Enter your Email Address to subscribe to our newsletters

Newdelhi , 28 ഏപ്രില് (H.S.)
ന്യൂഡൽഹി: കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും തർക്കങ്ങളും പുതിയ തലത്തിലേക്ക്. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അപ്രതീക്ഷിതമായി ഡൽഹിയിലെത്തിയത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായി കൂടിക്കാഴ്ച നടത്താനാണ് ചെന്നിത്തലയുടെ നീക്കം.
തിങ്കളാഴ്ച വൈകീട്ടോടെയാണ് അദ്ദേഹം തിരുവനന്തപുരത്ത് നിന്ന് ഡൽഹിയിലെത്തിയത്. ഔദ്യോഗികമായി മഹാരാഷ്ട്രയിലെ ഡിസിസി അധ്യക്ഷന്മാരുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകൾക്കാണ് അദ്ദേഹം എത്തിയതെന്ന് വിശദീകരിക്കുമ്പോഴും, കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം കൂടി ചർച്ചയാകുമെന്നാണ് സൂചന. വോട്ടെണ്ണലിന് മുൻപ് തന്നെ മുഖ്യമന്ത്രി പദത്തിനായി ഗ്രൂപ്പ് പോര് മുറുകുന്നതിനിടെയാണ് ഈ ഡൽഹി സന്ദർശനം എന്നത് ഏറെ ശ്രദ്ധേയമാണ്.
വി.ഡി. സതീശനെതിരെ പോസ്റ്റർ യുദ്ധം
തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപ് തന്നെ കോൺഗ്രസ് ഗ്രൂപ്പുകൾ സജീവമായതിന്റെ തെളിവായി എറണാകുളം ഡിസിസി ഓഫീസിന് മുന്നിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകൾ മാറി. നിലവിലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ കടുത്ത ഭാഷയിലുള്ള പോസ്റ്ററുകളാണ് 'ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഫാമിലി' എന്ന പേരിൽ പ്രത്യക്ഷപ്പെട്ടത്.
സതീശൻ പി.ആർ. വർക്ക് അവസാനിപ്പിക്കണമെന്നും, മുതിർന്ന നേതാവായ രമേശ് ചെന്നിത്തലയെ താറടിച്ച് മുഖ്യമന്ത്രിയാകാമെന്ന വ്യാമോഹം നടക്കില്ലെന്നും പോസ്റ്ററുകൾ കുറ്റപ്പെടുത്തുന്നു. പി.ആർ. ഏജൻസികളുടെ ബലത്തിൽ നേതാവാകാൻ ശ്രമിക്കുന്നത് കോൺഗ്രസ് സംസ്കാരമല്ലെന്നും പോസ്റ്ററുകളിൽ പറയുന്നു. ഹൈക്കമാൻഡ് ആണ് മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടതെന്ന ഓർമ്മപ്പെടുത്തലും ഇതിലുണ്ട്.
ഹൈക്കമാൻഡ് നിലപാട് നിർണായകം
അതേസമയം, ഡൽഹിയിൽ തുടരുന്ന രമേശ് ചെന്നിത്തല രാഹുൽ ഗാന്ധിയുമായും കൂടിക്കാഴ്ചയ്ക്ക് ശ്രമിക്കുന്നുണ്ട്. എന്നാൽ രാഹുൽ ഗാന്ധി നിലവിൽ ആൻഡമാനിലായതിനാൽ ഖർഗെയുമായി മാത്രമാകും ചർച്ചകൾ നടക്കുക. തിരഞ്ഞെടുപ്പ് ഫലം അനുകൂലമായാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് രമേശ് ചെന്നിത്തല, വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ എന്നിവരുടെ പേരുകളാണ് സജീവമായി ഉയർന്നു കേൾക്കുന്നത്.
നേരത്തെ സോഷ്യൽ മീഡിയയിൽ ഓരോ നേതാക്കൾക്കുമായി നടന്ന പ്രചാരണങ്ങളെ കെപിസിസി നേതൃത്വം വിലക്കിയിരുന്നു. വോട്ടെണ്ണലിന് മുൻപ് ഇത്തരം വിവാദങ്ങൾ അനാവശ്യമാണെന്നും യുഡിഎഫ് വിജയിച്ചാൽ ഹൈക്കമാൻഡ് ഉചിതമായ തീരുമാനം എടുക്കുമെന്നും ചെന്നിത്തല തന്നെ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. എന്നാൽ, ഡൽഹിയിലെ ഈ സന്ദർശനം മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള കരുനീക്കങ്ങളുടെ ഭാഗമാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
മേയ് നാലിനാണ് വോട്ടെണ്ണൽ നടക്കുന്നത്. യുഡിഎഫ് അധികാരത്തിൽ വരുമെന്ന ഉറച്ച വിശ്വാസത്തിലാണ് നേതാക്കളെല്ലാം. എക്സിറ്റ് പോൾ ഫലങ്ങളും മറ്റ് രാഷ്ട്രീയ സാഹചര്യങ്ങളും അനുകൂലമെന്ന് വിശ്വസിക്കുന്ന കോൺഗ്രസ് ക്യാമ്പിൽ, ഫലം വരുന്നതോടെ അധികാര വടംവലി രൂക്ഷമാകാനാണ് സാധ്യത.
---------------
Hindusthan Samachar / Roshith K