നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ഫലപ്രഖ്യാപനത്തിന് കാത്തുനിൽക്കാതെ കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം രൂക്ഷമാകുന്നു.
Ernakulam , 28 ഏപ്രില് (H.S.) നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ഫലപ്രഖ്യാപനത്തിന് കാത്തുനിൽക്കാതെ കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം രൂക്ഷമാകുന്നു. എറണാകുളം ഡിസിസി ആസ്ഥാനത്തിന് മുന്നിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ പ്രത്യക്ഷപ്പെട്ട ഫ്
V D Satheeshan


Ernakulam , 28 ഏപ്രില് (H.S.)

നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ഫലപ്രഖ്യാപനത്തിന് കാത്തുനിൽക്കാതെ കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം രൂക്ഷമാകുന്നു. എറണാകുളം ഡിസിസി ആസ്ഥാനത്തിന് മുന്നിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ പ്രത്യക്ഷപ്പെട്ട ഫ്ലക്സ് ബോർഡുകൾ പാർട്ടിയിലെ ആഭ്യന്തര കലഹം തെരുവിലേക്ക് പടരുന്നതിൻ്റെ സൂചനയായി മാറിയിരിക്കുകയാണ്.

'കോൺഗ്രസ് ഫാമിലി' എന്ന പേരിലാണ് സതീശനെ കടന്നാക്രമിച്ചുകൊണ്ടുള്ള ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. പിആർ വർക്കിൻ്റെ ബലത്തിൽ രമേശ് ചെന്നിത്തലയെപ്പോലുള്ള മുതിർന്ന നേതാക്കളെ താറടിച്ച് മുഖ്യമന്ത്രിയാകാനുള്ള മോഹം നടക്കില്ലെന്നാണ് ഫ്ലക്സിലെ പ്രധാന ആരോപണം. തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ പാർട്ടിക്കുള്ളിൽ പുകഞ്ഞ് കൊണ്ടിരുന്ന ഗ്രൂപ്പ് പോര് ഇതോടെ പരസ്യമായ തർക്കത്തിലേക്കും വാക്പോരിലേക്കും വഴിമാറിയിരിക്കുകയാണ്.

ഷിയാസിൻ്റെ പ്രസ്താവനയും വിവാദവും

തെരഞ്ഞെടുപ്പ് കഴിഞ്ഞതിൻ്റെ തൊട്ടുപിറ്റേദിവസം തന്നെ മുഖ്യമന്ത്രി എറണാകുളം ജില്ലയിൽ നിന്നാകണമെന്ന് ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വിഡി സതീശനുമായി അടുത്ത ബന്ധം പുലർത്തുന്ന ഷിയാസിൻ്റെ ഈ പ്രസ്താവന സതീശനെ ലക്ഷ്യം വച്ചുള്ളതാണെന്ന് അന്ന് തന്നെ ആക്ഷേപമുയർന്നു. ഇതിനെതിരെ സോഷ്യൽ മീഡിയയിലടക്കം വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഉയർന്നത്. മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് പാർട്ടി ഹൈക്കമാൻഡ് ആണെന്നിരിക്കെ, താഴെത്തട്ടിലുള്ള ഇത്തരം പരസ്യ പ്രസ്താവനകൾ അച്ചടക്ക ലംഘനമാണെന്ന് മുതിർന്ന നേതാക്കളും ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം എറണാകുളത്തെ മുതിർന്ന കോൺഗ്രസ് നേതാവ് അജയ് തറയിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെസി വേണുഗോപാലിനെ പിന്തുണച്ച് പരസ്യമായി രംഗത്തു വന്നിരുന്നു.

തുടരുന്ന പോസ്റ്റർ യുദ്ധം

കഴിഞ്ഞ ദിവസം ആലുവയിൽ ‘യുഡിഎഫ് ജയിക്കും, സതീശൻ നയിക്കും’ എന്ന തലവാചകത്തോടെ കൂറ്റൻ ബോർഡ് സ്ഥാപിക്കപ്പെട്ടത് വലിയ ചർച്ചയായിരുന്നു. ഇതിന് മറുപടിയെന്നോണമാണ് ഇപ്പോൾ ഡിസിസി ഓഫിസിന് മുന്നിൽ സതീശനെതിരെ പുതിയ ബോർഡുകൾ ഉയർന്നത്. കെപിസിസി നേതൃത്വം മുഖ്യമന്ത്രി ചർച്ചകൾക്ക് കർശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും വിഡി സതീശൻ, രമേശ് ചെന്നിത്തല, കെസി വേണുഗോപാൽ എന്നിവരുടെ അണികൾ തമ്മിലുള്ള പോര് സോഷ്യൽ മീഡിയയിൽ നിന്ന് ഇപ്പോൾ തെരുവിലേക്ക് എത്തിയ കാഴ്ചയാണ് കാണുന്നത്.

യുഡിഎഫ് അധികാരം പിടിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് പ്രവർത്തകർ എങ്കിലും, നേതാക്കൾക്കിടയിലെ ഈ അധികാര വടംവലി തിരിച്ചടിയാകുമോ എന്ന ആശങ്കയും മുന്നണിക്കുള്ളിലുണ്ട്. പരസ്യമായ വാക്പോരും സോഷ്യൽ മീഡിയയിലെ സൈബർ ആക്രമണങ്ങളും അവസാനിപ്പിക്കാൻ നേതൃത്വം ശ്രമിക്കുമ്പോഴും, താഴെത്തട്ടിൽ ചേരിതിരിവ് ശക്തമാണ്. ഫലപ്രഖ്യാപനത്തിന് മുമ്പേ തുടങ്ങിയ ഈ ഗ്രൂപ്പ് കളി വരും ദിവസങ്ങളിൽ കെപിസിസിക്ക് വലിയ തലവേദനയാകുമെന്ന് ഉറപ്പാണ്.

സംഭവത്തിൽ ഡിസിസി നേതൃത്വം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാൽ, പാർട്ടി ഓഫിസിന് മുന്നിൽ തന്നെ ഇത്തരമൊരു ബോർഡ് വന്നത് ഗൗരവകരമായ അച്ചടക്ക ലംഘനമായിട്ടാണ് ഒരു വിഭാഗം നേതാക്കൾ കാണുന്നത്. ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News