Enter your Email Address to subscribe to our newsletters

Idukki, 28 ഏപ്രില്‍ (H.S.)
നെടുങ്കണ്ടം (ഇടുക്കി): നെടുങ്കണ്ടത്തെ ഇരട്ടക്കൊലപാതകത്തില്‍ കുറ്റസമ്മതം നടത്തി പ്രതി സജി. അമ്മയേയും സഹോജരനേയും കൊന്ന് കുഴിച്ചിട്ടതായി സജി പോലീസിനോട് പറഞ്ഞു. ചോദ്യം ചെയ്യലിലാണ് പ്രതി ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ന് രാവിലെയാണ് സജിയെ പോലീസ് അറസ്റ്റ് ചെയ്തത്. സജിയുടെ മാതാവ് മേരിക്കുട്ടിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍നിന്ന് രണ്ട് മൃതദേഹാവശിഷ്ടങ്ങള്‍ തിങ്കളാഴ്ച കണ്ടെടുത്തിരുന്നു. ഇത് മേരിക്കുട്ടിയുടെയും മറ്റൊരു മകനായ റെജിയുടേതുമാണെന്നാണ് സംശയം.
ഈ വീട്ടില്‍ താമസിച്ചിരുന്നവരും കാണാതായതായി പരാതി ലഭിച്ചതുമായ പച്ചടി പൊന്‍തിട്ടയില്‍ മേരിക്കുട്ടി (70), മകന്‍ റെജി (54) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത് എന്നാണ് സംശയിക്കുന്നത്. കേസിലെ പ്രധാന പ്രതിയായി പോലീസ് സംശയിച്ചിരുന്ന സജി വീട്ടില്‍ പരിശോധനയ്ക്കെത്തിയ പോലീസിനെ കണ്ട് ഓടിപ്പോവുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ക്കുവേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. വീടിനുസമീപത്തെ പറമ്പില്‍നിന്നാണ് ഇന്ന് സജി പിടിയിലായത്. കഴിഞ്ഞ ദിവസം ഇവരുടെ വീടിനടുത്തുള്ള ഒരു പോലീസ് ഉദ്യോഗസ്ഥന്‍ സജിയുമായി സംസാരിച്ച് നില്‍ക്കുന്നതിനിടെയാണ് അന്വേഷണത്തിനായി മറ്റ് ഉദ്യോഗസ്ഥര്‍ അങ്ങോട്ട് എത്തിയത്. പിന്നാലെ സജി ഇവിടെനിന്നും ഓടിരക്ഷപ്പെടുകയായിരുന്നു.
സ്ഥലത്ത് പോലീസ് നായയെ എത്തിച്ച് നടത്തിയ അന്വേഷണത്തില്‍ പറമ്പിന്റെ പരിസരത്തുനിന്ന് തന്നെ സജിയുടെ ബാഗ് കണ്ടെത്തിയിരുന്നു. ഇന്ന് രാവിലെ മുതല്‍ വിവിധ സംഘങ്ങളായി തിരിഞ്ഞ് പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഡ്രോണും പോലീസ് നായകളെയും ഉപയോഗിച്ചാണ് അന്വേഷണം നടത്തിവന്നത്. സമീപത്തെ ഏലത്തോട്ടത്തില്‍ ഇയാള്‍ ഉണ്ടാകുമെന്നായിരുന്നു പോലീസിന്റെ നിഗമനം.
തിങ്കളാഴ്ച രാവിലെ ഇവരുടെ വീടിന് സമീപത്തെ പറമ്പില്‍ ഒരു പുരുഷന്റെ കാലിന്റെ ഭാഗം മണ്ണിനടിയില്‍നിന്ന് പുറത്തേക്കുനില്‍ക്കുന്നത് നാട്ടുകാരാണ് കണ്ടത്. ഉടനെ പോലീസില്‍ അറിയിച്ചു. തുടര്‍ന്ന് ഫൊറന്‍സിക് സംഘത്തിന്റെ നേതൃത്വത്തില്‍ മണ്ണുമാറ്റി പരിശോധന തുടങ്ങി. ഉച്ചയ്ക്ക് 1.45-ഓടെ ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. മൃതദേഹങ്ങള്‍ ഒരേകുഴിയില്‍ ആയിരുന്നു. വേഗം ജീര്‍ണിക്കുന്നതിനും ദുര്‍ഗന്ധം പുറത്തേക്ക് വരാതിരിക്കുന്നതിനുമായി കുഴിയില്‍ കുമ്മായം വിതറിയിരുന്നു.
ഒരു സ്ത്രീയുടെയും പുരുഷന്റേതുമാണ് മൃതദേഹം. അഴുകിയനിലയിലായിരുന്നു. എന്നാല്‍, പോസ്റ്റുമോര്‍ട്ടത്തിനും ശാസ്ത്രീയ പരിശോധനകള്‍ക്കുംശേഷമേ സ്ഥിരീകരിക്കാനാകൂ എന്ന് ഇടുക്കി എസ്.പി. സാബുമാത്യു പറഞ്ഞു. മേരിക്കുട്ടിയെയും റെജിയെയും കാണാനില്ലെന്ന് കാട്ടി മേരിക്കുട്ടിയുടെ മകള്‍ സിനി ഞായറാഴ്ച പോലീസില്‍ പരാതി നല്‍കിയിരുന്നു.
---------------
Hindusthan Samachar / Sreejith S