ആരാധനാലയങ്ങളുടെ പ്രവർത്തനത്തിന് കൃത്യമായ രീതികളും മാനദണ്ഡങ്ങളും ആവശ്യമാണെന്ന് സുപ്രീം കോടതി
Newdelhi , 28 ഏപ്രില് (H.S.) ആരാധനാലയങ്ങളുടെ പ്രവർത്തനത്തിന് കൃത്യമായ രീതികളും മാനദണ്ഡങ്ങളും ആവശ്യമാണെന്ന് സുപ്രീം കോടതി. മതസ്ഥാപനങ്ങൾ നിയന്ത്രിക്കാനുള്ള അവകാശം എന്നാൽ അവിടെ ഘടനയോ നിയമങ്ങളോ ഇല്ലാതിരിക്കുക എന്നല്ല അർത്ഥമാക്കുന്നതെന്നും കോടതി വ്യക്ത
Supreme Court


Newdelhi , 28 ഏപ്രില് (H.S.)

ആരാധനാലയങ്ങളുടെ പ്രവർത്തനത്തിന് കൃത്യമായ രീതികളും മാനദണ്ഡങ്ങളും ആവശ്യമാണെന്ന് സുപ്രീം കോടതി. മതസ്ഥാപനങ്ങൾ നിയന്ത്രിക്കാനുള്ള അവകാശം എന്നാൽ അവിടെ ഘടനയോ നിയമങ്ങളോ ഇല്ലാതിരിക്കുക എന്നല്ല അർത്ഥമാക്കുന്നതെന്നും കോടതി വ്യക്തമാക്കി. ശബരിമല ക്ഷേത്രം ഉൾപ്പെടെയുള്ള ആരാധനാലയങ്ങളിലെ യുവതി പ്രവേശനവുമായ ബന്ധപ്പെട്ട ഹർജികളും, വിവിധ മതവിഭാഗങ്ങളുടെ മതസ്വാതന്ത്ര്യത്തിൻ്റെ പരിധിയും പരിശോധിക്കുന്ന ഒമ്പതംഗ ഭരണഘടനാ ബെഞ്ചിൻ്റേതാണ് ഈ നിരീക്ഷണം.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിൽ ജസ്റ്റിസുമാരായ ബി.വി. നഗരത്ന, എം.എം. സുന്ദരേഷ്, അഹ്സാനുദ്ദീൻ അമാനുള്ള തുടങ്ങിയവർ അംഗങ്ങളാണ്. ഒരു ദർഗയായാലും ക്ഷേത്രമായാലും അവിടെ ആരാധനാക്രമങ്ങൾക്കും മറ്റും കൃത്യമായ നിയന്ത്രണങ്ങൾ വേണം. എല്ലാവർക്കും ഇഷ്ടമുള്ളത് ചെയ്യാമെന്നോ നിയന്ത്രണങ്ങളില്ലാതെ എപ്പോഴും നട തുറന്നിടണമെന്നോ പറയാനാകില്ലെന്ന് ജസ്റ്റിസ് അമാനുള്ള പറഞ്ഞു.

ആരാധനാലയങ്ങളുടെ മാനേജ്മെൻ്റിന് സംരക്ഷണം നൽകുമ്പോഴും അത് ഭരണഘടനാപരമായ പരിധികൾ ലംഘിക്കാൻ പാടില്ല. ഭരണഘടനാ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള വിവേചനങ്ങൾ അവിടെ ഉണ്ടാകാൻ പാടില്ല. ഒരു മതവിഭാഗത്തിൻ്റെ പ്രത്യേക ആചാരം അനിവാര്യമാണോ അല്ലയോ എന്ന് നിർണ്ണയിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ നിശ്ചയിക്കുക എന്നത് ജുഡീഷ്യറിക്ക് പ്രായോഗികമായി ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു.

ഹസ്രത്ത് ഖ്വാജ നിസാമുദ്ദീൻ ഔലിയയുടെ ദർഗയുമായി ബന്ധപ്പെട്ട തർക്കത്തിൽ ഹാജരായ അഡ്വക്കേറ്റ് നിസാം പാഷയുടെ വാദങ്ങൾക്കിടെയാണ് കോടതി ഈ നിരീക്ഷണങ്ങൾ നടത്തിയത്. സൂഫി വിശ്വാസപ്രകാരം വിശുദ്ധരുടെ ശവകുടീരങ്ങളോടുള്ള ആദരവും അവിടെ പിന്തുടരുന്ന ഇസ്ലാമിക ആചാരങ്ങളും അദ്ദേഹം കോടതിയിൽ വിശദീകരിച്ചു. ഹസ്രത്ത് ഖ്വാജ നിസാമുദ്ദീൻ ഔലിയയുടെ ദർഗയുമായി ബന്ധപ്പെട്ട ചിഷ്തി നിസാമി വംശപരമ്പരയിലെ പീർസാദ സയ്യിദ് അൽതമാഷ് നിസാമിക്ക് വേണ്ടി ഹാജരായ അഡ്വക്കേറ്റ് നിസാം പാഷ, ഒരു വിശുദ്ധനെ അടക്കം ചെയ്ത സ്ഥലമാണ് ദർഗ എന്ന് കോടതിയിൽ ബോധിപ്പിച്ചു.

ഇസ്ലാമിനുള്ളിൽ വിശുദ്ധരുടെ മരണാനന്തര പദവിയെക്കുറിച്ച് വ്യത്യസ്ത കാഴ്ചപ്പാടുകൾ ഉണ്ടെങ്കിലും, സൂഫി വിശ്വാസപ്രകാരം വിശുദ്ധരെ അടക്കം ചെയ്ത സ്ഥലത്തിന് വലിയ പ്രാധാന്യമുണ്ട്. ചിഷ്തിയ, ഖാദിരിയ, നക്ഷബന്ദിയ, സുഹ്റവർദിയ എന്നിങ്ങനെ പല വിഭാഗങ്ങൾ ഇന്ത്യയിലെ സൂഫി വിശ്വാസത്തിലുണ്ട്. ഈ കേസ് ചിഷ്തിയ വിഭാഗത്തെ സംബന്ധിച്ചുള്ളതാണ്. ഇതൊരു പ്രത്യേക മതവിഭാഗമാണെന്ന് ഞാൻ ബോധിപ്പിക്കുന്നു. ഹസ്രത്ത് നിസാമുദ്ദീൻ ഔലിയയുടെ അധ്യാപനങ്ങൾ പരിശോധിച്ചാൽ നോമ്പ്, നമസ്കാരം, ഹജ്ജ്, സകാത്ത് എന്നിവയ്ക്കും എല്ലാറ്റിനുമുപരി വിശ്വാസത്തിനും അദ്ദേഹം വലിയ പ്രാധാന്യം നൽകിയതായി കാണാം, പാഷ പറഞ്ഞു.

ഒരു മതസ്ഥാപനത്തിലേക്കുള്ള പ്രവേശനം നിയന്ത്രിക്കാനുള്ള അവകാശം അതിൻ്റെ മാനേജ്മെൻ്റിൻ്റെ ഭാഗമാണെന്ന് അദ്ദേഹം വാദിച്ചു. ഈ ഘട്ടത്തിലാണ് ജസ്റ്റിസ് അമാനുള്ള ഇടപെട്ടത്. നിയന്ത്രിക്കാനുള്ള ചെയ്യാനുള്ള അവകാശം എന്നാൽ നിയമങ്ങളോ ഘടനയോ ഇല്ലാതിരിക്കുക എന്നല്ല അർത്ഥമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

അവിടെ അരാജകത്വം ഉണ്ടാകാൻ പാടില്ല. ഒരു ദർഗയായാലും ക്ഷേത്രമായാലും അവിടെ ആരാധനാക്രമങ്ങൾക്കും മറ്റും കൃത്യമായ രീതികൾ വേണം. അത് നിയന്ത്രിക്കാൻ ഒരാൾ ഉണ്ടാകണം. എല്ലാവർക്കും ഇഷ്ടമുള്ളത് ചെയ്യാമെന്നോ, നിയന്ത്രണങ്ങളില്ലാതെ എപ്പോഴും നട തുറന്നിടണമെന്നോ പറയാനാകില്ല. അതിനാൽ ഏത് സമിതിയാണ് ഇത് നിയന്ത്രിക്കുന്നത് എന്നതാണ് ചോദ്യം. അവിടെയാണ് സംരക്ഷണം വരുന്നത്, കാരണം നിയന്ത്രണങ്ങൾ അനിവാര്യമാണ്. അതേസമയം, ഇത് ഭരണഘടനാപരമായ പരിധികൾ ലംഘിക്കാൻ പാടില്ല. ഭരണഘടനാ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള വിവേചനങ്ങൾ അവിടെ ഉണ്ടാകാൻ പാടില്ല, ജസ്റ്റിസ് അമാനുള്ള പറഞ്ഞു.

ഓരോ സ്ഥാപനത്തിനും അതിൻ്റേതായ നിയമങ്ങൾ വേണമെന്നും അത് ഓരോ വ്യക്തിക്കും ഇഷ്ടമുള്ളതുപോലെ തീരുമാനിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേസിലെ വാദം തുടരുകയാണ്. ഒരു മതവിഭാഗത്തിൻ്റെ പ്രത്യേക ആചാരങ്ങൾ അനിവാര്യമാണോ അല്ലയോ എന്ന് തീരുമാനിക്കാനുള്ള മാനദണ്ഡങ്ങൾ നിശ്ചയിക്കുക എന്നത് കോടതിയെ സംബന്ധിച്ചിടത്തോളം അസാധ്യമാണെന്ന് സുപ്രീം കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു.

2018 സെപ്റ്റംബറിൽ ശബരിമലയിൽ 10 നും 50 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കി സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് വിധി പുറപ്പെടുവിച്ചിരുന്നു. ഈ വിധിക്കെതിരെയുള്ള പുനഃപരിശോധനാ ഹർജികളാണ് ഇപ്പോൾ ഒമ്പതംഗ ബെഞ്ചിൻ്റെ പരിഗണനയിലുള്ളത്. കേസിലെ വാദം തുടരുകയാണ്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News