Enter your Email Address to subscribe to our newsletters

Kochi , 29 ഏപ്രില് (H.S.)
അർജുന്റെ ഓർമ്മയിൽ റോബോട്ട് മുതൽ വിരൽത്തുമ്പിലെ മരുന്നുകാലം വരെ,വിസ്മയക്കാഴ്ചകളുമായി ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബുകൾ ഇനി ഹയർ സെക്കൻഡറി - അപ്പർ പ്രൈമറി തലങ്ങളിലേക്കും
പാഠപുസ്തകത്തിലെ അറിവുകളെ സമൂഹത്തിന്റെ കണ്ണീരൊപ്പുന്ന കണ്ടുപിടുത്തങ്ങളാക്കി മാറ്റി കുട്ടിശാസ്ത്രജ്ഞർ. ഷിരൂരിലെ മണ്ണിൽ പൊലിഞ്ഞ അർജുന്റെ ഓർമ്മകൾക്ക് സാങ്കേതിക വിദ്യയിലൂടെ ജീവൻ നൽകിയും, നിത്യജീവിതത്തിലെ പ്രതിസന്ധികൾക്ക് കുട്ടിത്തമുള്ള പരിഹാരങ്ങൾ കണ്ടെത്തിയും ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ക്യാമ്പ് വിസ്മയമാവുകയാണ്.
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംഘടിപ്പിക്കുന്ന ലിറ്റിൽ കൈറ്റ്സ് ദ്വിദിന സംസ്ഥാന ക്യാമ്പിന് കളമശ്ശേരി സ്റ്റാർട്ടപ്പ് വില്ലേജിൽ തുടക്കമായി. കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
നിലവിൽ ഹൈസ്കൂൾ തലത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ വരും വർഷങ്ങളിൽ അപ്പർ പ്രൈമറി, ഹയർ സെക്കൻഡറി തലങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന് ഉദ്ഘാടന ചടങ്ങിൽ അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ ഐ.ടി മേഖലയ്ക്ക് പുത്തൻ പ്രതീക്ഷകൾ നൽകുന്ന ക്യാമ്പിൽ, നിത്യജീവിതത്തിലെ പ്രതിസന്ധികൾക്കും വൻ ദുരന്തങ്ങൾക്കും ക്രിയാത്മകമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിനോടൊപ്പം സാങ്കേതിക വിദ്യയുടെ വിസ്മയലോകം കൂടി തുറന്നു കാട്ടുകയാണ് വിദ്യാർത്ഥികൾ. പ്രോഗ്രാമിംഗ്, റോബോട്ടിക്സ്, ആനിമേഷൻ എന്നീ മേഖലകളിൽ കുട്ടികൾ കൈവരിച്ച അതിശയകരമായ പുരോഗതി വിളിച്ചോതുന്നതായിരുന്നു ക്യാമ്പിലെ ആദ്യ ദിവസത്തെ പ്രദർശനം. നിത്യജീവിതത്തിലെ വെല്ലുവിളികൾക്കും വലിയ ദുരന്തങ്ങൾക്കും പരിഹാരം കാണുന്ന നൂതനമായ നിരവധി പ്രോജക്റ്റുകളാണ് പ്രദർശനത്തിലെ പ്രധാന ആകർഷണം.
ഷിരൂരിലെ മണ്ണിടിച്ചിലിൽ ജീവൻ നഷ്ടപ്പെട്ട അർജുന്റെ ഓർമ്മയ്ക്കായി മലപ്പുറത്തെ കുട്ടികൾ വികസിപ്പിച്ച 'റോബോ-അർജുൻ' എന്ന അണ്ടർവാട്ടർ സബ്മറൈൻ , മനുഷ്യർക്ക് കടന്നുചെല്ലാൻ പ്രയാസമുള്ള ടണലുകളിൽ പരിശോധന നടത്തുന്ന 'ടണൽ റോബോ-എക്സ്' , അപകടങ്ങൾ മുൻകൂട്ടി പ്രവചിക്കുന്ന 'ആക്സിഡന്റ് പ്രെഡിക്ഷൻ സിസ്റ്റം' തുടങ്ങിയവ കുട്ടികളുടെ സാമൂഹിക പ്രതിബദ്ധതയെ കൂടി വെളിപ്പെടുത്തുന്നവയാണ്. കാഴ്ച പരിമിതിയുള്ളവർക്ക് സഞ്ചാരപഥത്തിലെ തടസ്സങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്ന 'സോണാർ പൾസ്' , സംസാരശേഷി ഇല്ലാത്തവർക്കായി ആംഗ്യഭാഷയെ ശബ്ദ രൂപത്തിലേക്ക് മാറ്റുന്ന 'വി-ഗ്ലൗസ്' എന്നിവ ഭിന്നശേഷിക്കാർക്ക് വലിയ പിന്തുണയേകുന്ന ചുവടുവെപ്പുകളാണ്.
പ്രായമായവർക്ക് മലയാളത്തിൽ സംസാരിച്ച് നിർദേശങ്ങൾ നൽകുന്ന 'കെയർ ബോട്ട്', ലോകത്തിന്റെ ഏതു ഭാഗത്തിരുന്നും മരുന്ന് നൽകുന്നത് നിയന്ത്രിക്കാവുന്ന 'സ്മാർട്ട് പിൽ ഡിസ്പെൻസർ', ആംബുലൻസുകൾക്ക് ട്രാഫിക് തടസ്സമില്ലാതെ വേഗത്തിൽ ആശുപത്രിയിലെത്താൻ സഹായിക്കുന്ന 'മെഡി റഷ്' ആപ്ലിക്കേഷൻ, ജലാശയങ്ങളിലെ മൈക്രോ പ്ലാസ്റ്റിക് നീക്കം ചെയ്യുന്ന പ്യൂരിഫയർ തുടങ്ങിയവ ആരോഗ്യ-കാർഷിക മേഖലകളുമായി ബന്ധപ്പെട്ടാണ്. സ്വയം തെങ്ങിൽ കയറി തേങ്ങ പറിക്കുന്ന 'കൊക്കോറോയ്ഡ്' റോബോട്ടും കുടിവെള്ള പൈപ്പുകളിലെ ലീക്ക് കണ്ടെത്തി അറിയിക്കുന്ന സംവിധാനവും പ്രദർശനത്തിലുണ്ട്.
യുദ്ധം വരുത്തിവയ്ക്കുന്ന ദുരന്തം മുതൽ അവയവദാനം, പഹൽഗാം ഭീകരാക്രമണം, താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക്, ചൂരൽമല ദുരന്തം, മയക്കുമരുന്നിനെതിരെയുള്ള ബോധവൽക്കരണം, വനസംരക്ഷണം, ആർട്ടെമീസ് 2 ചാന്ദ്രദൗത്യം, ഭാവിയിലെ ഭൂമി തുടങ്ങിയ വൈവിധ്യങ്ങളായ തീമുകൾ അടങ്ങുന്ന അൻപതോളം ആനിമേഷൻ സിനിമകൾ ക്യാമ്പിൽ കുട്ടികൾ അവതരിപ്പിച്ചു.
സംസ്ഥാനത്തെ 2248 ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിലെ 78,336 കുട്ടികളിൽ നിന്ന് സബ് ജില്ലാ തലത്തിൽ 14,804 കുട്ടികളും തുടർന്ന് 1253 കുട്ടികൾ ജില്ലാ തലത്തിലും ക്യാമ്പുകളിൽ പങ്കെടുത്തിരുന്നു. ജില്ലാ ക്യാമ്പുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 204 വിദ്യാർത്ഥികളാണ് സംസ്ഥാനതല ക്യാമ്പിൽ പങ്കെടുക്കുന്നത്.
ക്യാമ്പിന്റെ ഭാഗമായി നടക്കുന്ന സെമിനാറുകളിൽ സിംഗപ്പൂർ നാഷണൽ യൂണിവേഴ്സിറ്റിയിലെ ഡോ. പ്രഹ്ലാദ് വടക്കേപ്പാട്ട് , സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ അനൂപ് അംബിക, പ്രൊഫഷണൽ ആനിമേറ്റർ ഫെലിക്സ് ദേവസ്സ്യ, മീഡിയ കൺസൾട്ടന്റ് സുനിൽ പ്രഭാകർ തുടങ്ങിയവർ കുട്ടികളുമായി സംവദിക്കും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR