മലപ്പുറം കരുവാരക്കുണ്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു.
Malappuram , 28 ഏപ്രില് (H.S.) കരുവാരക്കുണ്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു. മാമ്പറ്റ തരിശ്മുളൻപാറ ചിറ്റങ്ങാടൻ ജംഷീർ (40) ആണ് മരിച്ചത്. അതേസമയം ജംഷീറിൻ്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് വനംവകുപ്പ് രംഗത്തെത്തി. കരുവാരക്കുണ്ട് കൽക്കണ്
Wild


Malappuram , 28 ഏപ്രില് (H.S.)

കരുവാരക്കുണ്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു. മാമ്പറ്റ തരിശ്മുളൻപാറ ചിറ്റങ്ങാടൻ ജംഷീർ (40) ആണ് മരിച്ചത്. അതേസമയം ജംഷീറിൻ്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് വനംവകുപ്പ് രംഗത്തെത്തി.

കരുവാരക്കുണ്ട് കൽക്കണ്ട് പ്രദേശത്താണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പുലർച്ചെ വനാതിർത്തിയോട് ചേർന്നുള്ള റബർ തോട്ടത്തിൽ ടാപ്പിങ്ങിനിടെ കാട്ടാന ആക്രമിച്ചു എന്നാണ് ആദ്യം പുറത്തുവന്ന വിവരം. കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റെന്ന് ജംഷീർ തന്നെയാണ് ഫോണിലൂടെ സുഹൃത്തുക്കളെ അറിയിച്ചത്. തുടർന്ന് സുഹൃത്തുക്കൾ ഉടൻ സ്ഥലത്തെത്തി ഇയാളെ കരുവാരക്കുണ്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പരിക്ക് അങ്ങേയറ്റം ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് ജീവൻ നഷ്ടമായത്. കാട്ടാനയുടെ ആക്രമണത്തിൽ ജംഷീറിൻ്റെ നെഞ്ചിൽ ആഴത്തിൽ പരിക്കേറ്റിരുന്നു. നെഞ്ചിലേറ്റ ക്ഷതത്തെ തുടർന്ന് ആന്തരിക അവയവങ്ങൾക്കും കൈകാലുകൾക്കും ഗുരുതരമായ പരിക്കേറ്റതായാണ് ആശുപത്രി അധികൃതർ നൽകിയ പ്രാഥമിക വിവരം. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നടപടികൾ പൂർത്തിയാക്കി പിന്നീട് മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യും.

ദുരൂഹതയുണ്ടെന്ന് വനംവകുപ്പ്

അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം ആരംഭിച്ചതായി വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ജംഷീർ ടാപ്പിങ് തൊഴിലാളിയല്ലെന്ന് നിലമ്പൂർ ഡിഎഫ്ഒ ധനിക് ലാൽ മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി. അപകടം നടന്നത് സാധാരണയായി ടാപ്പിങ് നടക്കുന്ന പ്രദേശത്തല്ല. സംഭവസമയത്ത് ജംഷീറിനൊപ്പം മറ്റു രണ്ടുപേർ കൂടി ഉണ്ടായിരുന്നു. ഇവരെക്കുറിച്ച് നിലവിൽ കൃത്യമായ വിവരങ്ങൾ ലഭ്യമല്ല. അതീവ ദുർഘടമായ വനാതിർത്തിയിൽ ഇവർ അതിരാവിലെ എന്തിന് പോയെന്നതിലും വനംവകുപ്പ് അന്വേഷണം ഊർജിതമാക്കി.

അപകടമുണ്ടായത് സ്വകാര്യ വ്യക്തിയുടെ ഭൂമിയിലാണോ വനഭൂമിയിലാണോ എന്ന് ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്. ഒപ്പമുണ്ടായിരുന്ന രണ്ടുപേരെ കണ്ടെത്തി ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ എന്നും ഡിഎഫ്ഒ വിശദീകരിച്ചു. കാട്ടാന ആക്രമിച്ചു എന്ന വാദം വനംവകുപ്പ് പൂർണമായും തള്ളിയിട്ടില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണത്തിൽ വ്യക്തത വരികയുള്ളൂ. നിലവിൽ പൊലീസും മേഖലയിൽ സമാന്തരമായി അന്വേഷണം നടത്തുന്നുണ്ട്.

നാട്ടുകാരുടെ പ്രതിഷേധം

ജംഷീർ ടാപ്പിങ് തൊഴിലാളി തന്നെയാണ് എന്നാണ് നാട്ടുകാർ ആവർത്തിച്ചുപറയുന്നത്. മരണവിവരം അറിഞ്ഞ് ആശുപത്രിയിലെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരോട് നാട്ടുകാർ ശക്തമായി പ്രതിഷേധിച്ചു. സംഭവസ്ഥലം സംബന്ധിച്ചും കാട്ടാനയുടെ ആക്രമണവുമായി ബന്ധപ്പെട്ടും വനംവകുപ്പ് ഉദ്യോഗസ്ഥർ സംശയം ഉന്നയിച്ചതാണ് നാട്ടുകാരുടെ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയത്. വന്യമൃഗശല്യം അതിരൂക്ഷമായ പ്രദേശമാണ് കൽക്കണ്ട്. വനമേഖലയോട് ചേർന്ന് കിടക്കുന്ന ജനവാസ കേന്ദ്രങ്ങളിലും കൃഷിയിടങ്ങളിലും കാട്ടാനയും പുലിയും കടുവയും അടക്കമുള്ള വന്യമൃഗങ്ങൾ ഇറങ്ങുന്നത് പതിവാണ്.

നിരന്തരമായി ഉണ്ടാകുന്ന ഇത്തരം സംഭവങ്ങൾ പ്രദേശവാസികൾക്കിടയിൽ വലിയ ഭീതിക്കും പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്. കാട്ടാന ശല്യം ശാശ്വതമായി പരിഹരിക്കാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം. പ്രദേശത്തെ ജനങ്ങളുടെ ജീവന് നിരന്തരം ഭീഷണിയാകുന്ന വന്യമൃഗങ്ങളെ വനത്തിലേക്ക് തിരികെ കയറ്റാൻ അടിയന്തര നടപടി സ്വീകരിക്കണം.

ജനങ്ങളുടെ ജീവനും സ്വത്തിനും ആവശ്യമായ സംരക്ഷണം നൽകാൻ അധികൃതർ തയാറാകണമെന്നും അവർ ആവശ്യപ്പെട്ടു. വന്യമൃഗശല്യത്തിൽ ശാശ്വത പരിഹാരം ഉണ്ടാകുന്നത് വരെ ശക്തമായ പ്രതിഷേധം തുടരാനാണ് നാട്ടുകാരുടെ തീരുമാനം. പുലർച്ചെ തൊഴിലാളികൾക്ക് ജോലിക്ക് പോകാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ഇത് ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News