രണ്ടാം പിണറായി സർക്കാർ ഭരണം അവസാനിക്കുമ്പോൾ കെട്ടിക്കിടക്കുന്നത് അഞ്ച് ലക്ഷത്തോളം ഫയലുകൾ
Thiruvananthapuram , 29 ഏപ്രില് (H.S.) ഓരോ ഫയലും ഓരോ ജീവിതമായി കണ്ട് തീർപ്പാക്കണമെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ്റെ പത്തുവർഷ കാലത്തെ ഭരണം അവസാനിക്കുമ്പോൾ വിവിധ വകുപ്പുകളിലായി ഇതുവരെ തീർപ്പാകാതെ കിടക്കുന്നത് അഞ്ച് ലക്ഷത്തോളം ഫയലുകൾ. രണ്ടുതവണ
Pinarayi Vijayan


Thiruvananthapuram , 29 ഏപ്രില് (H.S.)

ഓരോ ഫയലും ഓരോ ജീവിതമായി കണ്ട് തീർപ്പാക്കണമെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ്റെ പത്തുവർഷ കാലത്തെ ഭരണം അവസാനിക്കുമ്പോൾ വിവിധ വകുപ്പുകളിലായി ഇതുവരെ തീർപ്പാകാതെ കിടക്കുന്നത് അഞ്ച് ലക്ഷത്തോളം ഫയലുകൾ. രണ്ടുതവണയായി നടത്തിയ ഫയൽ അദാലത്തുകൾക്കു ശേഷവും തീർപ്പാകാത്ത ഫയലുകളാണിവ. 12,43,634 ഫയലുകൾ കെട്ടിക്കിടന്നതിൽ കഴിഞ്ഞ ജൂലൈ ഒന്നുമുതൽ ഓഗസ്റ്റ് 31 വരെ നടത്തിയ അദാലത്തിനു ശേഷം ബാക്കിയുള്ളത് 5,13,791 ഫയലുകളാണ്.

റവന്യൂ, ക്ഷീരവികസന വകുപ്പുകളിലാണ് ഏറ്റവും കൂടുതൽ ഫയലുകൾ കെട്ടിക്കിടക്കുന്നത്. ഫയലുകൾ അടിയന്തരമായി തീർപ്പാക്കണമെന്ന ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പിൻ്റെ നവംബറിലെ നിർദേശം നടപ്പിലാക്കാത്തതിനെ തുടർന്നാണ് വിവിധ വകുപ്പുകളിലായി ഇത്രയേറെ ഫയലുകൾ കെട്ടിക്കിടക്കുന്നത്. അദാലത്തിനു ശേഷവും ബാക്കിയായ ഫയലുകൾ തീർപ്പാക്കാൻ സർക്കാർ നിർദേശം നൽകിയിരുന്നു. എന്നാൽ, ഉദ്യോഗസ്ഥർ തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളുടെ തിരക്കിലേക്ക് കടന്നതോടെ ഫയൽ നീക്കം നിലച്ചു. അദാലത്തിനു മുൻപും ശേഷവും വിവിധ വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തിൽ ചീഫ് സെക്രട്ടറി ഫയൽ നീക്കം അവലോകനം ചെയ്തിരുന്നു.

കഴിഞ്ഞ ഡിസംബറിനുശേഷം അത് യോഗത്തിലെ വെറുമൊരു അജണ്ടയായി മാത്രം മാറി. ഫയൽ തീർപ്പാക്കൽ വിവരങ്ങൾ അറിയിക്കാൻ രൂപീകരിച്ച പോർട്ടലും കൃത്യമായി പ്രവർത്തിക്കാത്ത അവസ്ഥയിലാണ്. ചുരുക്കം ചില വകുപ്പുകൾ മാത്രമാണു പോർട്ടലിൽ കൃത്യമായ വിവരങ്ങൾ നൽകിയത്. സെക്രട്ടറിയേറ്റ് വകുപ്പുകളിലും ഡയറക്ടറേറ്റുകളിലും വകുപ്പ് അധ്യക്ഷരുടെ പ്രതിമാസ അവലോകനത്തിലും ഫയൽ നീക്കം മാസങ്ങളായി ഗൗരവമായി ചർച്ച ചെയ്യുന്നില്ല. മൂന്നുമാസം കൂടുമ്പോൾ ഫയൽ തീർപ്പാക്കൽ പുരോഗതി അവലോകനം ചെയ്യാൻ തീരുമാനിച്ചിരുന്നെങ്കിലും പല വകുപ്പുകളും ഇതിനും പ്രാധാന്യം നൽകിയുള്ള യോഗങ്ങൾ കൂടിയിട്ടില്ല.

ഒന്നാം പിണറായി സർക്കാർ അധികാരത്തിലേറിയ ശേഷം 2016ൽ സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് 'ഓരോ ഫയലും ഓരോ ജീവിതമാണെന്ന്' മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. മുന്നിലെത്തുന്ന ഫയലുകളിൽ നിശ്ചിത സമയത്തിനുള്ളിൽ തീരുമാനമെടുക്കണം. ജീവനക്കാർ അർപ്പണബോധത്തോടെയാണ് പെരുമാറേണ്ടത്. ഫയലുകളിൽ ജീവനക്കാർ എഴുതുന്ന കുറിപ്പുകളാണ് പരാതിക്കാരുടെ തുടർ ജീവിതം തീരുമാനിക്കുന്നതെന്നും പിണറായി അഭിപ്രായപ്പെട്ടിരുന്നു.

അതിനുശേഷം 2021ൽ അധികാരത്തിലേറിയ രണ്ടാം പിണറായി സർക്കാരിൻ്റെ ഭരണകാലത്തും ഫയൽ നീക്കം മന്ദഗതിയിലായതോടെ അദാലത്തുകൾ നടത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ആദ്യഘട്ടത്തിൽ വകുപ്പ് സെക്രട്ടറി, ഡയറക്ടർ, സ്ഥാപന മേധാവികൾ എന്നിവർ ജീവനക്കാരുടെ യോഗം വിളിച്ച് അദാലത്തിൻ്റെ പ്രാധാന്യവും ലക്ഷ്യവും വിശദീകരിച്ചു. അദാലത്തുമായി ബന്ധപ്പെട്ട് അധിക നിർദേശങ്ങൾ ആവശ്യമെങ്കിൽ ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിമാരും നൽകണമെന്നായിരുന്നു മന്ത്രിസഭാ യോഗത്തിൻ്റെ നിർദേശം.

സെക്രട്ടേറിയേറ്റിലെ സിപിഎം അനുകൂല സംഘടന സ്വന്തം നിലയിൽ പ്രഖ്യാപിച്ച ഫയൽ അദാലത്ത് വിവാദമായതിനു പിന്നാലെയാണ് അദാലത്തുമായി സർക്കാർ രംഗത്തുവന്നത്. കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ പ്രഖ്യാപിച്ച ഫയൽ അദാലത്ത് സെക്രട്ടേറിയറ്റിലെ ഇതര സംഘടനകളായ കേരള സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിലും സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘവും എതിർത്തതോടെ ഉപേക്ഷിച്ചിരുന്നു. സെക്രട്ടേറിയറ്റിൽ 2021 മുതൽ കെട്ടിക്കിടക്കുന്ന ഫയലുകളുടെ എണ്ണമെടുക്കാനുള്ള സിപിഎം സംഘടനയുടെ ശ്രമം രാഷ്ട്രീയ താൽപര്യം വച്ച് ഫയൽ വിവരങ്ങൾ ശേഖരിക്കാനുള്ള നീക്കമായാണ് മറ്റു സംഘടനകൾ കണ്ടത്.

മന്ത്രിസഭാ യോഗത്തിൻ്റെ നിർദേശ പ്രകാരം സർക്കാർ നേതൃത്വത്തിൽ രണ്ടാം പിണറായി സർക്കാരിൻ്റെ കാലത്ത് രണ്ട് ഫയൽ അദാലത്തുകളാണ് നടത്തിയത്. 2022- 2023 ൽ രണ്ടുഘട്ടമായി നടത്തിയ അദാലത്തിൽ, 17,45,294 ഫയലുകളിൽ 7,89,623 എണ്ണം ബാക്കിയായി. തുടർന്ന് 2025ൽ രണ്ടാമത്തെ അദാലത്ത് നടത്തി. അതിൽ 12.43,634 ഫയലുകളാണ് പരിഗണിച്ചത്. അദാലത്തിനു ശേഷം 5,13,791 ഫയലുകൾ ബാക്കിയായി. സർക്കാരിൻെ്റ പ്രഖ്യാപനങ്ങളും പ്രവൃത്തിയും രണ്ടാണെന്ന് എൻജിഒ അസോസിയേഷൻ പ്രസിഡൻ്റ് എഎം ജാഫർഖാൻ പറഞ്ഞു.

ഫയൽ നീക്കത്തിൽ ഉദ്യോഗസ്ഥതലത്തിൽ ഒട്ടേറെ പരിമിതികളുണ്ട്. അന്തിമ തീരുമാനം സർക്കാരാണ് കൈക്കൊള്ളേണ്ടത്. രാഷ്ട്രീയ തീരുമാനം വൈകുന്നതാണ് പ്രധാന പ്രശ്നമെന്നും ജാഫർഖാൻ അഭിപ്രായപ്പെട്ടു. അടിയന്തര പരാതികൾ പരിഹരിക്കപ്പെടുന്നുണ്ടെങ്കിലും പ്രശ്ന പരിഹാരത്തിന് കുടുതൽ സമയം ആവശ്യമായ പരാതികളാണ് കെട്ടിക്കിടക്കുന്നതെന്ന് എൻജിഒ യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് എം എ അജിത്കുമാർ പറഞ്ഞു. ദീർഘകാലമായി പരിഹരിക്കപ്പെടാതെ കിടക്കുന്ന പ്രശ്നങ്ങൾക്ക് നയപരമായ തീരുമാനം ആവശ്യമാണ്. അതിലുള്ള കാലതാമസം മാത്രമാണ് ഇപ്പോഴുള്ളതെന്നും അജിത്കുമാർ പറഞ്ഞു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News