് സംഭവം നടന്നത്. വീടിനോട് ചേർന്ന് മരം അടുക്കിവച്ചിട്ടുണ്ടായിരുന്നു. ഇതിന് ഇടയിലയിരുന്നു പാമ്പ്. വീട്ട് മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുമ്പോൾ കളിപ്പാട്ടം എടുക്കാൻ അവിടേക്ക് പോയപ്പോഴാണ് കടിയേറ്റത്. എളേരിത്തട്ട് കുറുവാട്ടെ ശരത്, അജിത ദമ്പതികളുടെ മകളാണ് പാമ്പുകടിയേറ്റ ഋതു ചന്ദ്ര. പാമ്പിനെ നാട്ടുകാർ തല്ലിക്കൊന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR